സ്ത്രീ സുരക്ഷയെ ആസ്പദമാക്കി നടത്തിയ ഷീ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിന്റെ അവാര്‍ഡ് ദാനം ഡിസംബര്‍ 5 ന് തിരുവനന്തപുരത്ത് നടക്കും. കവടിയാര്‍ ഉദയ പാലസ് കണ്വന്ഷന് സെന്ററില്‍ വൈകിട്ട് 5.30 നടക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രിമാരായ എല്‍ മുരുകന്, രാജീവ് ചന്ദ്രശേഖര്‍, സുരേഷ് ഗോപി എംപി, നടന് ടൊവിനോ തോമസ്, നടി കീര്‍ത്തി സുരേഷ് എന്നിവര്‍ പ്രത്യേക അതിഥികളായി പങ്കെടുക്കും. മണിയന്‍പിള്ള രാജു, നടിമാരായ അംബിക, രാധ, മേനക സുരേഷ്, ജലജ, ചിപ്പി രഞ്ജിത്ത്, ഫിലിം ചേംമ്പര്‍ പ്രസിഡന്റ് ജി. സുരേഷ്കുമാര്‍, ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രസിഡന്റ് എം രഞ്ജിത്ത്, സെക്രട്ടറി ബി രാകേഷ്, ടെലിവിഷന്‍ ഫെര്‍ട്ടേണിറ്റി ചെയര്മാന് ജി ജയകുമാര്‍, സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബര്‍ എക്സിക്യൂട്ടീവ് അംഗം സന്ദീപ് സേനന് തുടങ്ങിയവരും പങ്കെടുക്കും.
രാമ കള്‍ച്ചറല്‍ സെന്റര്‍ നടത്തിയ ഷീ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ ശരത് സുന്ദര്‍ സംവിധാനം ചെയ്ത ‘കരുവാരിയിന്‍ കനവുകള്‍’ ക്കാണ് ഒന്നാം സമ്മാനം. അനൂപ് നാരായണന് സംവിധാനം ചെയ്ത ഡീറ്റൊക്സ്, ജൊബ് മാസ്റ്റര്‍ സംവിധാനം ചെയ്ത ഛാത്ര എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
ശരത് സുന്ദര്‍ തന്നെയാണ് മികച്ച സംവിധായകനും. മികച്ച നടനായി ഡോ. ആനന്ദ് ശങ്കറും(ഡീറ്റൊക്സ്) നടിയായി ശിവാനി മേനോനും (കരുവാരിയിന്‍ കനവുകള്‍) തെരഞ്ഞെടുക്കപ്പെട്ടു. സംവിധായകന് പ്രിയദര്‍ശനാണ് വിജയികളെ പ്രഖ്യാപിച്ചത്. മികച്ച ഉള്ളടക്കത്തിുള്ള സമ്മാനം ശ്രേയസ് എസ്.ആര്. സംവിധാനം ചെയ്ത ഋതുയഗ്നയാണ്. മികച്ച ചിത്രസംയോജകനുള്ള അവാര്‍ഡ് മില്‍ജോ ജോണിയും (അവര്‍), ഛായാഗ്രാഹകനുള്ള പുരസ്കാരം സല്മാന് ഫാരിസും (അവര്‍) സ്വന്തമാക്കി.
സ്പെഷ്യല്‍ മെന്‍ഷന്‍ അവാര്‍ഡിന് ഉദയന്‍ പുഞ്ചക്കരി (യെല്ലോ ബട്ടണ്‍), എം എസ് ധ്വനി( ഉറവ), ഐശ്വര്യ അനില്‍കുമാര്‍( കരുവാരിയിന്‍ കനവുകള്‍), മധുരിമ മുരളി (ഒരിടത്തൊരു പെണ് ആണ്‍കുട്ടി), ശിവന് എസ് സംഗീത് (തുണ), വര്‍ഷ പ്രമോദ് (ബാല), ബിജുദാസ് (ദേവി), രാജശേഖരന് നായര്‍(വോയര്‍), സുനീഷ് നീണ്ടൂര്‍(വോയര്‍) എന്നിവരും അര്‍ഹരായി.
പരമാവധി 10 മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള ചിത്രങ്ങളാണ് അവാര്‍ഡിനായി പരിഗണിച്ചത്. 150 ല്‍ പരം ചിത്രങ്ങളില്‍ നിന്നാണ് വിജയികളെ തിരഞ്ഞെടുത്തത്. മേനക, ജലജ, എം ആര് ഗോപകുമാര്‍, വിജി തമ്പി, കിരീടം ഉണ്ണി, തുളസിദാസ്, വേണു നായര്‍, രാധാകൃഷ്ണന്, കലാധരന്‍, ഗിരിജസേതുനാഥ് എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്.
Recent Comments