ടൊവിനോ തോമസ് ആദ്യമായി ട്രിപ്പിള്‍റോളില്‍ എത്തുന്നു. ചിത്രം അജയന്റെ രണ്ടാംമോഷണം. കുറച്ച് നാളുകള്‍ക്കുമുമ്പ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. അതില്‍ ടൊവിനോയുടെ മൂന്ന് ഗെറ്റപ്പിലുള്ള ക്യാരക്ടര്‍ സ്കെച്ചുണ്ടായിരുന്നു. രണ്ട് ദിവസം മുമ്പ് വീണ്ടുമൊരു പോസ്റ്റര്‍ കൂടി പുറത്തുവിട്ടു. ഇത്തവണ അത് മണിയന്റെ ക്യാരക്ടര്‍ പോസ്റ്ററായിരുന്നു. അതിന് പിന്നാലെയാണ് ചിത്രത്തിന്റെ സംവിധായകന് ജിതിന് ലാലിനെ ഞങ്ങള്‍ വിളിച്ചതും.
ജിതിനെ ഞങ്ങള്‍ക്ക് നേരത്തേ അറിയാം. കല്‍ക്കിയുടെ ലൊക്കേഷനില്വച്ചുള്ള പരിചയമാണ്. കല്‍ക്കിയുടെ അസോസിയേറ്റായിരുന്നു ആ ചെറുപ്പക്കാരന്. അതിനുശേഷം ഇന്നാണ് വിളിക്കുന്നത്.
‘കൂതറയുടെ സെറ്റില്‍വച്ചാണ് ഞാന്‍ ആദ്യമായി ടൊവിനോയെ പരിചയപ്പെടുന്നത്. കല്‍ക്കിയുടെ ഡയറക്ടര്‍ പ്രവീണിനോടൊപ്പം പോയതായിരുന്നു. അന്ന് അവരുടെ സംഘത്തില്‍ ഞാനുമുണ്ടായിരുന്നു. അതിനുശേഷം ഞാന്‍ വിമലിന്റെ അസിസ്റ്റന്റ് ഡയറക്ടറായി. ചിത്രം എന്ന് നിന്റെ മൊയ്തീന്. ആദ്യം വര്‍ക്ക് ചെയ്തത് മൊയ്തീനിലാണെങ്കിലും പുറത്തിറങ്ങിയത് ബേസില്‍ ജോസഫിന്റെ കുഞ്ഞിരാമായണമാണ്. അതിനുശേഷം ബേസിലിന്റെ തന്നെ ‘ഗോദ’യുടെയും അസോസിയേറ്റായി. പിന്നീടാണ് കല്‍ക്കിയില്‍ വര്‍ക്ക് ചെയ്യാനെത്തുന്നത്.’ ജിതിന്‍ലാല്‍ പറഞ്ഞുതുടങ്ങി.
‘മൂന്ന് വര്‍ഷം മുമ്പാണ് ടൊവിനോയോട് ഇതിന്റെ കഥ പറയുന്നത്. ഞാന്‍ ഈ കഥ ആദ്യം പറയുന്നതും ടൊവിയോടാണ്. അന്ന് ഈ കഥയ്ക്ക് ഇത്ര വലിപ്പമില്ലായിരുന്നു. ഒരു ചെറിയ സിനിമ. പക്ഷേ അന്നത്തെ ടൊവിയല്ല ഇന്ന്. അദ്ദേഹത്തിന്റെ താരമൂല്യം അത്രകണ്ട് വര്‍ദ്ധിച്ചിരിക്കുന്നു. അതിനനുസരിച്ച് ഞങ്ങളുടെയും കഥ വളര്‍ന്നു. ഒരു ബിഗ് കാന്‍വാസിലാണ് അജയന്റെ രണ്ടാം മോഷണം ഇപ്പോള്‍ ചെയ്യാനൊരുങ്ങുന്നതും.’
‘മൂന്ന് കാലഘട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. പതിനെട്ടാം നൂറ്റാണ്ടിലാണ് ആദ്യ കഥ നടക്കുന്നത്. അതിലെ നായകന് യോദ്ധാവായ കുഞ്ഞിക്കേളുവാണ്. തികഞ്ഞ കളരി അഭ്യാസിയാണ്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനുമുമ്പുള്ള കാലഘട്ടമാണ് രണ്ടാമത്തെ കഥയുടെ പശ്ചാത്തലം. കള്ളനായ മണിയനാണ് അതിലെ കേന്ദ്രകഥാപാത്രം. തൊണ്ണൂറുകളില്‍ നടക്കുന്ന കഥയിലാകട്ടെ അയാളൊരു സാധാരണ ചെറുപ്പക്കാരനാണ്. അജയനെന്നാണ് അയാളുടെ പേര്. അജയന് മണിയനിലേയ്ക്കും കുഞ്ഞിക്കേളുവിലേയ്ക്കും എങ്ങനെ കണക്ട് ചെയ്യപ്പെടുന്നുവെന്ന് ചിത്രം പറയുന്നുണ്ട്. മോഷണപരമ്പരയാണ് കഥയുടെ തീം. അതൊരു അമര്‍ ചിത്രകഥയുടെ കെട്ടിലും മട്ടിലും അവതരിപ്പിക്കാനാണ് ശ്രമം.’
‘ചിത്രത്തിന്റെ ഷൂട്ടിംഗ് മേയ്യില്‍ തുടങ്ങും. കാസര്‍ഗോഡും കണ്ണൂരുമാണ് പ്രധാന ലൊക്കേഷന്‍. തൊണ്ണൂറു ദിവസത്തെ ഷൂട്ടിംഗാണ് പ്ലാന്‍ ചെയ്യുന്നത്. അതിന് മുന്നോടിയായി ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന് വര്‍ക്കുകളാണ് നടന്നുകൊണ്ടിരിക്കുന്നത്. രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡിജിറ്റല്‍ സ്റ്റോറി ബോര്‍ഡിന്റെയും മുപ്പത് മിനിറ്റ് ദൈര്‍ഘ്യമുള്ള ത്രിഡി പ്രീവിഷ്വലൈസേഷനുമാണ് നടന്നുകൊണ്ടിരിക്കുന്നത്. ത്രിഡി പ്രീവിഷ്വലൈസേഷന്‍ ഹോളിവുഡ് സിനിമകളില്‍ ഇന്ന് സര്വ്വസാധാരണ്. സോഫ്റ്റ് വെയറിന്റെ സഹായത്തോടെ സിനിമയുടെ ത്രീഡി വെര്ഷന് വിഷ്വലൈസ് ചെയ്യും. പിന്നീട് അതിന്റെ സഹായത്തോടെയാവും ഷൂട്ടിംഗ്. അത് ഷൂട്ടിംഗിന്റെ സങ്കീര്‍ണ്ണത കുറയ്ക്കും.’
‘ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലേയ്ക്കും ചിത്രം ഡബ്ബ് ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരനിരയില്‍ അന്യഭാഷയില്‍നിന്നുള്ള അഭിനേതാക്കളും ഉണ്ടാകും. കാസ്റ്റിംഗ് നടന്നുവരികയാണ്. സുജിത്ത് നമ്പ്യാരാണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ദീപു പ്രദീപും സഹായത്തിനുണ്ട്. ദിബു നൈനാന് തോമസാണ് സംഗീത സംവിധാനം. ബാദുഷയാണ് പ്രൊജക്ട് ഡിസൈനര്‍. ടെക്നിക്കല്‍ ക്രൂവിനേയും വൈകാതെ പ്രഖ്യാപിക്കും. യു.ജി.എം ആണ് ഈ ബിഗ് ബജ്ജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്.’ ജിതിന്‍ലാല്‍ പറഞ്ഞുനിര്‍ത്തി.
Recent Comments