എന്റെ ആദ്യത്തെ സിനിമപോലെ എനിക്ക് ഏറെ പ്രിയപ്പെട്ടതാണ് എന്റെ ആദ്യത്തെ ഗാനവും. ‘ജീവാംശമായ്… താനേ… നീയെന്നില്‍… കാലങ്ങള്‍… മുന്നേ… വന്നു…’
ഞാന്‍ തീവണ്ടിയുടെ തിരക്കഥ എഴുതിക്കൊണ്ടിരിക്കുന്ന സമയം മൂതല്‍ ഈ പാട്ടിന്റെ സന്ദര്‍ഭത്തെക്കുറിച്ച് സംഗീതസംവിധായകന് കൈലാസ് മേനോനോട് സംസാരിച്ചിട്ടുണ്ട്, പലവട്ടം. കൈലാസിനെ എനിക്ക് മുന്നേ അറിയാം. എന്നോടൊപ്പം പല പരസ്യചിത്രങ്ങളിലും കൈലാസ് വര്‍ക്ക് ചെയ്തിട്ടുണ്ട്. എന്റെ സിനിമയുടെയും പാട്ടുകള്‍ കൈലാസ് ചെയ്യണമെന്നുള്ളത് എന്റെ ആഗ്രഹമായിരുന്നു.
ട്യൂണ്‍ ഇടുന്നതിനുമുമ്പ് ഒറ്റ കാര്യമേ ഞാന്‍ കൈലാസിനോട് പറഞ്ഞിട്ടുള്ളൂ. വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും ആളുകള്‍ക്ക് ആ പാട്ട് ഇഷ്ടപ്പെടണം.
കൈലാസ് ആദ്യമിട്ട ഈണം ഇതായിരുന്നില്ല. അതും നല്ലതായിരുന്നു. പക്ഷേ ഇത്രയും പോരാ എന്നൊരു തോന്നല്‍. എന്റെ മനസ്സിനൊപ്പമായിരുന്നു കൈലാസും. അദ്ദേഹം വീണ്ടും സ്വരസാഗരങ്ങള്ക്ക് പിറകെ പോയി. കുറേ നാളുകള്‍ക്കുശേഷം വീണ്ടും വന്നു. പ്രണയാതുരമായ ആ ഈണം പിറന്നത് അവിടുന്നായിരുന്നു.
ഇതിന് ആര് വരികള്‍ എഴുതണം? ഹരിനാരായണനായിരുന്നു ഞങ്ങളുടെ ആദ്യത്തെ ഓപ്ഷന്. ഹരി വന്നു. ഈണവും പാട്ടിന്റെ പശ്ചാത്തലവുമൊക്കെ കേട്ടു. വൈകാതെ ആദ്യത്തെ വാക്ക് പിറന്നു. ജീവാംശമായ്…
ചിലര്‍ക്ക് അഭിപ്രായഭിന്നതയുണ്ടായിരുന്നു. കൈലാസും ഞാനും ഉറച്ചുനിന്നു. പിന്നെ കവിതയുടെ ഉറവപൊട്ടലായിരുന്നു.
ഫീമെയില്‍ വോയ്സ് ശ്രേയാഘോഷാലിന്റെ തന്നെയായിരിക്കണമെന്ന് ആദ്യമേ തീരുമാനിച്ചു. അതുപോലെ പ്രശസ്തനായൊരു ഗായകനെയാണ് ആദ്യം തിരഞ്ഞതും. അപ്പോള്‍ കൈലാസാണ് ഹരിശങ്കറിന്റെ പേര് പറഞ്ഞത്. ഹരിശങ്കര്‍ വന്ന് പാടിയപ്പോള്‍ പിന്നെ മറ്റൊരാളെക്കുറിച്ച് ചിന്തിക്കാനേ തോന്നിയില്ല. അത്ര പെര്‍ഫക്ടായിരുന്നു. ഹരിശങ്കര്‍ പാടുമ്പോള്‍ ഞാനും സ്റ്റുഡിയോയിലുണ്ടായിരുന്നു. മാജിക്കല്‍ വോയിസായിരുന്നു അയാളുടേത്.
ശ്രേയയുടെ റെക്കോര്‍ഡിംഗ് നേരിട്ട് കേള്‍ക്കാനുള്ള ഭാഗ്യം എനിക്കുണ്ടായില്ല. മുംബയിലെ ഒരു സ്റ്റുഡിയോയിലായിരുന്നു റെക്കോര്‍ഡിംഗ്. ഞാന്‍ ഇവിടെ തീവണ്ടിയുടെ ഷൂട്ടിംഗ് തിരക്കിലായിരുന്നു. കൈലാസാണ് മുംബയില്‍ പോയത്. മലയാളവാക്കുകള്‍ ഇംഗ്ലീഷിലേയ്ക്ക് എഴുതിയെടുത്താണ് അവര്‍ പാടിയത്. എന്നിട്ടും നാലഞ്ച് മണിക്കൂറുകള്‍കൊണ്ട് പാടിത്തീര്‍ന്നു. റെക്കോര്‍ഡിംഗ് കഴിഞ്ഞ് അന്ന് രാത്രി കൈലാസ് എന്റെ മൊബൈലിലേയ്ക്ക് പാട്ട് അയച്ചുതന്നു.
ഷൂട്ടിംഗ് കഴിഞ്ഞ് ഞാന്‍ റൂമിലേയ്ക്ക് എത്തിയിട്ടേയുണ്ടായിരുന്നു. കൂടെ കൂട്ടുകാരുമുണ്ടായിരുന്നു. ഞാന്‍ മാറിനിന്നാണ് പാട്ട് കേട്ടത്. ആ നാദവിസ്മയം കേട്ട് ഞാന്‍ അത്ഭുതപ്പെട്ടുപോയി.
ജീവാംശമായ്… എനിക്ക് മാത്രമല്ല കൈലാസിനും ഹരിശങ്കറിനും ഒരുപോലെ പ്രിയപ്പെട്ടതാണ്. ഞങ്ങള്‍ക്ക് കരിയര്‍ബ്രേക്ക് തന്ന പാട്ടാണത്.
അത് ചിത്രീകരിക്കാനും പ്രയാസങ്ങളുണ്ടായില്ല. തിരക്കഥയില്‍ അത് വളരെ വിശദമായി എഴുതിവച്ചിട്ടുണ്ടായിരുന്നു.
ഞാന്‍ ആഗ്രഹിച്ചതുപോലെ തന്നെ വര്‍ഷങ്ങള്‍ കഴിഞ്ഞാലും ആ പാട്ടു ഇവിടെയുണ്ടാകും. അത് കേള്‍ക്കാന്‍ ആളുകളുണ്ടാകും. അവരത് ഇഷ്ടപ്പെടും. കാരണം ഞങ്ങളുടെ മനസ്സറിഞ്ഞ ദൈവം തന്ന പാട്ടാണത്. ദൈവത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞ പാട്ട്.
Recent Comments