കാലത്ത് 10 മണിയോടുകൂടിയാണ് ഹരീഷ് ശിവരാമകൃഷ്ണന് ഗുരുവായൂരിലെത്തിത്. കുടുംബ സമേതനായിട്ടായിരുന്നു വരവ്. അതിരാവിലെതന്നെ ഗുരുവായൂരപ്പനെ കണ്ടുതൊഴുത് അനുഗ്രഹം വാങ്ങി.
രണ്ട് വര്‍ഷമായി ഹരീഷ് അച്ഛനമ്മമാരെ നേരില്‍ കണ്ടിട്ട്. കോവിഡിന്റെ സംഹാരതാണ്ഡവത്തില്‍ പുറത്തിറങ്ങാന്‍ കഴിയാതെ, ബാംഗ്ലൂരിലെ ഫ്ളാറ്റിലിരുന്ന് ജോലിയോടൊപ്പം സംഗീതമെന്ന ഓട്ടുവിളക്കിനെ കൂടുതല്‍ തേച്ചുമിനുക്കാനാണ് ഈ സമയമെല്ലാം ചെലവിട്ടത്. ഇക്കാലയളവില്‍ നിരവധി പരിപാടികള്‍ നഷ്ടമായെങ്കിലും ചെമ്പൈ സംഗീതോത്സവത്തില്‍ ഭഗവാനു മുന്നില്‍ പാടാന്‍ അവസരമുണ്ടായത് വലിയ ഭാഗ്യമാണെന്ന് ഹരീഷ് പറഞ്ഞു.
സിനിമാപിന്നണി ഗായകനെന്ന നിലയിലല്ല ഹരീഷ് പ്രശസ്തനായത്. ബാബുക്കയും, ജോണ്സണ് മാഷും, രവീന്ദ്രന് മാഷും തീര്‍ത്ത അനശ്വര ഗാനങ്ങള്‍ക്ക് തന്റേതായ സ്വരവിന്യാസങ്ങള്കൊണ്ട് അന്വര്ത്ഥമാക്കിയപ്പോള് പ്രേക്ഷകലക്ഷങ്ങള്‍ ഹരീഷിനെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തുകയായിരുന്നു.
ദുബായ് വ്യവസായി പാലക്കാട് രവി മേനോന് നിര്‍മ്മിച്ച്, പ്രശസ്ത സംവിധായകന് ശരത് ഗുരുവായൂര്‍ ദേവസ്വത്തിനു വേണ്ടി തയ്യാറാക്കിയ ഡോക്യുമെന്ററിയില്‍ മംഗളസ്തോത്രമാല ആലപിച്ചിരിക്കുന്നത് ഹരീഷ് ശിവരാമകൃഷ്ണനാണ്. ഗോപിസുന്ദറാണ് ഈ ഡോക്യുമെന്ററിയുടെ സംഗീതസംവിധായകന്. അഗമെന്ന സംഗീത ബാന്റുമായി കേരളത്തിനകത്തും പുറത്തുമായി ഹരീഷ് നിരവധി പ്രോഗ്രാമുകള്‍ നടത്തിവരുന്നു. കഠിന പരിശ്രമങ്ങളിലൂടെ വളര്‍ന്ന കലാകാരനാണ് താന്‍ എന്ന് പറയുമ്പോഴും നിഷ്കളങ്കമായ ആ മുഖത്ത് പുഞ്ചിരിയുടെ നുണകുഴികള്‍ വിരിഞ്ഞു.
വൈകിട്ട് 7 മണിക്ക് ഹരീഷ് പാടാന്‍ വരുമ്പോള്‍ തന്നെ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയം നിറഞ്ഞിരുന്നു. സാഗവരം അരുള്‍വായ് എന്ന സുബ്രമണ്യ ഭാരതിയാര്‍ കൃതികളോടെയായിരുന്നു തുടക്കം. തുടര്‍ന്ന് ഖരഹരപ്രിയരാഗത്തില്‍ രാമനീസ മാനവേ വരു എന്ന കീര്‍ത്തനവും പാടി. സിന്ധു ഭൈരവിയില്‍ ‘അയ്യനേ വാ അപ്പനേ വാ’ എന്ന കീര്‍ത്തനത്തോടെയായിരുന്നു സമാപനം. വൈക്കം പദ്മകൃഷ്ണന്‍ വയലിന്, എന്‍. ഹരി മൃദംഗം, കോവൈ സുരേഷ് ഘടം എന്നിവര്‍ പക്കമേളമൊരുക്കി.
കച്ചേരി കഴിഞ്ഞതിന് പിന്നാലെ ഹരീഷിനും പക്കമേളക്കാര്‍ക്കും ദേവസ്വം ഉപഹാരം നല്കി. സ്റ്റേജിനു പിറകില്‍ നിരവധിയാരാധകര്‍ അദ്ദേഹത്തെ കണ്ട് തടിച്ചു കൂടി. ആ സ്നേഹത്തണലില്‍ നില്‍ക്കുമ്പോഴും ഗുരുപവനപുരി സംഗീത സാന്ദ്രമായിരുന്നു.
-ബാബു ഗുരുവായൂര്‍
Recent Comments