രാമായണത്തെ അധീകരിച്ച് ബോളിവുഡ് സംവിധായകന് നിതേഷ് തിവാരി ഒരു ബ്രഹ്മാണ്ഡ സിനിമ ചെയ്യാന്‍ ഒരുങ്ങുകയാണ്. മഹേഷ് ബാബു, ഹൃത്വിക് റോഷന്, ദീപിക പാദുകോണ്‍ എന്നിവരാണ് താരനിരയിലുള്ളത്. മധു മണ്ടേന നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം ആരംഭിക്കാനാണ് തീരുമാനിച്ചിരുന്നത്. ചിത്രത്തില്‍ സീതയായി ദീപിക പദുക്കോണും രാവണനായി ഹൃത്വിക് റോഷനും രാമനായി മഹേഷ്ബാബുവും അഭിനയിക്കുന്നുവെന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍ രാമന്റെ വേഷത്തില്‍നിന്ന് മഹേഷ്ബാബു പിന്മാറുന്നുവെന്നാണ് പുതിയ വിവരം.
ആര്ആര്ആറിനുശേഷമുള്ള രാജമൗലി ചിത്രമാണ് മഹേഷ്ബാബു കമ്മിറ്റ് ചെയ്തിരുന്ന ഏറ്റവും പുതിയ സിനിമ. ഇക്കാര്യം അദ്ദേഹംതന്നെയാണ് ഒരു പ്രൊമോഷന് പരിപാടിക്കിടെ വെളിപ്പെടുത്തിയതും. രാജമൗലി ചിത്രം പൂര്‍ത്തീകരിക്കാന്‍ മൂന്നു വര്‍ഷമെടുക്കുമെന്നാണ് ഇപ്പോള്‍ കണക്കുകൂട്ടുന്നത്. നിതേഷ് തിവാരിയുടെ ഹിന്ദി ചിത്രത്തിനും രണ്ട് വര്‍ഷത്തെ ഷൂട്ടിംഗ് ഷെഡ്യൂളുണ്ടാകും. ഈ ഡേറ്റ് ക്ലാഷ് ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണ് തിവാരിചിത്രത്തില് നിന്ന് മഹേഷ്ബാബു പിന്മാറിയത്. ഇതിനുമുമ്പും ചില ബോളിവുഡ് സിനിമകള്‍ മഹേഷ്ബാബു നിരസിച്ചിട്ടുണ്ട്.
ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍ തേജ, ആലിയ ഭട്ട്, അജയ് ദേവ്ഗണ് എന്നിവരെ പ്രധാന വേഷങ്ങളില്‍ അവതരിപ്പിക്കുന്ന ആര്‍ആര്‍ആര്‍ ആണ് രാജമൗലിയുടെ പുതിയ സിനിമ. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ജനുവരി ഏഴിന് നടക്കേണ്ടിയിരുന്ന സിനിമയുടെ റിലീസ് നീട്ടി വച്ചിരിക്കുകയാണ്.
Recent Comments