ഹരീഷ് പേരടിയെ വിളിക്കുമ്പോള്‍ അദ്ദേഹം ഹോട്ടലില്‍നിന്ന് എയര്‍പോര്‍ട്ടിലേയ്ക്ക് ഇറങ്ങാനുള്ള ഒരുക്കത്തിലായിരുന്നു. വൈകിട്ട് മൂന്നരയ്ക്കാണ് ഫ്ളൈറ്റ്. ഹൈദരാബാദില്‍ നിന്ന് കൊച്ചിയിലേയ്ക്കാണ് യാത്ര. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന വാത്തിയുടെ ഹൈദരാബാദ് ഷെഡ്യൂള്‍ കഴിഞ്ഞുള്ള മടക്കയാത്രയാണ്. ധനുഷാണ് നായകന്. ആ സിനിമയുടെ വിശേഷങ്ങള്‍ അറിയാനാണ് ഹരീഷിനെ വിളിച്ചത്.
‘ധനുഷിനോടൊപ്പം ഞാന്‍ അഭിനയിക്കുന്ന ആദ്യ സിനിമയാണിത്. മുമ്പൊരിക്കല്‍ ഒരവസരം കൈവന്നിരുന്നെങ്കിലും ഡേറ്റ് ക്ലാഷ് മൂലം അത് നടന്നില്ല. വെങ്കി അറ്റ്ലൂരിയാണ് പുതിയ ചിത്രത്തിന്റെ സംവിധായകന്. തമിഴിലും തെലുങ്കിലുമായി ഒരേസമയം നിര്‍മ്മിക്കുന്ന ചിത്രമാണ്. വാത്തി എന്നാണ് തമിഴ് ടൈറ്റില്‍. തെലുങ്കില്‍ സാര്‍ എന്നും.’
‘ധനുഷിന്റെ തുടക്കകാലം മുതല്‍ അദ്ദേഹത്തിന്റെ അഭിനയം ശ്രദ്ധിക്കുന്ന ഒരാളാണ് ഞാന്‍. ബ്രില്യന്റ് ആക്ടറാണ്. മികച്ച നടനുള്ള ദേശീയ പുരസ്കാരം രണ്ട് തവണ സ്വന്തമാക്കിയ ഒരു അഭിനേതാവിനോടൊപ്പം സ്ക്രീന്‍സ്പെയ്സ് പങ്കിടാന്‍ കഴിയുന്നതുതന്നെ വലിയ സന്തോഷമുള്ള കാര്യമാണ്. റിയലിസ്റ്റിക് ആക്ടിംഗിന്റെ വ്യക്താവാണ് ധനുഷ്. അദ്ദേഹം എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുന്നത് ആക്ടിംഗിനെക്കുറിച്ച് മാത്രമാണ്.’
‘വാത്തിയില്‍ വളരെ ശക്തമായ കഥാപാത്രത്തെ തന്നെയാണ് ഞാന്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ വില്ലനല്ല. സ്വഭാവനടനാണ്. സംയുക്ത മേനോനാണ് നായിക. മലയാളത്തില്‍നിന്ന് പ്രവീണയും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. ആടുകളം നരേനാണ് ചിത്രത്തിലെ മറ്റൊരു താരം.’
‘വാത്തിയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായിട്ടില്ല. മാര്‍ച്ചിലെ ഷെഡ്യൂളില്‍ ഞാന്‍ വീണ്ടും ജോയിന്‍ ചെയ്യും. കൊച്ചിയില്‍ എത്തിയാലുടന്‍ കുറ്റിക്കാനത്തേയ്ക്ക് പോകും. അവിടെ നവാഗതനായ ഷാനു സംവിധാനം ചെയ്യുന്ന സിനിമയിലും ഞാന്‍ അഭിനയിക്കുന്നുണ്ട്. അത് കഴിഞ്ഞാല്‍ കണ്ണന് താമരകുളത്തിന്റെ വരാലില്‍ ജോയിന്‍ ചെയ്യും. തൊടുപുഴയാണ് അതിന്റെ ലൊക്കേഷന്‍.’ ഹരീഷ് പേരടി പറഞ്ഞു.
Recent Comments