‘റഹ്മാന്, ഞാനൊരു എക്സര്‍സൈസ് പറഞ്ഞുതരാം. അഭിനയത്തില്‍ നിനക്കുള്ള പോരായ്മകള്‍ മാറാന്‍ അതു സഹായിക്കും.
സ്നേഹസമ്പന്നനായ ഒരു വലിയ മനുഷ്യന്. സേതുമാധവന് സാറിനെക്കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത് അദ്ദേഹത്തിന്റെ പതിഞ്ഞ ശബ്ദവും സൗമ്യമായ ശരീരഭാഷയുമാണ്. അദ്ദേഹത്തിന്റെ രണ്ടു സിനിമകളില്‍ അഭിനയിക്കാന്‍ എനിക്കു ഭാഗ്യം കിട്ടി. അറിയാത്ത വീഥികളില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം. പിന്നീട് സുനില്‍ വയസ്സ് 20 എന്ന ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായ നായകവേഷം. ഞാന്‍ ചെയ്ത മികച്ച വേഷങ്ങളിലൊന്ന്.
മറ്റൊരു സിനിമാസെറ്റിലും ഇല്ലാത്തപോലൊരു അന്തരീക്ഷമാണ് സേതുമാധവന് സാറിന്റെ സെറ്റില്‍. ഒരു ദേവാലയത്തിലേക്കു കയറുമ്പോഴുള്ള നിശ്ശബ്ദത പോലെയാവും അവിടെ. അനാവശ്യമായ ബഹളങ്ങളില്ല. ഒരു സൂചി താഴെവീണാല്‍ പോലും കേള്‍ക്കാവുന്ന വിധം നിശ്ശബ്ദം. എല്ലാവരും മിണ്ടാതിരിക്കണമെന്ന നിര്‍ദേശമൊന്നും സേതുമാധവന് സാര്‍ കൊടുത്തിട്ടുണ്ടാവില്ല. പക്ഷേ, അവിടെ ആരും അനാവശ്യമായി ബഹളം വയ്ക്കാറില്ല.
വളരെ പതിഞ്ഞ ശബ്ദത്തിലാണ് അദ്ദേഹം നിര്‍ദേശങ്ങള്‍ തരിക. നിശ്ശബ്ദമായ ഒരു സെറ്റിലല്ലെങ്കില്‍ അദ്ദേഹം പറയുന്നത് ഒരു പക്ഷേ, കേള്‍ക്കാന്‍ പോലുമാവില്ല. സേതുമാധവന് സാറിന്റെ സൌമ്യമായ ഈ ശരീരഭാഷയും സംസാരവും കണ്ട് അദ്ദേഹത്തിന്റെ യൂണിറ്റ് നിശ്ശ്ബ്ദരായി ഇരുന്ന ശീലിച്ചതാവും എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
എന്നിലെ അഭിനേതാവിനെ പരുവപ്പെടുത്തിയെടുക്കന്നതില്‍ സേതുമാധവന് സാര്‍ നല്ല പങ്കുവഹിച്ചിട്ടുണ്ട്. എന്റെ ആദ്യ ചിത്രങ്ങളിലൊന്നായിരുന്നു അറിയാത്ത വീഥികള്‍. എനിക്കന്ന് 17 വയസ്സു മാത്രമാണു പ്രായം. ഷൂട്ടിങ്ങിനിടയിലെ ഒരു ഇടവേളയില്‍ അദ്ദേഹം എന്നെ അടുത്തുവിളിച്ചു. അതിനു മുന്‍പ് എടുത്ത ചില സീനുകളിലെ എന്റെ അഭിനയത്തെ അഭിനന്ദിച്ച ശേഷം അദ്ദേഹം പറഞ്ഞു: ‘റഹ്മാന്, ഞാനൊരു എക്സര്‍സൈസ് പറഞ്ഞുതരാം. അതേപടി ചെയ്യണം. അഭിനയത്തില്‍ നിനക്കുള്ള പോരായ്മകള്‍ മാറാന്‍ അതു സഹായിക്കും.’
അഭിനയം നന്നാവാന്‍ എക്സര്‍സൈസോ? ഞാന്‍ അദ്ദേഹമെന്താണ് പറയാന്‍ പോകുന്നതെന്ന് ആകാംഷയോടെ നോക്കി നിന്നു. അദ്ദേഹം രണ്ടു കല്ലുകള്‍ എടുത്ത എന്റെ കയ്യില്‍ തന്നു. ഒരു കൈ കൊണ്ട് ആ കല്ലുകള്‍ ഒന്നിനു പിറകെ ഒന്നായി പൊക്കിയിട്ട് പിടിക്കുക. അതു താഴെ വീഴാതെ നോക്കണം. അതേസമയത്ത് തന്നെ, ഡയലോഗ് പറയാന്‍ പഠിക്കുക. എനിക്ക് ആദ്യം കാര്യം മനസിലായില്ല. എല്ലാ നടന്മാരും ആദ്യസമയത്ത് നേരിടുന്ന ഒരു വലിയ പ്രതിസന്ധിക്ക് പരിഹാരം തരികയായിരുന്നു അദ്ദേഹമെന്നു മെല്ലെ മനസിലായി. അഭിനയിക്കുന്ന സമയത്ത് കൈകള്‍ എന്തു ചെയ്യണം എന്നതാണ് എല്ലാ നടന്മാരും നേരിടുന്ന പ്രശ്നങ്ങളിലൊന്ന്. എന്തെങ്കിലും പ്രവൃത്തി ചെയ്തുകൊണ്ടിരിക്കുക എന്നത് ഒരു പോംവഴിയാണ്. പക്ഷേ, അങ്ങനെയല്ലാത്ത ഒരു സീനാണെങ്കില്‍ എന്തു ചെയ്യും? സേതുമാധവന് സാര്‍ തന്ന കല്ലുകൊണ്ടുള്ള എക്സര്‍സൈസ് അതിനായിരുന്നു. ഒരേസമയം, രണ്ടു ജോലികള്‍ ചെയ്തു തലച്ചോറിനെ പരുവപ്പെടുത്തി എടുക്കുക.
സേതുമാധവന് സാര്‍ പഠിപ്പിച്ച അഭിനയത്തിന്റെ ഈ എക്സര്‍സൈസ് പിന്നീട് പല പുതുമുഖ താരങ്ങള്‍ക്കും ഞാന്‍ പറഞ്ഞുകൊടുത്തിട്ടുണ്ട്. അഭിനയം പഠിക്കാനുള്ള മാന്ത്രികക്കല്ലുകളാണിതെന്ന് പറഞ്ഞാണ് ഞാന്‍ കൊടുക്കുക.
വെറും കല്ലുകളിലും ഒരു അഭിനേതാവിന് സ്വീകരിക്കാന്‍ പലതുമുണ്ടെന്നു എന്നെ പഠിപ്പിച്ച സിനിമയുടെ മഹാമാന്ത്രികനായ സേതുമാധവന് സാറിനെ അപ്പോഴെല്ലാം ഞാന്‍ ഓര്‍ക്കാറുണ്ട്.
എനിക്കു പറഞ്ഞു തന്നതു പോലെ തന്റെ സിനിമകളില്‍ അഭിനയിച്ച താരങ്ങള്‍ക്കൊക്കെ അദ്ദേഹം ഉപദേശങ്ങള്‍ കൊടുത്തിട്ടുണ്ടാവും. ആ പട്ടികയില്‍ സത്യന് സാറും നസീര്‍ സാറും ഒക്കെ ഉള്‍പ്പെടുന്നു. സേതുമാധവന് സാറിന്റെ ഓര്‍മകള്‍ക്കു മുന്നില്‍ എന്റെ പ്രണാമം.
Recent Comments