മരക്കാറിനൊപ്പമായിരുന്നു കഴിഞ്ഞ കുറേ ദിവസങ്ങളിലായി മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും. മരക്കാര്‍ വാര്‍ത്തകള്‍ക്ക് പിന്നാലെയുള്ള ഓട്ടത്തിനിടെ ചില നല്ല വാര്‍ത്തകളും തമസ്ക്കരിക്കപ്പെട്ടുപോവുകയായിരുന്നു. അതിലൊന്നായിരുന്നു പ്രശസ്ത നൃത്തസംവിധായിക ലളിത ഷോഫിയുടെ അവാര്‍ഡ് സമര്‍പ്പണം.
ഏറ്റവും മികച്ച കോറിയോഗ്രാഫര്‍ക്കുള്ള കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന പുരസ്ക്കാരം സ്വന്തമാക്കിയത് ലളിത ഷോഫിയായിരുന്നു. സൂഫിയും സുജാതയിലെ നൃത്തരംഗങ്ങള്‍ ചിട്ടപ്പെടുത്തിയതിനായിരുന്നു അവാര്‍ഡ്. മുഖ്യമന്ത്രിയുടെ കൈയില്‍നിന്ന് പുരസ്കാരം ഏറ്റുവാങ്ങിയതിനുപിന്നാലെ ലളിത കൊച്ചിയിലെത്തി. ആ വരവിന് പിന്നില്‍ അവര്‍ക്ക് വ്യക്തമായ ലക്ഷ്യമുണ്ടായിരുന്നു.
തന്റെ സ്വപ്നതുല്യമായ ഈ നേട്ടത്തിന് സാക്ഷിയാകേണ്ട ഒരാള്‍ ചിത്രത്തിന്റെ സംവിധായകന് ഷാനവാസ് നരണിപ്പുഴയായിരുന്നു. പക്ഷേ അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പില്ല. പകരം ആ ഓര്‍മ്മകളില്‍ ഇന്നും ജീവിക്കുന്ന അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് ഈ അവാര്‍ഡ് സമര്‍പ്പിക്കണം.
ആഗ്രഹം അറിയിച്ചപ്പോള്‍ ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്ട്രോളര് കൂടിയായ ഷിബു ജി. സുശീലന് ഷാനവാസിന്റെ ഭാര്യയെ വിളിച്ച് കാര്യം പറഞ്ഞു. അവര്‍ സമ്മതം അറിയിച്ചു. എറണാകുളം പ്രസ്സ് ക്ലബ്ബ് പുരസ്കാര സമര്പ്പണവേദിയായി. പറഞ്ഞതിലും നേരത്തെ ഷാനവാസിന്റെ ഭാര്യ അസൂ ഷാനവാസും ഏക മകന് ആദം ഷാനവാസും എത്തി.
തനിക്ക് കിട്ടിയ പുരസ്കാരം ലളിത അസുവിന് സമ്മാനിച്ചു. പിന്നീട് അസുവില്നിന്ന് അതവര് ഏറ്റുവാങ്ങുകയും ചെയ്തു.
‘നമുക്കറിയാത്ത ഒരു ലോകത്തിരുന്ന് ഷാനവാസ് സാര്‍ ഈ കാഴ്ചകള്‍ കാണുന്നുണ്ടാവും. ഞങ്ങളെ അനുഗ്രഹിക്കുന്നുണ്ടാവും’ ഷോഫി പറഞ്ഞു.
അവാര്‍ഡ് നേട്ടങ്ങളില്‍ കണ്ണ് മഞ്ഞളിച്ച് പോകുന്നവര്‍ക്കിടയില്‍ ഇത്തരം ചില വെള്ളിനക്ഷത്രങ്ങള്‍ കാലത്തിന്റെ വഴികാട്ടികളാണ്.
പ്രശസ്ത കോറിയോഗ്രാഫര്‍ ഷോഫി പോള്‍രാജിന്റെ ഭാര്യകൂടിയാണ് ലളിത. ശാന്തിമാസ്റ്ററുടെ കീഴില്‍ അസിസ്റ്റന്റായിട്ടായിരുന്നു ലളിതയുടെ തുടക്കം. പിന്നീട് പ്രഭുദേവ, രാജു സുന്ദരം, ചിന്നി പ്രകാശ് എന്നിവര്‍ക്കൊപ്പവും വര്‍ക്ക് ചെയ്തു.
രാജമൗലിയുടെ മര്യാദരാമനിലൂടെയാണ് സ്വതന്ത്ര നൃത്തസംവിധായികയാകുന്നത്. പിന്നീട് നിരവധി തമിഴ്, തെലുങ്ക്, മലയാള ചിത്രങ്ങള്‍ക്കുവേണ്ടി കോറിയോഗ്രാഫി ചെയ്തു. കമല്‍ഹാസന്റെ ഉത്തമ വില്ലന്‍, വിജയ് യുടെ ബിഗില്‍ വിക്രത്തിന്റെ കടാരംകൊണ്ടാന്‍ എന്നീ ചിത്രങ്ങളുടെ നൃത്തസംവിധായികയും ലളിതയാണ്. മല്ലുസിംഗും ഹാപ്പി സര്‍ദാറും സൂഫിയും സുജാതയുമാണ് ലളിത നൃത്തസംവിധാനം ഒരുക്കിയിട്ടുള്ള മലയാളചിത്രങ്ങള്‍.
Recent Comments