മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക 15 നാഴിക
ഉന്നത സ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാനമാറ്റങ്ങള്‍ വന്നുചേരും. സുഹൃത്തുക്കള്‍ പരസ്പരം പഴി ചാരുകനിമിത്തം മനോദുഃഖം അനുഭവിക്കേണ്ടതായി വരും. ഭാര്യാഭര്ത്താക്കന്മാര് പരസ്പരം പിണങ്ങി ജീവിക്കേണ്ടതായ സാഹചര്യം വന്നുചേരും. പൂര്വ്വികസ്വത്തുകള് നഷ്ടപ്പെടാനിടയാകും. മാതുലസ്ഥാനീയര്ക്ക് സ്ഥാനമാനങ്ങള്‍ ലഭിക്കാനിടവരും. സര്‍ക്കാരില്‍നിന്നുള്ള ആനുകൂല്യം ലഭിക്കാനിടവരും. ലോഹനിര്മ്മാണത്തൊഴിലാളികള്ക്ക് അനുകൂലസമയമാണ്. സ്ത്രീജനങ്ങള്‍ക്ക് രോഗപീഡകളും ആപത്തുകളും ഉണ്ടാകാം. മത്സരപ്പരീക്ഷകളില്‍ വിജയം കൈവരിക്കുന്നതാണ്. നേട്ടങ്ങള്‍ക്കായി വലിയതോതില്‍ ചെലവുകള്‍ ചെയ്യേണ്ടതായി വരും. പുതിയ അറിവുകള്‍ക്കായി ധാരാളം പരിശ്രമിക്കും. സഹോദരങ്ങള്‍ക്ക് ഉയര്‍ച്ചയും സാമ്പത്തികഭദ്രതയും കൈവരും.
ദോഷപരിഹാരമായി സുബ്രഹ്മണ്യഭജനം ചെയ്യുകയും ഭദ്രകാളീക്ഷേത്രത്തില്‍ രക്തപുഷ്പാഞ്ജലി, ചുവന്ന പട്ടുടയാട, ചുവന്ന പൂമാല, അഷ്ടോത്തരാര്‍ച്ചന എന്നിവ നടത്തിക്കൊള്ളണം.
ഇടവക്കൂറ്: കാര്‍ത്തിക 45 നാഴിക, രോഹിണി, മകയിരം 30 നാഴിക
പരോപകാരപ്രദമായ പ്രവര്‍ത്തികള്‍ക്കായി മുന്നിട്ടിറങ്ങും. പൈതൃകം, പാരമ്പര്യം എന്നിവയിലൂടെ നേട്ടങ്ങള്‍ കൈവരിക്കും. ബന്ധുജനങ്ങള്‍ക്ക് ഐശ്വര്യമുണ്ടാകും. നേട്ടങ്ങള്‍ക്കായി വലിയ തോതില്‍ ചെലവ് ചെയ്യേണ്ടതായി വരും. കുട്ടികള്‍ക്ക് അനാരോഗ്യം, ഭയം, ആശങ്ക തുടങ്ങിയവ ഉണ്ടാകാം. ക്രയവിക്രയങ്ങളില്‍ സാമ്പത്തിക നഷ്ടമുണ്ടാകും. അലര്‍ജി, ത്വക്ക് രോഗം, ജീവിതശൈലീരോഗങ്ങള്‍ എന്നിവ ഉള്ളവര്‍ കൂടുതല്‍ ശ്രദ്ധിക്കണം. നാല്ക്കാലി സമ്പത്തുകള്‍ക്ക് നാശമുണ്ടാകും. അയല്‍ക്കാരുമായി തര്‍ക്കങ്ങളിലും പരിഭവങ്ങളിലും ഏര്‍പ്പെടേണ്ടതായി വരും. ദാമ്പത്യജീവിതത്തില്‍ ചില അസ്വാരസ്യങ്ങള്‍ക്കിടവരും. പിതൃസ്ഥാനീയരുടെ പെട്ടെന്നുള്ള വിയോഗം മനസ്സിനെ അസ്വസ്ഥതപ്പെടുത്തും..
ദുര്ഗ്ഗാക്ഷേത്രത്തില് പുഷ്പാഞ്ജലി, നെയ് വിളക്ക്, അര്‍ച്ചന എന്നിവയും ദേവീമാഹാത്മ്യപാരായണം, ലളിതാസഹസ്രനാമജപം ഇവ പതിവായി ചെയ്യുകയും ചെയ്യുന്നത് ശ്രേയസ്കരമായിരിക്കും
മിഥുനക്കൂറ്: മകയിരം 30 നാഴിക തിരുവാതിര, പുണര്‍തം 45 നാഴിക
സര്‍ക്കാരില്‍നിന്നും സാമ്പത്തികസഹായം പ്രതീക്ഷിക്കുന്നവര്‍ക്ക് അത് ലഭ്യമാകും. സംഗീതസാഹിത്യാദി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടം പ്രതീക്ഷിക്കാം. മരണപ്പെട്ടവരുടെ സ്വത്തുക്കള്‍ കൈവശം വന്നുചേരും. ആകസ്മിതമായ അപകടങ്ങളും രോഗപീഡകളും വന്നുകൂടാം. വാഹനാദികളില്‍ ഭ്രമം വര്‍ദ്ധിക്കും. തീരുമാനിച്ച കാര്യങ്ങള്‍ക്ക് മുടക്കവും ലഭിക്കേണ്ടതായ സാമ്പത്തികം തടസ്സപ്പെടുകയും ചെയ്യാം. ദൂരയാത്രകൊണ്ട് പ്രയോജനമില്ലാതെ വരികയും യാത്രാവേളയില്‍ ധനനഷ്ടങ്ങള്‍ ഉണ്ടാകുകയും ചെയ്യും. വിദേശയാത്രയ്ക്ക് പരിശ്രമിക്കുന്നവര്‍ക്ക് കാലതാമസം നേരിടാം. ക്ഷീരകര്‍ഷകര്‍ക്കും ഫാം നടത്തിപ്പുകാര്‍ക്കും അനുകൂലമായ സാഹചര്യമുണ്ടാകും. മേലധികാരികളില്‍നിന്ന് മാനസികമായ പീഡകളും ആരോപണങ്ങളും അപവാദങ്ങളും സ്ഥായിയായി വന്നുകൂടാം.
ദോഷശാന്തിക്കായി വിഷ്ണുക്ഷേത്രത്തില്‍ നെയ് വിളക്ക്, തുളസിമാല, പാല്‍പ്പായസം, അര്‍ച്ചന, കാണിക്ക എന്നിവയും കൃഷ്ണസ്വാമീക്ഷേത്രത്തില്‍ പുരുഷസൂക്താര്‍ച്ചനയും നടത്തി പ്രാര്‍ത്ഥിക്കണം.
കര്‍ക്കിടകക്കൂറ്: പുണര്‍തം 15 നാഴിക, പൂയം, ആയില്യം
പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകള്ക്കിടവരും. സഹോദരസ്ഥാനീയര്‍ക്ക് ആപത്തുകളും രോഗപീഡകളും വന്നുചേരാം. ഉത്തരവാദിത്തത്തോടുകൂടിയുള്ള പ്രവര്‍ത്തനങ്ങളില്‍ വലിയ പ്രതിസന്ധികളെ നേരിടേണ്ടതായി വരും. മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അത്ര അനുകൂലസമയമല്ല. കളരി, കരാട്ടെ തുടങ്ങിയ കായികാഭ്യാസകലകളില് ബന്ധപ്പെട്ടവര്‍ക്ക് അനുകൂലമായിരിക്കും. ത്വക് രോഗങ്ങള്‍ വരാതെ ശ്രദ്ധിക്കണം. കൂട്ടുബിസിനസ്സുകള്ക്ക് പരാജയം നേരിടാം. അഗ്നിഭയവും ദുര്ജ്ജനഭീതിയും ഉണ്ടാകും. ഉദ്യോഗക്കയറ്റം പ്രതീക്ഷിക്കുന്നവര്‍ക്ക് കാലതാമസം നേരിടും. കുടുംബത്തില്‍ പരസ്പരമാത്സര്യങ്ങള്ക്കിടവരും. ഏതു കാര്യങ്ങള്‍ക്കും ചഞ്ചലച്ചിത്തത അനുഭവപ്പെടും.
വിഷ്ണുക്ഷേത്രദര്‍ശനം, വിഷ്ണുസഹസ്രനാമജപം, സഹസ്രനാമ പുഷ്പാഞ്ജലി, വിഷ്ണുക്ഷേത്രഭജനം ഇവ പതിവായി ചെയ്യുന്നത് ഉത്തമമായിരിക്കും.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം 15 നാഴിക
സാമ്പത്തികബുദ്ധിമുട്ടുകള്‍ പരിഹരിക്കപ്പെടും. കുടുംബത്തില്‍ ഭക്തി അന്തരീക്ഷം വര്‍ദ്ധിക്കും. ഉപരിപഠനങ്ങള്‍ക്ക് സാഹചര്യമുണ്ടാകും. കുറ്റാരോപണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കാണുന്നതിനാല്‍ ജാഗ്രത പാലിക്കേണ്ടതാണ്. വാക്കുകളെക്കൊണ്ടുള്ള ദോഷങ്ങള്‍ വന്നുചേരാം. ഗുണകരമാകും എന്ന് വിചാരിച്ച് ചെയ്യുന്ന കാര്യങ്ങള്‍ക്ക് ഫലം കണ്ടു എന്ന് വരില്ല. ദാമ്പത്യജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാനിടയുണ്ട്. കൂട്ടുകച്ചവടത്തില്‍ ഫലം കണ്ടുതുടങ്ങും. ഭൂമിലാഭമുണ്ടാകും. തൊഴിലില്‍ പുരോഗതി ഉണ്ടാകുമെങ്കിലും ആ മേഖലയില്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടതായി വരും. പൊതുപ്രവര്‍ത്തകര്‍ക്ക് ജനസമ്മതിയും സ്ഥാനമാനങ്ങളും ലഭിക്കുന്ന സമയമാണ്. വഞ്ചന, തലവേദന, നേത്രരോഗങ്ങള്‍ എന്നിവ ഉണ്ടാകാന്‍ സാധ്യതയുണ്ട്. മതാചാര്യന്മാരുമായി സമ്മേളനം, ഗവണ്മെന്റില്നിന്ന് ആനുകൂല്യം എന്നിവ അനുഭവപ്പെടും.
ശിവങ്കല്‍ മൃത്യുഞ്ജയപുഷ്പാഞ്ജലി, രുദ്രാഭിഷേകം, കൂവളത്തിന്മാല എന്നിവ നടത്തുകയും മലദേവന്മാര്ക്ക് വിളിച്ചുപ്രാര്ത്ഥന, വിളക്ക് എന്നിവ നടത്തുന്നതും ദോഷപരിഹാരമാകും.
കന്നിക്കൂറ്: ഉത്രം 45 നാഴിക, അത്തം, ചിത്തിര 30 നാഴിക
ബന്ധുക്കളുമായി നല്ല ബന്ധം കാത്തൂസൂക്ഷിക്കും. വലിയ നേട്ടങ്ങള്‍ക്കായി വലിയ തോതില്‍ പണം ചെലവ് ചെയ്യേണ്ടതായിവരും. വരവ് കുറയുകയും ചെലവ് വര്‍ദ്ധിക്കുകയും ചെയ്യും. ആരോഗ്യപരമായി പുരോഗതി ഉണ്ടാകും. ദീര്‍ഘയാത്രകള്‍ക്ക് നിര്‍ബ്ബന്ധിതനാകും. ഭാവിയെപ്പറ്റി അനാവശ്യ ആശങ്കകളും ആകുലതകളും മാനസിക അസ്വാസ്ഥ്യം ഉണ്ടാകും. ശാരീരികക്ഷീണം അനുഭവപ്പെടും. സാമൂഹിക മേഖലയില്‍ ഗുണപരമായ സ്വാധീനം ഉണ്ടാക്കിയെടുക്കും. അപകടസാധ്യത ഉള്ളതിനാല്‍ ജാഗരൂകത ഉണ്ടായിരിക്കണം. ഉത്തരവാദിത്തത്തോടെയുള്ള പ്രവര്‍ത്തനങ്ങളില്‍കൂടി വലിയ പ്രതിസന്ധികളെ തരണം ചെയ്യാന്‍ സാധിക്കണം. ദാനം, ധര്‍മ്മകര്‍മ്മങ്ങള്‍, പ്രണയം എന്നിവ ഉണ്ടാകും. പ്രാധന വ്യക്തികളുമായി ഉണ്ടാകുന്ന സൗഹൃദം ജീവിതവിജയത്തിന് കാരണമാകും.
ദോഷപരിഹാരമായി വിഷ്ണുവിങ്കല്‍ സഹസ്രനാമ പുഷ്പാഞ്ജലി, നെയ് വിളക്ക്, തുളസിമാല, കൃഷ്ണസ്വാമിയിങ്കല് തൃക്കൈവെണ്ണ എന്നിവ നടത്തുന്നതും വിഷ്ണുസഹസ്രനാമജപം പതിവായി ചെയ്യുകയും വേണം.
തുലാക്കൂറ്: ചിത്തര 30 നാഴിക, ചോതി, വിശാഖം 45 നാഴിക
ഗാര്ഹികസംതൃപ്തി, ചെലവുകള്‍ അധികരിക്കുക എന്നിവ അനുഭവപ്പെടും. ഉന്നത വിദ്യാഭ്യാസത്തിനുള്ള പരിശ്രമങ്ങള്‍ വിജയിക്കും. സാമൂഹിക വിജയം, സ്ത്രീജനങ്ങളിലൂടെ നേട്ടം, സുഹൃത്തുക്കളിലൂടെ ജീവിത വിജയം എന്നിവ ഉണ്ടാകും. സഹാനുഭൂതിയും ബഹുമാനവും നേടിയെടുക്കും. സാഹിത്യം, കലാപ്രവര്‍ത്തനം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമായ സാഹചര്യങ്ങള്‍ വന്നുചേരും. അപ്രതീക്ഷിതമായി വിദേശയാത്രകള്‍ക്ക് അവസരമുണ്ടാകും. ഊഹക്കച്ചവടത്തിലും ക്രയവിക്രയത്തിലും വിജയം കൈവരിക്കും. തുടങ്ങിവച്ച ഗൃഹകരണാദികള് പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടതായി വരും. വാഹനപരമായ അപകടങ്ങളോ, വീഴ്ചകളോ ഉണ്ടാകാതെ ശ്രദ്ധിക്കണം. മുടങ്ങിക്കിടന്നതായ ദൈവികകര്മ്മങ്ങളും ക്ഷേത്രദര്‍ശനങ്ങളും പുനഃരാരംഭിക്കും. ബാങ്കിംഗ് മേഖലയിലും സ്വര്ണ്ണവ്യാപാരമേഖലയിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലസമയമാണ്.
ഐശ്വര്യ വര്‍ദ്ധനയ്ക്കായി പരദേവതാപ്രീതി വരുത്തുകയും സര്‍പ്പങ്ങള്‍ക്ക് ഊട്ടുപാട്ടുകള്‍ നടത്തുകയും ദേശദേവതയെ നിത്യം ദര്‍ശനം നടത്തി പ്രാര്‍ത്ഥിക്കുകയും വേണം.
വൃശ്ചികക്കൂറ്: വിശാഖം 15 നാഴിക, അനിഴം, തൃക്കേട്ട
തൊഴിലില്‍ നല്ല നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. കമ്മീഷന് ഏജന്‍സികള്‍ മുഖേന ലാഭമുണ്ടാകും. ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി പൊരുത്തക്കേടുകള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. ദാമ്പത്യജീവിതത്തില്‍ അകാരണമായ അസ്വാരസ്യങ്ങള്‍ക്കിടവരും. സന്താനങ്ങള്‍ മുഖേന സാമ്പത്തിക ബാദ്ധ്യതകള്‍ വന്നുചേരും. മതകാര്യങ്ങളില്‍ താല്‍പ്പര്യത്തോടെ ഇടപെടും. വാതസംബന്ധമായ രോഗങ്ങള്‍ നിമിത്തം ബുദ്ധിമുട്ട് അനുഭവിക്കും. കര്‍ഷകര്‍ക്കും കുടില്‍ വ്യവസായങ്ങള്‍ക്കും കമ്പനിത്തൊഴിലാളികള്‍ക്കും ഈ സമയം അത്ര പ്രയോജനകരമല്ല. സഹോദരാദികളില്നിന്ന് മനഃപ്രയാസം അനുഭവിക്കാനിടയാകും. ശത്രുക്കളുമായി സൗഹൃദം സ്ഥാപിക്കും. കോടതിവ്യവഹാരങ്ങളില്‍ തീരുമാനങ്ങളുണ്ടാകും. ധൈര്യം ആത്മവിശ്വാസം, ഊര്ജ്ജസ്വലത എന്നിവ പ്രകടിപ്പിക്കും. സേനാവിഭാഗത്തിലും റവന്യു വിഭാഗത്തിലും ജോലി ചെയ്യുന്നവര്‍ക്ക് ഉന്നത ഉദ്യോഗസ്ഥരില്‍നിന്ന് പ്രീണനങ്ങള്‍ അനുഭവിക്കേണ്ടതായി വരും.
പരിഹാരമായി നരസിംഹമൂര്ത്തിയിങ്കല് പുഷ്പാഞ്ജലി, ചുവന്ന പൂമാല, രക്തപുഷ്പാര്‍ച്ചന ഇവയും ഭദ്രകാളീക്ഷേത്രത്തില്‍ നിര്‍മ്മാല്യദര്‍ശനവും നടത്തി പ്രാര്‍ത്ഥിക്കണം.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം 15 നാഴിക
ഔദ്യോഗികരംഗത്ത് അനുകൂലമായ പ്രവര്‍ത്തനങ്ങള്‍ കൈവരിക്കാന്‍ സാധിക്കും. അപ്രതീക്ഷിത സ്ഥാനനഷ്ടം, പരദൂഷണം കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍, അപകീര്‍ത്തി, ഭയം എന്നിവ അഭിമുഖീകരിക്കേണ്ടിവരും. അനാവശ്യയാത്രകള്‍ക്കും സാമ്പത്തിക വൈഷമ്യങ്ങള്‍ക്കും സാദ്ധ്യത കാണുന്നു. ഉറച്ച വിശ്വസ്തരായ സുഹൃത്തുക്കളില്‍നിന്നും ബന്ധുക്കളില്‍നിന്നും നേട്ടമുണ്ടാകും. റബ്ബര്കര്ഷകര്, കശുവണ്ടി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവര്‍ക്ക് പ്രതീക്ഷിച്ച നേട്ടങ്ങള്‍ ലഭിക്കാതെവരും. പശു മുതലായ വളര്‍ത്തുമൃഗങ്ങള്‍ക്കും കോഴി തുടങ്ങിയ പക്ഷികള്‍ക്കും രോഗങ്ങളും അത് നിമിത്തം സാമ്പത്തിക നഷ്ടവും ഉണ്ടാകും. ചെറിയ ചെറിയ സാമ്പത്തിക ബാദ്ധ്യതകള്‍ കണക്കാക്കാതെ വരുമ്പോള്‍ അത് കൂടുതല്‍ കഷ്ടനഷ്ടങ്ങള്ക്കിടവരുത്തും. വ്യാപാരികള്‍, വക്കീലന്മാര്, ആധാരം എഴുത്തുകാര്‍ എന്നിവര്‍ക്ക് അനുകൂലസമയമാണ്.
ആപല്നിവൃത്തിക്കായി വിഷ്ണുക്ഷേത്രത്തില്‍ നിര്‍മ്മാല്യദര്‍ശനം നടത്തി. നെയ് വിളക്ക് കത്തിച്ച് പ്രാര്‍ത്ഥിക്കുകയും വിഷ്ണുസഹസ്രനാമജപം ഭാഗവത പാരായണം എന്നിവ നടത്തുകയും ധര്മ്മദൈവഭജനം നടത്തുകയും വേണം.
മകരക്കൂറ്: ഉത്രാടം 45 നാഴിക, തിരുവോണം, അവിട്ടം 30 നാഴിക
ബന്ധുജനങ്ങളിലൂടെ നേട്ടം ആഗ്രഹസഫലീകരണം, ഉറച്ച വിശ്വസ്തരായ സുഹൃത്തുക്കളുടെ അഭിവൃദ്ധി എന്നിവ ഉണ്ടാകും. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വരാതെ ജാഗ്രത പാലിക്കണം. സ്ത്രീകളുമായി കലഹം, ഭൂമിപരമായ വിവാദം എന്നിവ ഉണ്ടാകാം. മുതിര്‍ന്നവരില്‍നിന്ന് ഗുണാനുഭവം ഉണ്ടാകും. ആദ്ധ്യാത്മിക തത്ത്വജ്ഞാനലബ്ധിക്കുവേണ്ടി കൂടുതല്‍ സമയം ചെലവഴിക്കും. അപ്രതീക്ഷിത സ്ഥാനനഷ്ടം, പരദൂഷണ അപകീര്‍ത്തിഭയം എന്നിവയ്ക്ക് സാധ്യത കാണുന്നു. വസ്തുവകകളില്‍നിന്നുള്ള ലാഭം കൈവരിക്കും. തൊഴില്‍സംബന്ധമായി ദൂരയാത്രകള് വേണ്ടിവരും. പ്രമേഹം, ഹൃദയസംബന്ധമായ രോഗം, ഉദരരോഗം എന്നിവയുമായുള്ളവര് കൂടുതല്‍ ശ്രദ്ധിക്കണം. കായികരംഗങ്ങളില് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ ശോഭിക്കാന്‍ അവസരം ലഭിക്കും.
ദോഷശാന്തിക്കായി ശാസ്താക്ഷേത്രത്തില്‍ നീരാജനം, ശംഖുപുഷ്പമാല, മലദൈവങ്ങള്‍ക്ക് വെറ്റില അടുക്ക്, കരിക്ക് ധാര ഇവ നടത്തി ഭജിക്കുകയും ശിവക്ഷേത്രദര്‍ശനം നടത്തുകയും ചെയ്യണം.
കുംഭക്കൂറ്: അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി 45 നാഴിക
ബുദ്ധിപരമായ പ്രവര്‍ത്തനങ്ങള്‍കൊണ്ട് വലിയ പ്രതിസന്ധികളെ തരണം ചെയ്യും. ജീവിത പങ്കാളിയുമായുള്ള കലഹം അവസാനിക്കും. വിവാഹത്തിന് പരിശ്രമിക്കുന്നവര്‍ക്ക് അനുയോജ്യമായ ബന്ധം ലഭിക്കും. വിശ്വസ്തരായ സുഹൃത്തുക്കളുടെ ജീവിതവിജയത്തിന് കാരണമാകും. മറ്റുള്ളവരുടെ ചതിയിലൂടെ അപകടത്തില്‍പ്പെടാതെ സൂക്ഷിക്കണം. കീഴ്ജീവനക്കാരില്‍ നിന്നുമുള്ള ബുദ്ധിമുട്ട് നിമിത്തം തൊഴില്‍രംഗത്ത് മനോവിഷമങ്ങള്‍ക്ക് സാധ്യത കാണുന്നു. പേശീരോഗങ്ങള്‍, ഉന്മാദരോഗം, അപസ്മാരപീഡ എന്നിവ വിദ്യാഭ്യാസത്തിനുള്ള പരിശ്രമങ്ങള്‍ ഫലം കാണും. പരോപകാരപ്രദങ്ങളായ പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നിട്ടിറങ്ങാന്‍ ശ്രമിക്കും. പ്രണയവിവാഹം സഫലീകൃതമാകും. അടുത്ത ബന്ധുക്കളുടെ വിയോഗം മനോവിഷമത്തിനിടയാക്കും. വ്യവഹാരങ്ങളിലേര്‍പ്പെട്ട് കഴിയുന്നവര്‍ക്ക് അനുയോജ്യമായ വിധി ഉണ്ടാകും.
ദോഷനിവൃത്തിക്കായി ശിവക്ഷേത്രത്തില്‍ ജലധാര, പിന്‍വിളക്ക്, രുദ്രാര്‍ച്ചന ദേവീക്ഷേത്രത്തില്‍ പുഷ്പാഞ്ജലി, മാല, വിളക്ക് എന്നിവ നടത്തിക്കൊള്ളണം.
മീനക്കൂറ്: പൂരുരുട്ടാതി 15 നാഴിക, ഉത്തൃട്ടാതി, രേവതി
ആത്മീയവും മതപരവുമായ കാര്യങ്ങള്‍ പഠിക്കാന്‍ ധാരാളം സമയം ചെലവഴിക്കും. സ്ത്രീകള്‍ നിമിത്തം മാനസിക വൈഷമ്യങ്ങള്‍ക്ക് സാധ്യത കാണുന്നു. ചഞ്ചലപ്രവണതകള് കൊണ്ട് തൊഴിലില്‍ പരാജയം വരാതെ സൂക്ഷിക്കണം. സഹോദരങ്ങളില്‍നിന്നും ബന്ധുക്കളില്‍നിന്നും അസ്വാരസ്യം ഉണ്ടാകുന്നത് നിമിത്തമുള്ള ബുദ്ധിമുട്ട് അനുഭവപ്പെടും. പണ്ഡിതന്മാരുമായി സൗഹൃദം സ്ഥാപിക്കാനിടവരും. വിദ്യാഭ്യാസമൗഢ്യം, ബന്ധുക്കളുമായി പൊരുത്തക്കേട് എന്നിവ അനുഭവവേദ്യമാകും. നഷ്ടപ്പെട്ടുപോകുമെന്ന് കരുതിയ ബന്ധങ്ങള്‍ പലതും പുനഃസ്ഥാപിക്കാന്‍ വഴിയൊരുങ്ങും. കഠിനാദ്ധ്വാനത്തിലൂടെ നഷ്ടപ്പെട്ടത് വീണ്ടെടുക്കാന്‍ സാധിക്കും. തര്ക്കസംബന്ധമായ നിയമവ്യവഹാരത്തിനുള്ള അപകടസാധ്യതയെക്കുറിച്ച് ജാഗ്രത പാലിക്കണം. പൈതൃകത്തിലൂടെയോ വിവാഹത്തിലൂടെയോ പങ്കാളിത്തത്തിലൂടെയോ നേട്ടമുണ്ടാകും. കര്‍ഷകര്‍ക്ക് അനുകൂലസാഹചര്യമാണ്.
ദോഷശാന്തിക്കായി ദുര്ഗ്ഗാക്ഷേത്രത്തില് നിര്‍മ്മാല്യദര്‍ശനം, പുഷ്പാഞ്ജലി, വിഷ്ണുക്ഷേത്രത്തില്‍ സഹസ്രനാമാര്‍ച്ചന, തുളസിമാല, വിഷ്ണുപൂജ എന്നിവയും നടത്തണം.
Recent Comments