മോഹന്‍ലാലും മനോജ് കെ. ജയനും നിരവധി സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുള്ളവരാണ്. ലാലുമായുള്ള രസകരമായ ഒട്ടേറെ അനുഭവങ്ങള്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുമുണ്ട്. ഇതുവരെ ആരോടും പറയാതിരുന്ന അത്തരമൊരനുഭവം കാന്‍ ചാനല്‍ മീഡിയയുമായി പങ്കുവെക്കുകയാണ് താരം.
‘മോഹന്‍ലാല്‍ നായകനായ സാഗര്‍ ഏലിയാസ് ജാക്കിയില്‍ അഭിനയിക്കുന്ന സമയം. കോവളം കടപ്പുറമായിരുന്നു ലൊക്കേഷന്‍. എന്റെയും ലാലേട്ടന്റയും കോമ്പിനേഷന്‍ സീനാണ് ഷൂട്ട് ചെയ്യുന്നത്. രാവിലെ ഏഴരയ്ക്ക് തന്നെ ഷൂട്ടിങ് ആരംഭിച്ചു. ഒറ്റ സ്ട്രെച്ചില്‍ തീര്‍ക്കേണ്ട ദൈര്‍ഘ്യമേറിയ സീന്‍ ആയതുകൊണ്ട് ഇടയ്ക്ക് ബ്രേക്ഫാസ്റ്റിനുള്ള അവസരം കിട്ടിയിരുന്നില്ല. ഏകദേശം ഒന്‍പതര മണിയായി. ഇടയ്ക്കെപ്പോഴോ ഒരു ഗ്യാപ്പ് വന്നപ്പോള്‍ ബ്രേക്ഫാസ്റ്റ് കഴിച്ചോളാന്‍ സംവിധായകന് അമല്‍ നീരദ് പറഞ്ഞു. ഞങ്ങള്‍ക്ക് നല്ല വിശപ്പുണ്ടായിരുന്നു. കടപ്പുറം ആയതുകൊണ്ട് എവിടെ ഇരുന്നു കഴിക്കും എന്ന് ഞാന്‍ ലാലേട്ടനോട് ചോദിച്ചു. അന്ന് ലാലേട്ടന്റെ വാഹനം പജീറോ ആയിരുന്നു. ആ വണ്ടിയില്‍ ഇരുന്ന് കഴിക്കാം എന്ന് അദ്ദേഹം പറഞ്ഞു. ലാലേട്ടന്റെ വണ്ടിയുടെ പിന് സീറ്റില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ തയ്യാറെടുക്കുകയായിരുന്നു. രണ്ട് ടിഫിന്‍ കാരിയറിലായി ബ്രേക്ക്ഫാസ്റ്റ് വച്ചിട്ടുണ്ടായിരുന്നു. ഇഡ്ഡലിയും സാമ്പാറും ചമ്മന്തിയും ഉണ്ട്. ഇഡ്ഡലിയുടെ കൂടെ ചമ്മന്തി കൂട്ടിയാണ് ഞാന്‍ കഴിക്കാറ്. മൂന്നാല് ഇഡ്ഡലി എടുത്ത് അതില്‍ ചമ്മന്തി ഒഴിച്ച് ഇളക്കി തുടങ്ങി. അപ്പോഴേക്കും ലാലേട്ടന് കഴിക്കാന്‍ ആരംഭിച്ചിരുന്നു. ഭക്ഷണം കഴിക്കാനായി വായില്‍ വച്ചു നോക്കിയപ്പോള്‍ ചമ്മന്തി അല്പം പുളിച്ചു തുടങ്ങിയിരുന്നു. ഒരുതരത്തിലും അത് കഴിക്കാന്‍ എനിക്ക് സാധിക്കുമായിരുന്നില്ല. ഈ സമയമെല്ലാം ലാലേട്ടന് ഭക്ഷണം ആസ്വദിച്ച് കഴിക്കുകയായിരുന്നു. ഞാന്‍ ഭക്ഷണം കഴിക്കാതെ ഇരിക്കുന്നത് കണ്ടിട്ട് ലാലേട്ടന് ചോദിച്ചു ‘എന്തുപറ്റി മോനേ?’ ‘ലാലേട്ടാ ചമ്മന്തി പുളിച്ചു പോയിട്ടുണ്ട്. എനിക്ക് കഴിക്കാനാവുന്നില്ല’. ഞാന്‍ പറഞ്ഞു. ‘അങ്ങനെയെങ്കില്‍ സാമ്പാറ് കൂട്ടി കഴിച്ചുകൂടെ’ ലാലേട്ടന് ചോദിച്ചു. സാമ്പാറിനോടുള്ള എന്റെ ഇഷ്ടക്കേട് ലാലേട്ടനോട് പറഞ്ഞപ്പോള്‍ നിരാശയോടെ അദ്ദേഹം പറഞ്ഞു. ‘പിന്നെ എന്തിനാ മോനെ നീ ഇത്രയും ഫുഡ് വേസ്റ്റ് ആക്കിയത്. ആഹാരം ദൈവം തരുന്നതാണ്. അതൊരിക്കലും പാഴാക്കരുത്.’ ഭക്ഷണത്തെ ഈശ്വരതുല്യമായി കാണുന്ന അദ്ദേഹത്തിന്റെ മഹത്വം അപ്പോഴാണ് ഞാന്‍ മനസ്സിലാക്കിയത്.’
പിന്നീട് അദ്ദേഹം ചെയ്ത പ്രവൃത്തി എന്നെ ശരിക്കും ഞെട്ടിച്ചുകളഞ്ഞു. എന്റെ കൈകൊണ്ട് ഞാന്‍ കുഴച്ച് മറിച്ച ആ ഭക്ഷണം ഒരു മടിയും കൂടാതെ അദ്ദേഹം കഴിച്ചു തീര്‍ത്തു. ഒരുപക്ഷെ സ്വന്തം വീട്ടുകാരോ വേണ്ടപ്പെട്ടവരോ ചെയ്യാന്‍ വിമുഖത കാണിക്കുന്ന ഒരു പ്രവൃത്തിയാണ് അദ്ദേഹം ചെയ്തത്. ഭക്ഷണത്തിന്റെ വില അറിയാവുന്ന ഒരു വ്യക്തിക്ക് മാത്രമേ അങ്ങനെ ചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനും കഴിയുകയുള്ളു’.
Recent Comments