കൈതപ്രം വിശ്വനാഥന് ഏറ്റവും അവസാനമായി ഈണം പകര്‍ന്ന പാട്ടിന്റെ പിറവിയെക്കുറിച്ച് ചിത്രത്തിന്റെ സംവിധായകന് ശ്രീനാഥ് ശിവ കാന്‍ചാനലിനോട് സംസാരിക്കുന്നു.
എന്റെ സിനിമയ്ക്കുവേണ്ടി ഞാന്‍ ആദ്യം അഡ്വാന്‍സ് നല്കിയതും വിശ്വേട്ടനാണ്. സംഗീതം മാത്രമല്ല, റീറിക്കോര്ഡിംഗിനുള്ള ചുമതലയും അദ്ദേഹത്തിനാണ് നല്‍കിയത്. കലാരൂപമായ തിറ വിഷയമാകുന്ന ചിത്രമാണ് (സെക്ഷന്‍ 306 ഐപിസി) എന്റേത്. അതിന്റെ പശ്ചാത്തല സംഗീതത്തിലും അത് കടന്നുവരണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. അതിനുവേണ്ടി തിറയാട്ടം കലാകാരന്മാരുമായി വിശ്വേട്ടന് സംസാരിച്ചിരുന്നു. അതൊക്കെ റിക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കുകയും ചെയ്തു. അപ്പോഴും അദ്ദേഹം അര്ബ്ബുദരോഗത്തിനുള്ള ചികിത്സയിലായിരുന്നു. തൊണ്ടയിലാണ് കാന്‍സര്‍ ബാധിച്ചത്. മുറുക്കുന്ന ശീലമുണ്ട് അദ്ദേഹത്തിന്. അതാണ് വില്ലനായി പരിണമിച്ചത്. അതൊന്നും സംഗീതം ചെയ്യുന്നതിന് അദ്ദേഹത്തിനൊരു തടസ്സം ആയിരുന്നതേയില്ല.
ചേട്ടന്കൂടിയായ കൈതപ്രം നമ്പൂതിരിയാണ് ഇതിലെ പാട്ടുകള്‍ എഴുതിയത്. ‘സതിയുണരുന്നു ചിതയില്‍നിന്ന് ഹിമഗിരി കന്യകപോലെ ജന്മബന്ധം മായില്ലല്ലോ തമ്മില്‍ ചേരാതെ…’ എന്ന് തുടങ്ങുന്നതാണ് വരികള്‍.
സിറ്റ്വേഷനൊക്കെ വിശ്വേട്ടന് പറഞ്ഞുകൊടുത്തിരുന്നു. അദ്ദേഹം ആദ്യപാട്ടിന്റെ കംപോസിംഗും പൂര്‍ത്തിയാക്കി. ട്രാക്ക് അയച്ചുകൊടുത്തത് കൈപ്രം ദാമോദരന്‍ നമ്പൂതിരിയുടെ മകന് ദീപാങ്കുരനാണ്. ട്രാക്ക് പാടിയതും അവനായിരുന്നു.
സോങ് റിക്കോര്ഡിംഗിനുമുമ്പുതന്നെ സര്‍ജറി വേണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന് റിക്കോര്‍ഡിംഗ് സ്റ്റുഡിയോയില്‍ എത്താനായില്ല. ഇക്കഴിഞ്ഞ ഡിസംബര്‍ 12 നായിരുന്നു റിക്കോര്‍ഡിംഗ്. ജയേട്ടനും (പി. ജയചന്ദ്രന്) ഇന്ദുലേഖാ വാര്യരും ചേര്‍ന്നാണ് ആ മനോഹരഗാനം ആലപിച്ചത്. ആശുപത്രികിടക്കയില്‍ കിടന്നുകൊണ്ടും വിശ്വേട്ടന് വീഡിയോകോളിലൂടെ നിര്‍ദ്ദേശങ്ങള്‍ നല്കിക്കൊണ്ടിരുന്നു. ആ പാട്ട് പാടിത്തീര്ന്നതിന്റെ പിറ്റേദിവസമാണ് ജയേട്ടന് ജെ.സി. ഡാനിയേല്‍ പുരസ്കാരം പ്രഖ്യാപിക്കുന്നത്. അതും മറ്റൊരു ആകസ്മികതയാകാം.
റിക്കോര്‍ഡിംഗ് പൂര്‍ത്തിയായപ്പോള്‍ ആ പാട്ട് വിശ്വേട്ടന് അയച്ചുകൊടുത്തിരുന്നു. രണ്ടാമത്തെ പാട്ടിന്റെ കംപോസിംഗിന് തയ്യാറെടുക്കുന്നതിനിടയിലാണ് സര്‍ജറിക്ക് വിധേയനായത്. സര്‍ജറിക്ക് പിന്നാലെ ന്യുമോണിയയായി. അത് ഇന്ഫക്ഷനായതോടെ രോഗം മൂര്‍ച്ഛിക്കുകയും അദ്ദേഹത്തെ മരണം കവര്ന്നുകൊണ്ടുപോവുകയുമായിരുന്നു.
മരണക്കിടക്കയിലായിരുന്നപ്പോഴും അദ്ദേഹത്തിന്റെ മനസ്സ് നിറയെ സംഗീതമായിരുന്നു. അവസാന നിമിഷവും ഒരു പാട്ടിന് ഈണം പകര്‍ന്നുകൊണ്ടാണ് ആ നാദോപാസകന് ഓര്‍മ്മയായിരിക്കുന്നത്. കാലങ്ങളെത്ര കഴിഞ്ഞാലും ആ പാട്ടുകളിലൂടെ അദ്ദേഹം ജീവിക്കുകതന്നെ ചെയ്യും. ശ്രീവര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീജിത്ത് വര്‍മ്മയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
Recent Comments