ഒരു ചിത്രശലഭത്തിന്റെ ക്ഷണികജന്മവുമായി നമ്മുടെ ഇടയിലേക്ക് പ്രസരിപ്പോടെ കടന്നുവരികയും ഒരഭിശപ്ത നിമിഷത്തില്‍ അനന്തതയിലേക്ക് ചിറകടിച്ചു പറന്നുപോവുകയും ചെയ്ത മോനിഷ നോവുണര്‍ത്തുന്ന ഓര്‍മ്മയാണ്. കാലത്തിന്റെ കൈകള്‍ക്ക് ആ മുറിവുണക്കാന്‍ ശേഷിയില്ല. മോനിഷയെ കുറിച്ചുള്ള ഓര്‍മ്മകള്‍ മരിക്കുകയുമില്ല. ഗ്രാമത്തിന്റെ ശാലീനതയോടെ നഗരത്തില്‍ വളര്‍ന്ന മോനിഷ വളരെ ചെറുപ്പത്തില്‍ തന്നെ കാലില്‍ ചിലങ്കയണിഞ്ഞു. കലയുടെ വിനീതാരാധികയായ ആ കുരുന്നുപെണ്കുട്ടിയുടെ താളനിബദ്ധമായ ഓരോ ചുവടുവെപ്പിലും പ്രതിഭയുടെ മിന്നലാട്ടം തെളിഞ്ഞുകണ്ടിരുന്നു.
പതിനാലാം വയസില്‍ ചലച്ചിത്രനടിയായ മോനിഷ ഒറ്റച്ചിത്രം കൊണ്ടുതന്നെ ഭാരതത്തിന്റെ ഉര്‍വശിയുമായി. നഖക്ഷതങ്ങളിലെ നിസ്സഹായയായ കൊച്ചുനായികയുടെ വിങ്ങിപ്പൊട്ടല്‍ ഉള്ളിലിപ്പോഴും നീറ്റലുളവാക്കുന്നു. സിനിമയുടെ തിരക്കിനോടൊപ്പം പഠിത്തം പൂര്‍ത്തിയാക്കാനുള്ള കഠിന യത്നം കൂടിയായപ്പോള്‍ നൃത്തത്തില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തുവാന്‍ മോനിഷയ്ക്ക് കഴിയാതെവന്നു. അതിലവള് അതീവ ദുഃഖിതയുമായിരുന്നു. നര്‍ത്തകിയും കലാകാരിയുമായ അമ്മ ശ്രീദേവിയുടെ ദൃഢ നിശ്ചയമൊന്നുകൊണ്ടു മാത്രമാണ് നൃത്തത്തിലും അഭിനയത്തിലും മോനിഷ നേട്ടങ്ങളുടെ പടികളോരോന്നായി ചവിട്ടിക്കയറിയത്. മോനിഷ കുട്ടിയായിരുന്നപ്പോള്‍ അമ്മയും മകളും പല വേദികളിലും ഒന്നിച്ചു നൃത്തം ചെയ്തിട്ടുണ്ട്. മോഹിനിയാട്ടത്തോടായിരുന്നു ഇരുവര്‍ക്കും അഭിനിവേശം. ആ നടനകലയില്‍ തങ്ങളുടേതായ സംഭാവനകള്‍ നല്കാന് അവരിരുവരും ആഗ്രഹിച്ചു. അതിനുളള ഒരുക്കപ്പാടുകള്ക്കിടയിലാണ് രംഗബോധമില്ലാത്ത കോമാളി മോനിഷയെ തട്ടിയെടുത്ത് കടന്നുകളഞ്ഞത്.
തിരുവനന്തപുരത്തുനിന്ന് കൊച്ചി വിമാനത്താവളത്തിലേക്ക് പോകുമ്പോള്‍ ചേര്‍ത്തലയ്ക്ക് അടുത്തുവെച്ച് കാര്‍ റോഡ് ഡിവൈഡറില്‍ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. പുലര്‍ച്ചെയായിരുന്നു സംഭവം. ബാംഗ്ലൂരില്‍ സ്ഥിരതാമസമാക്കിയ കോഴിക്കോട് സ്വദേശിയായ ഉണ്ണിയേട്ടന്റെയും ശ്രീദേവിച്ചേച്ചിയുടെയും മകളായ മോനിഷയെ ഒരു നൃത്തപരിപാടിയില്‍ വച്ചാണ് ആദ്യം കാണുന്നതും പരിചയപ്പെടുന്നതും. പിന്നീട് എംടി -ഹരിഹരന് ടീമിന്റെ നഖക്ഷതങ്ങളിലൂടെ ഭാരതത്തിന്റെ ഉര്‍വ്വശിയായി ആ പതിനാലുകാരി മാറിയപ്പോള്‍ പരിചയം സൗഹൃദമായി മാറി. അഭിമുഖം, ഫോട്ടോസെഷന്, സൗഹൃദ സന്ദര്‍ശനം – അങ്ങനെ പല തവണ ഇന്ദിരാനഗറിലുള്ള മോനിഷയുടെ വീട്ടില്‍ ഞാനെത്തിയിരുന്നു. ഒരു മാധ്യമപ്രവര്ത്തകന് എന്നതിലുപരി കുടുംബസുഹൃത്തായിട്ടാണ് മോനിഷയും കുടുംബവും എന്നെ കണ്ടിരുന്നത്. അഭിനയിക്കുന്ന പുതിയ സിനിമകളെപ്പറ്റിയുള്ള വിവരങ്ങള്‍, സെറ്റിലെ വിശേഷങ്ങള്‍ – എല്ലാം മോനിഷ അപ്പപ്പോള്‍ അറിയിച്ചുകൊണ്ടിരുന്നു. ഒരു കലാകാരി എന്ന നിലയിലുള്ള മോനിഷയുടെ വളര്‍ച്ചയില്‍ അഭിമാനവും സന്തോഷവും തോന്നിയ നാളുകളായിരുന്നു അത്.
മോനിഷ മരിക്കുന്നതിന് കുറച്ചുദിവസം മുമ്പും അവരെ കണ്ടിരുന്നു. ബാംഗ്ലൂരില്‍ ജാലഹള്ളിയിലുള്ള ഫാത്തിമ ചര്‍ച്ച് ഹാളില്‍ വെച്ച്. യശ്വന്തപുരം കേരളസമാജത്തിന്റെ വാര്‍ഷികാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനെത്തിയതായിരുന്നു. ദൂരെനിന്ന് കണ്ടതും കൈവീശി ചിരിച്ചുകൊണ്ട് അടുത്തേക്കുവന്നു. വിശേഷങ്ങള്‍ തിരക്കി.
ഒരാഴ്ച കഴിഞ്ഞ് മോനിഷയെ വീണ്ടും ഫോണില്‍ വിളിച്ചു. പുതിയ സിനിമയിലെ കഥാപാത്രത്തിന്റെ പ്രത്യേകതകളെപറ്റി ചോദിച്ചപ്പോള്‍ വാചാലയായി. ചിരിയും തമാശകളുമായി സംഭാഷണം നീണ്ടു. ഇടയ്ക്ക് പളുങ്കുമണികള്‍ വീണുചിതറുന്നതു പോലെ പൊട്ടിച്ചിരിച്ചു.
പോസ്റ്റുമോര്‍ട്ടത്തിനുശേഷം മോനിഷയുടെ മൃതദേഹം ബാംഗ്ലൂരിലേയ്ക്കാണ് കൊണ്ടുവന്നത്. രാവിലെ എട്ടുമണിയോടെ ഇന്ദിരാനഗറിലെ വസതിക്ക് മുമ്പിലെത്തിയപ്പോള്‍ ആ പ്രദേശമാകെ വിതുമ്പിക്കരഞ്ഞു. നാലുദിവസം മുമ്പ് മോനിഷ ആ വീട്ടില്‍നിന്നും അമ്മയോടൊപ്പം ചിരിച്ചുകൊണ്ട് ഇറങ്ങിപ്പോവുന്നത് കണ്ടിരുന്ന അയല്‍വാസികള്‍ ചേതനയറ്റ ആ ശരീരം അകത്തേക്ക് എടുക്കുന്നതു കണ്ട് പൊട്ടിക്കരഞ്ഞു. എന്നും എപ്പോഴും മോനിഷയുടെ കൂട്ടിനുണ്ടായിരുന്ന അമ്മ ശ്രീദേവി പൊന്നുമോളുടെ ജഡം ഏറ്റുവാങ്ങാന്‍ ആ വീട്ടിലുണ്ടായിരുന്നില്ലല്ലോ. മോനിഷയുടെ വിലപ്പെട്ട ജീവന് കവര്‍ന്നെടുത്ത ക്രൂരനായ വിധി അവരെയും കണക്കറ്റ് പ്രഹരിച്ചിരുന്നു. ദുരന്തവര്ത്തയറിഞ്ഞ് ആയിരക്കണക്കിനാളുകള്‍ മോനിഷയുടെ വീടിനുമുമ്പില്‍ തടിച്ചുകൂടിയിരുന്നു. ക്രമേണ അത് മനുഷ്യമഹാസമുദ്രമായി മാറി. മോഹന്‍ലാല്‍, എംടി, ഹരിഹരന്, സുരേഷ് ഗോപി, വിനീത്, സിബി മലയില്‍ തുടങ്ങി സിനിമാരംഗത്തെ ഒട്ടുമിക്ക പ്രമുഖരും അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു. എറണാകുളത്തുനിന്നും വിമാനത്തില്‍ ബംഗ്ലൂരിലേക്ക് കൊണ്ടുവന്ന ശ്രീദേവിയെ സ്ടെക്ച്ചറില്‍ കയറ്റി വീട്ടിലെത്തിച്ചത് പന്ത്രണ്ടു മണിയോടെയാണ്. മനസ്സും ശരീരവും തളര്‍ന്ന ശ്രീദേവിയ്ക്ക് ഏകമകളുടെ മൃതദേഹം കാണിച്ചുകൊടുത്തത് ഹൃദയഭേദകമായ രംഗമായിരുന്നു. വീട്ടിനകത്തും പുറത്തും തടിച്ചുകൂടിയവര്‍ കണ്ണീര് വാര്‍ക്കുന്നുണ്ടായിരുന്നു. സര്‍ക്കാര്‍ ബഹുമതികളോടെ കല്‍പ്പള്ളി വൈദ്യുതി ശ്മശാനത്തിലാണ് സംസ്കാരം നടന്നത്. നിമിഷങ്ങള്‍ക്കകം മലയാളികളുടെ പ്രിയങ്കരിയായ പൂമ്പാറ്റ ഒരുപിടി ചാരമായി.
വര്‍ഷങ്ങള്‍ കടന്നുപോയിരിക്കുന്നു. മോനിഷയുടെ അകാലവിയോഗവും അപകടത്തില്‍ ഉണ്ടായ പരിക്കും ഏല്‍പ്പിച്ച ആഘാതത്താല്‍ മനസ്സും ശരീരവും തളര്‍ന്നുപോയിരുന്ന ശ്രീദേവി ചേച്ചി മാസങ്ങളോളം രോഗശയ്യയിലായിരുന്നു. രണ്ടു വര്‍ഷം നീണ്ട ചികിത്സയ്ക്കു ശേഷമാണ് ആരോഗ്യം വീണ്ടുകിട്ടിയത്. ആധ്യാത്മികതയില്‍ ലയിച്ച് മനസ്സുറപ്പും അവര്‍ നേടി. മോനിഷ ആര്‍ട്സ് എന്ന നൃത്തസംഘം രൂപീകരിച്ച് കുട്ടികളെ മോഹിനിയാട്ടം അഭ്യസിപ്പിച്ചു. മോഹിനിയാട്ടത്തില്‍ പുതിയ വകഭേദങ്ങള്‍ ചിട്ടപ്പെടുത്തി സ്വന്തമായി വേദിയില്‍ അവതരിപ്പിച്ചു. അത്തരം പരീക്ഷണങ്ങള്‍ മോനിഷയുടെ സ്വപ്നമായിരുന്നു. മോനിഷ ശാരീരികമായി അപ്രത്യക്ഷയായെങ്കിലും അവളുടെ ആത്മാവ് തന്നില്‍ അലിഞ്ഞുചേര്ന്നിട്ടുണ്ടെന്ന ഉറച്ച വിശ്വാസത്തോടെയാണ് ശ്രീദേവിചേച്ചി കാലില്‍ ചിലങ്കയണിയുന്നത്. നൃത്തപരിപാടികള്‍ സംഘടിപ്പിക്കുന്നത്. സിനിമകളില്‍ അഭിനയിക്കുന്നത്. മഹാഭാരതത്തിലെ ഗാന്ധാരീവിലാപം നൃത്തശില്പമായി രംഗത്തവതരിപ്പിച്ചിരുന്നു. നൃത്തലോകത്ത് അവര്‍ പുതിയ പുതിയ പരീക്ഷണങ്ങള്‍ നടത്തികൊണ്ടേയിരിക്കുന്നു. എല്ലാം മോനിഷയുടെ ഓര്‍മ്മയ്ക്കായി… അഥവാ മോനിഷയായി തന്നെ.
വര്‍ഷങ്ങള്‍ 29 കടന്നുപോയിരിക്കുന്നു… ഡിസംബര്‍ 5 വീണ്ടും വന്നെത്തി. മോനിഷയുടെ സദാ മന്ദസ്മിതം വിരിയുന്ന നിഷ്കളങ്ക മുഖം എന്റെ മനസ്സിലുണ്ട്. ചിരിയും തമാശയും കലര്‍ന്ന വാക്കുകളുടെ കിലുക്കം കാതുകളിലും…
-വിഷ്ണുമംഗലം കുമാര്‍
Recent Comments