ഡിസംബര്‍ 2 അര്‍ദ്ധരാത്രി 12 മണി മുതലാണ് മരക്കാറിന്റെ ഫാന്‍സ് ഷോകള്‍ പ്രദര്‍ശിപ്പിച്ച് തുടങ്ങിയത്. മൂന്ന് മണിക്കൂറോളം ദൈര്‍ഘ്യമുള്ള ആ സിനിമ കണ്ടിറങ്ങിയതിനു പിന്നാലെ സോഷ്യല്‍മീഡിയയില്‍ മുമ്പെങ്ങും കണ്ടിട്ടില്ലാത്തവിധം എണ്ണമറ്റ നെഗറ്റീവ് കമന്റുകളുടെയും ട്രോളുകളുടെയും പ്രവാഹമാണുണ്ടായത്. സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരുടെ അഭിപ്രായങ്ങളടങ്ങിയ വീഡിയോകളും പല സോഷ്യല്‍ സൈറ്റുകളിലും പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ഒരേസമയം ഇത്രയേറെ ആക്രമണം നടന്നതാണ് മരക്കാറിനെതിരെ വ്യാപകമായ ഡിഗ്രേഡിംഗ് നടന്നുവെന്ന് സംശയിക്കാന്‍ അതിന്റെ പ്രവര്‍ത്തകരെ പ്രേരിപ്പിച്ചതും.
സാധാരണഗതിയില്‍ ഫാന്‍ ഷോകളില്‍ ആദ്യമെത്തുക ലാലിന്റെ കടുത്ത ആരാധകര്‍ തന്നെയായിരിക്കും. അതിനി എത്ര മോശപ്പെട്ട സിനിമയാണെങ്കില്കൂടിയും ആരാധകര്‍ തങ്ങളുടെ താരത്തെ ഇത്രമാത്രം ഇടിച്ചുതാഴ്ത്തുന്ന തരത്തിലുള്ള കമന്റുകള്‍ രേഖപ്പെടുത്താറില്ല. പക്ഷേ പ്രേക്ഷകപ്രതികരണങ്ങള്‍ എന്ന് പറഞ്ഞിറങ്ങിയ പല വീഡിയോകളിലും കേട്ടാലറയ്ക്കുന്ന പദപ്രയോഗങ്ങള്‍ നടത്തിയതാണ് മരക്കാറിന്റെ അണിയറപ്രവര്‍ത്തകരെ സംശയദൃഷ്ടിയോടെ നോക്കിക്കാണാന്‍ പ്രേരിപ്പിച്ചത്.
ഇത്തരം നെഗറ്റീവ് കമന്റുകളും ട്രോളുകളും ചില ഫാന്‍സ് ക്ലബ്ബുകള്‍ ബോധപൂര്‍വ്വം പടച്ചുവിട്ടതാണെന്ന് അവര്‍ സംശയിക്കുന്നു. അതിനുള്ള തെളിവുകളും മരക്കാര്‍ ക്യാമ്പ് പുറത്തുവിടുന്നുണ്ട്.
അതിലൊരു സന്ദേശത്തില്‍ ഇങ്ങനെ പറയുന്നു, ‘മരക്കാര്‍ 90 ശതമാനവും തീയേറ്ററുകളില്‍നിന്ന് നീക്കം ചെയ്യാതെ ട്രോള്‍ നിര്‍ത്തരുത്. ഇപ്പോഴുള്ള ഡിസാസ്റ്റര്‍ ലേബല്‍ അതേപോലെ പോകണം. ന്യൂട്രല്‍ ഗ്രൂപ്പില്‍ പരമാവധി വീഡിയോ ഇടുക.’
ചില താരങ്ങളുടെ പേരിലെന്ന വ്യാജേന ഫാന്‍സ് ക്ലബ്ബുകള്‍ പടച്ചുവിടുന്ന മെസ്സേജുകളും വോയ്സ് ക്ലിപ്പുകളുമാണ് മരക്കാര്‍ ക്യാമ്പ് ശേഖരിച്ചുകൊണ്ടിരിക്കുന്നത്. മരക്കാറിനെ ഡിഗ്രേഡ് ചെയ്യാന്‍ ബോധപൂര്‍വ്വം ശ്രമം നടക്കുന്നുവെന്നും അവര്‍ ആരോപിക്കുന്നതിന് പിന്നിലുള്ള പ്രധാന കാരണവും ഇതാണ്.
മുമ്പ് ഒടിയന് റിലീസ് ചെയ്തപ്പോഴും ഇതുപോലെ ശക്തമായ ഡിഗ്രേഡിംഗ് നടന്നിരുന്നുവെന്നും അവര്‍ ചൂണ്ടി കാട്ടുന്നു. യുവതാരങ്ങളില്‍ ശ്രദ്ധേയനായ ടൊവിനോ തോമസിനെതിരെ അടുത്ത കാലത്തുണ്ടായ ശക്തമായ സൈബര്‍ ആക്രമണങ്ങള്‍ക്കും സമാനമായ സ്വഭാവമാണ് ഉള്ളത്. ഇതിനുപിന്നിലും ശക്തമായ ഫാന്‍സ് ലോബികളാണെന്ന് അന്നും ആരോപണം ഉയർന്നിരുന്നു. അവരുടെ ആരോപണങ്ങളെ കൂടുതല്‍ ദൃഢപ്പെടുത്തുന്നതാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന തെളിവുകളും.
സിനിമയെ തള്ളാനും കൊള്ളാനുമുള്ള എല്ലാ അവകാശങ്ങളും ഏതൊരു പ്രേക്ഷകനും ഉണ്ട്. എന്നുകരുതി കരുതിക്കൂട്ടിയുള്ള ആക്രമണം ഏതുഭാഗത്തുനിന്നുണ്ടായാലും അതിനെ ഒരുതരത്തിലും ന്യായീകരിക്കാനാവില്ല. അത് സിനിമാവ്യവസായത്തോട് ചെയ്യുന്ന കൊടും പാതകമാണ്. കോടികള്‍ മുടക്കി സിനിമ നിര്‍മ്മിക്കുന്ന നിര്‍മ്മാതാവിന് മാത്രമാണ് അതിന്റെ സാമ്പത്തിക നഷ്ടമെങ്കിലും ഒരു പടി കൂടി കടന്ന് ഓരോ ചിത്രങ്ങള്‍ക്ക് പിന്നിലും അഹോരാത്രം കഷ്ടപ്പെട്ട താരങ്ങളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും മറ്റനേകം വിഭാഗങ്ങളുടെയും അത്യദ്ധ്വാനത്തെയും വിസ്മരിച്ചുകൂടാ.
Recent Comments