അഭിനേതാക്കള്‍ കഥാപാത്രങ്ങളായി മാറുന്ന അസുലഭ നിമിഷങ്ങള്‍ക്ക് പലതവണ സാക്ഷിയാകാന്‍ എനിക്കും ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്. സിനിമാ ലൊക്കേഷനുകളിലാണ് അതിനേറെയും അവസങ്ങളുണ്ടായിട്ടുള്ളത്.
എന്നാല്‍ അതില്‍നിന്നൊക്കെ വ്യത്യസ്തമായി അഭിമുഖത്തിനിടെ ഒരു നടന് അത്തരം അവസ്ഥയിലേയ്ക്ക് മാറുന്നതിനും ഞാന്‍ സാക്ഷിയായി. എന്നെ സംബന്ധിച്ചിടത്തോളം അത് ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത ഒരു നിമിഷം കൂടിയായിരുന്നു.
നടന് മനോജ് കെ. ജയനുമായിട്ടായിരുന്നു അഭിമുഖം. സര്‍ഗ്ഗത്തിലെ കുട്ടന്തമ്പുരാനെക്കുറിച്ചായിരുന്നു സംസാരിച്ചുകൊണ്ടിരുന്നത്. പെട്ടെന്നൊരു ആഗ്രഹം, ആ കുട്ടന് തമ്പുരാനെ വീണ്ടുമൊന്ന് കാണണം. ആവശ്യം മനോജിനെ അറിയിച്ചു. കുട്ടന് തമ്പുരാനിലേയ്ക്ക് എത്താന്‍ പാടാണെന്ന ആമുഖത്തോടെയായിരുന്നു ജയന്റെ തുടക്കം. പക്ഷേ ആ പറഞ്ഞ ആളിനെയായിരുന്നില്ല പിന്നീട് കണ്ടത്. സാവധാനം അദ്ദേഹം കുട്ടന്‍തമ്പുരാനായി മാറുകയായിരുന്നു. ആ നോട്ടം, സംസാരം, എല്ലാം അതുതന്നെ. പതിയെ ആ ശരീരം വിറകൊള്ളുന്നത് ഞാന്‍ കണ്ടു. കണ്ണുകളില്‍നിന്ന് ധാരധാരയായി കണ്ണീര് പ്രവഹിക്കുന്നതും. കുട്ടന്‍തമ്പുരാന്റെ സാന്നിദ്ധ്യം ഞാനും അറിയുകയായിരുന്നു. എന്റെ ശരീരത്തിലെ രോമകൂപങ്ങളും ആ ഊര്ജ്ജാവേശത്താല് ജ്വലിച്ചു. കണ്ണുകളും ഈറനണിഞ്ഞു.
നടന് തന്റെ ശരീരം വിട്ട് അഭിനേതാവായി കൂടേറുന്ന മാന്ത്രിക സന്ദര്‍ഭങ്ങളെക്കുറിച്ച് വളരെയേറെ കേട്ടിരിക്കുന്നു. അതൊരു ചെറിയ നിമിഷത്തേക്കാണെങ്കില്പോലും ഒരു സന്യാസി തന്റെ തപസ്സ് കൊണ്ട് നേടുന്ന മോക്ഷപ്രാപ്്തിക്ക് തുല്യമാണത്. അത്തരമൊരു നേര്സാക്ഷ്യത്തിന് എനിക്കും ഭാഗ്യമുണ്ടായല്ലോ. ദൈവത്തിന് നന്ദി.
-സുരേഷ് കെ.
അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം കാണാം:
Recent Comments