15 ദിവസമായി ഗുരുപവനപുരിയെ സപ്തസ്വരങ്ങള്‍ കൊണ്ട് നാദാര്‍ച്ചന ചെയ്തവര്‍ ഇന്നലെ മടങ്ങി. ‘കരുണചെയ് വാന്‍ എന്തു താമസം കൃഷ്ണാ’ എന്ന കീര്‍ത്തനത്തോടെയായിരുന്നു സമാപനം. ചെമ്പൈ സ്വാമികളുടെ അരുമ ശിഷ്യനായ കെ.ജി. ജയന് (ജയ വിജയ) ആയിരുന്നു സമാപന കീര്‍ത്തനം ആലപിച്ചത്.
ജയന് മാഷ് വേദിയിലെത്തിയപ്പോള്‍ സദസ്സ് ഷര്ഷാരവം മുഴക്കി. 88-ാം വയസ്സിലും അദ്ദഹം ഒരു കൊച്ചുകുട്ടിയെപ്പോലെ തോന്നിച്ചു. ജയ വിജയന്മാര് ഒരുമിച്ച് ചെമ്പൈ സംഗീതോത്സവത്തില്‍ പാടിയിരുന്ന കാലം ജയന് മാഷ് ഓര്‍ത്തു. ‘ഇന്ന് പാടാന്‍ കൂടെ വിജയനില്ല. പാതിവഴിയില്‍ തന്നെ തനിച്ചാക്കി വിജയന് മടങ്ങിയപ്പോള്‍ സംഗീതമെന്ന തംബുരുവുമായി ഞാന്‍ പ്രയാണം തുടര്‍ന്നു. പി. ലീലയെന്ന ഗായികയെകൊണ്ട് പൂന്താനത്തിന്റെ ജ്ഞാനപ്പാന ഭഗവാന് സമര്‍പ്പിക്കാന്‍ കഴിഞ്ഞതാണ് ജീവിതത്തിലെ മഹാഭാഗ്യം. അമ്പതു വര്‍ഷമായി ഗുരുവായൂരപ്പന്റെ തിരുനടയെ പുല്കിയുണര്ത്തുന്ന ജ്ഞാനപ്പാനയുടെ സൃഷ്ടാവ് ഞാനല്ല. അത് ഭഗവാനാണ്. കഴിഞ്ഞ കോവിഡ് കാലത്ത് പാടാന്‍ കഴിഞ്ഞില്ല. ഇത്തവണ കഴിഞ്ഞത് സുകൃതമാണ്.’ ജയന്മാഷ് പറഞ്ഞു.
മംഗളഗാനം പാടി അവസാനിപ്പിക്കുമ്പോള്‍ അയ്യപ്പസ്വാമിക്ക് വേണ്ടി ശരണം വിളിക്കാനും അദ്ദേഹം മറന്നില്ല. ഗുരുപവനപുരിയില്‍ ദ്വാദശി കണ്ട് തൊഴുവാനുള്ള ഭക്തരുടെ തിരക്ക് അപ്പോഴും തുടരുന്നുണ്ടായിരുന്നു.
-ബാബു ഗുരുവായൂര്‍
Recent Comments