ഇന്നലെ ചെന്നൈയിലെ ഐ.ടി.സി ഹോട്ടലില്‍ ആര്.ആര്.ആറിന്റെ പത്രസമ്മേളനം നടക്കുമ്പോള്‍ സംവിധായകന് രാജമൗലി തന്റെ തൊട്ടടുത്തിരുന്ന ഷിബു തമീന്സിനെ ചൂണ്ടി ‘എന്റെ ആത്മസുഹൃത്തെന്ന്’ സംബോധന ചെയ്യുമ്പോള്‍ അവരുടെ സൗഹൃദത്തിന്റെ ആഴം അളക്കാമായിരുന്നു. രാജമൗലിയോട് മാത്രമല്ല, അദ്ദേഹത്തിന്റെ പിതാവ് കെ.വി. വിജയേന്ദ്രപ്രസാദുമായും ഷിബുവിന് അടുത്ത സൗഹൃദമുണ്ട്. ചെന്നൈയില്‍വച്ച് നടന്ന ‘പുലി’യുടെ (അതിന്റെ നിര്‍മ്മാതാവ് ഷിബു തമീന്സായിരുന്നു) ഓഡിയോ ലോഞ്ചിനടക്കം വിജയേന്ദ്രപ്രസാദിന്റെ സാന്നിദ്ധ്യം ഞങ്ങള്‍ നേരിട്ട് കണ്ടതാണ്. ഇതിനെല്ലാമപ്പുറം ആര്.ആര്.ആറിന്റെ നിര്‍മ്മാതാവ് ധനയ്യയുമായി ഷിബു ആത്മബന്ധം സൂക്ഷിക്കുന്നുണ്ട്, കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി. ധനയ്യയുടെ മൂന്നോളം ചിത്രങ്ങള്‍ വിതരണത്തിന് ഏറ്റെടുത്തതും ഷിബുവായിരുന്നു.
ആര്.ആര്.ആറിന്റെ മലയാളം റൈറ്റ്സിനുവേണ്ടി ധാരാളം നിര്‍മ്മാണ കമ്പനികള്‍ വന്‍ തുക ക്വാട്ട് ചെയ്തിട്ടും അവരെയെല്ലാം ഒഴിവാക്കി ഷിബുവിന് അത് കൈമാറിയതും ഈ ആത്മബന്ധത്തിന്റെ പേരിലാണ്. ‘ഷിബുസാര്‍ ഇല്ലെങ്കില്‍ മാത്രം മറ്റൊരാളെ നോക്കാം എന്നായിരുന്നു’ അവരുടെ മറുപടി. പണത്തിനുമീതെ പരുന്തും പറക്കില്ല എന്ന ആപ്തവാക്യത്തിനുമേല്‍ സൗഹൃദം വെന്നിക്കൊടി പാറിച്ച അപൂര്‍വ്വ നിമിഷംകൂടിയായിരുന്നു അത്.
‘ബാഹുബലിയുടെ രണ്ടാംഭാഗം സ്വന്തമാക്കണമെന്നുള്ളത് എന്റെ വലിയ ആഗ്രഹമായിരുന്നു. പക്ഷേ കയ്യെത്തുംദൂരത്തുവച്ച് അതെനിക്ക് നഷ്ടപ്പെട്ടു. അന്നേ ഞാന്‍ അവരോട് പറഞ്ഞിരുന്നു, അടുത്ത പടം എന്തുതന്നെയായാലും അതെനിക്കുതന്നെ തരണമെന്ന്. അവര്‍ വാക്ക് പാലിച്ചിരിക്കുന്നു’ ഷിബു തമീന്‍സ് കാന്‍ ചാനലിനോട് പറഞ്ഞു.
‘ഓരോ സിനിമ കഴിയുംതോറും തന്റെ കരിയര്‍ ഗ്രാഫും ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന സംവിധായകനാണ് രാജമൗലിസാര്. അദ്ദേഹത്തിന്റെ മനസ്സില്‍ സിനിമയല്ലാതെ മറ്റൊരു ചിന്തകളുമില്ല. അത് മാത്രമാണ് ഈ വളര്‍ച്ചയ്ക്കെല്ലാം പിന്നില്‍. കളക്ഷന്റെ കാര്യത്തിലും ലോകസിനിമയ്ക്കൊപ്പമോ അതിന് തൊട്ടുപിന്നിലോ ആണ് അദ്ദേഹത്തിന്റെ സിനിമകളുടെ സ്ഥാനം. അങ്ങനെയൊരു സംവിധായകന്റെയും സിനിമയുടെയും ഭാഗമാകാന്‍ കഴിയുന്നതുതന്നെ വലിയ ഭാഗ്യമായി ഞാന്‍ കരുതുന്നു.’ ഷിബു പറഞ്ഞു.
എച്ച്.ആര്. പിച്ചേഴ്സിന്റെ ബാനറില്‍ ഷിബു തമീന്‍സ് വന്‍ തുകയ്ക്കുതന്നെയാണ് ആര്.ആര്.ആറിന്റെ മലയാളം റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. 2022 ജനുവരി 7 ന് ലോകമൊട്ടുക്കുമുള്ള തീയേറ്ററില്‍ പ്രദര്‍ശനത്തിനെത്തും.
Recent Comments