ഡിസംബര്‍ 24 നാണ് ‘മിന്നല്‍ മുരളി’ നെറ്റ്ഫ്ളിക്സില്‍ പ്രദര്‍ശനത്തിനെത്തുന്നത്. അതിന് മുന്നോടിയായി ഡിസംബര്‍ 16 ന് മുംബൈ ഫിലിം ഫെസ്റ്റിവലിലും പ്രദര്‍ശിപ്പിക്കും. ജിയോ മാമി ഫിലിം ഫെസ്റ്റിവലിന്റെ ചെയര്‍പേഴ്സണും താരവുമായ പ്രിയങ്ക ചോപ്രയാണ് മിന്നല്‍ മുരളിയുടെ ഫെസ്റ്റിവല്‍ പ്രീമിയര്‍ പ്രഖ്യാപിച്ചത്.
ടൊവിനോ തോമസും ബേസില്‍ ജോസഫുമായി പ്രിയങ്ക നടത്തിയ വീഡിയോ കോണ്‍ഫ്രന്‍സും ഫെസ്റ്റിവല്‍ അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്. ഫെസ്റ്റിവല്‍ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ സ്മൃതികിരണും സംവാദത്തില്‍ പങ്കെടുത്തു.
മിന്നല്‍മുരളി കണ്ടെന്നും ഏറെ ഇഷ്ടപ്പെട്ടുവെന്നും അവരുമായുള്ള സംവാദത്തിനിടെ പ്രിയങ്ക പറഞ്ഞു. ഒരു സൂപ്പര്‍ഹീറോ ചിത്രത്തിലേക്ക് എത്താനുള്ള സാഹചര്യത്തെക്കുറിച്ച് പ്രിയങ്ക ബേസിലിനോടും ടൊവിനോയോടും ചോദിച്ചിരുന്നു.
‘മലയാളസിനിമയെ ഇന്നീനിലയിലേക്ക് എത്തിക്കാന്‍ ഒരുപാട് പേര് പ്രയത്നിച്ചിട്ടുണ്ട്. ആ മേഖലയിലേക്ക് കടന്നുവരാന്‍ സാധിച്ചതില്‍ എനിക്കും വളരെ സന്തോഷമുണ്ട്. മിന്നല്‍ മുരളിയുടെ കഥാപശ്ചാത്തലം കേരളമാണെങ്കിലും ലോകത്തെവിടെയുമുള്ള പ്രേക്ഷകര്‍ക്ക് ചിത്രവുമായി സംവദിക്കാനാവും. പുരാണങ്ങളിലും നമ്മള് വായിച്ച കഥകളിലും ഒരുപാട് അമാനുഷിക കഥാപാത്രങ്ങളെ കാണാന്‍ സാധിക്കും. എന്നിരുന്നാലും സൂപ്പര്‍ഹീറോ എന്നു പറയുമ്പോള്‍ എല്ലാവരുടെയും മനസ്സില്‍ വരുന്നത് ഹോളിവുഡ് ചിത്രങ്ങളാണ്. നമുക്ക് സംവദിക്കാന്‍ സാധിക്കുന്ന ഒരു സൂപ്പര്‍ ഹീറോയെ സൃഷ്ടിക്കുക എന്നത് ശ്രമകരമായ കാര്യമാണ്. എല്ലാവര്ക്കും ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന ഒരു സൂപ്പര്‍ ഹീറോ ആയിരിക്കും മിന്നല്‍ മുരളിയില്‍ കാണാന്‍ സാധിക്കുക.’ ബേസില്‍ പറഞ്ഞു.
‘മലയാളം ഇന്‍ഡസ്ട്രി നല്ല സിനിമകള്‍ ഒരുക്കുന്നു ഉണ്ടെങ്കിലും അതിനു വേണ്ടത്ര വേദികള്‍ ലഭിക്കുന്നതില്‍ പരിമിതികളുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു മലയാളം സിനിമയ്ക്ക് കൂടിപ്പോയാല്‍ കിട്ടുന്നത് 44 രാജ്യങ്ങളിലെ തിയേറ്റര്‍ പ്രദര്‍ശനമായിരുന്നു. ഒടിടിയുടെ കടന്നുവരവോടുകൂടി 195 രാജ്യങ്ങളിലേക്ക് സിനിമ എത്തുന്നുണ്ട്. കൂടുതല്‍ ആളുകള്‍ കാണുകയും ചെയ്യുന്നു. ഇത് വലിയൊരു മാറ്റമാണ് വഴി വെച്ചിരിക്കുന്നത്. സൂപ്പര്‍ഹീറോ എന്ന ഘടകം മാറ്റിനിര്‍ത്തിയാല്‍ കൂടി മിന്നല്‍ മുരളി ഒരു മികച്ച സിനിമയായിരിക്കും.’ ടൊവിനോ പറഞ്ഞു.
‘ഒടിടി സ്ട്രീമിങ്ങിലൂടെ ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന വേദി വളരെ വലുതായി കൊണ്ടിരിക്കുകയാണ്. അതിനാല്‍ തന്നെ നിശ്ചിത പ്രേക്ഷകരെ രസിപ്പിക്കാന്‍ വേണ്ടി പഴഞ്ചന്‍ ഫോര്‍മുലകള്‍ ആവര്‍ത്തിക്കുന്ന രീതി ഇപ്പോള്‍ ആവശ്യമില്ല.’ പ്രിയങ്ക പറഞ്ഞു.
വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഗുരു സോമസുന്ദരം, അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്, ഫെമിന ജോര്‍ജ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അരുണ്‍ അനിരുദ്ധന്, ജസ്റ്റിന് മാത്യു എന്നിവരാണ് തിരക്കഥാകൃത്തുക്കള്‍.
Recent Comments