ഏറെ പുതുമകളും അതിലേറെ കൗതുകങ്ങളുമായി മലയാളത്തില്‍ ഒരു പുതിയ സിനിമ ഒരുങ്ങുന്നു – ഹെഡ് മാസ്റ്റര്‍. ചാനല്‍ ഫൈവിന്റെ ബാനറില്‍ ശ്രീലാല്‍ ദേവരാജാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. മലയാള സിനിമാ ലോകത്തെ മൂന്ന് തലമുറകള്‍ ഹെഡ് മാസ്റ്ററില്‍ ഒത്തുചേരുന്നു എന്നതാണ് പ്രത്യേകത.
75 വയസ്സ് പിന്നിട്ടിട്ടും ഇന്നും ശബ്ദത്തില്‍ ആര്‍ദ്രപ്രണയത്തിന്റെ മധുരം സൂക്ഷിക്കുന്ന മലയാളത്തിന്റെ ഭാവഗായകന് ജയചന്ദ്രന്, തനതു നാടകങ്ങളുടെയും സംഗീതത്തിന്റെയും ആചാര്യന് കാവാലം നാരായണപണിക്കരുടെ മകന് കാവാലം ശ്രീകുമാര്‍, പുതിയ തലമുറയിലെ പുതുശബ്ദമായ നിത്യാമാമ്മന്‍ എന്നിവരാണ് ഹെഡ്മാസ്റ്ററിലൂടെ ഒന്നിക്കുന്നത്.
മുന്‍തലമുറയിലെ അധ്യാപകരുടെ ദുരിതജീവിതങ്ങളുടെ നേര്‍ക്കാഴ്ചയാണ് ഹെഡ് മാസ്റ്റര്‍. പ്രശസ്ത ചെറുകഥകൃത്ത് കാരൂരിന്റെ കഥയായ പൊതിച്ചോറിന്റെ ചലച്ചിത്ര ഭാഷ്യമാണ് ഹെഡ് മാസ്റ്റര്‍. കവി പ്രഭാവര്‍മ്മയുടെ വരികള്‍ക്ക് കാവാലം ശ്രീകുമാര്‍ സംഗീതം ഒരുക്കുന്നു. കാവാലം ശ്രീകുമാര്‍ സംഗീതം ഒരുക്കുന്ന ആദ്യ സിനിമ കൂടിയാണ് ഹെഡ് മാസ്റ്റര്‍.
സംഗീത ലോകത്തിലെ തലമുറകളുടെ സംഗമം ഇപ്പോഴേ സിനിമാ ലോകത്തു ചര്‍ച്ചയായി കഴിഞ്ഞു. രാജിവ് നാഥ് സംവിധാനം നിര്‍വഹിക്കുന്ന ഹെഡ് മാസ്റ്ററിന്റെ തിരക്കഥ രാജീവ് നാഥും, കെ.ബി. വേണുവും ചേര്‍ന്ന് നിര്‍വഹിച്ചിരിക്കുന്നു. ക്യാമറ പ്രവീണ്‍ പണിക്കര്‍. എഡിറ്റിംഗ് ബീന പോള്‍, പിആര്‍ഒ അജയ് തുണ്ടത്തില്‍.
ജനുവരി 14 നു തിരുവനന്തപുരത്ത് ഹെഡ് മാസ്റ്ററിന്റെ ചിത്രീകരണം ആരംഭിക്കും.
Recent Comments