മാക്ട പുറത്തിറക്കുന്ന 2022 ലെ ഡയറിയുടെ മുഖച്ചിത്രം മണ്മറഞ്ഞ സംവിധായകന് കെ.എസ്. സേതുമാധവന്റേതാണ്. സേതുമാധവന്റെ അക്രിലിക് പെയിന്റിംഗാണ് മുഖച്ചിത്രത്തിനായി തെരഞ്ഞെടുത്തിരിക്കുന്നതും. അത് വരച്ചിരിക്കുന്നതാകട്ടെ കോട്ടയം നസീറും.
‘മാക്ടയിലെ ചില ഭാരവാഹികള്‍ തന്നെയാണ് ഇങ്ങനെയൊരു ആവശ്യം പറഞ്ഞ് എന്നെ വിളിക്കുന്നത്. അതൊരു അംഗീകാരമായിട്ടാണ് എനിക്ക് തോന്നിയത്. മലയാളത്തിലെ എണ്ണം പറഞ്ഞ സംവിധായകരിലൊരാളാണ് കെ.എസ്. സേതുമാധവന് സാര്‍. ഞാനൊക്കെ ആരാധനയോടെ മാത്രം നോക്കിക്കണ്ടിരുന്ന ഒരാള്‍. അങ്ങനെ ഒരാളുടെ ചിത്രം വരയ്ക്കാന്‍ കഴിയുന്നത് തന്നെ സന്തോഷമുള്ള കാര്യമാണ്. ചിത്രം വരച്ച് കഴിഞ്ഞതിനുശേഷം സേതുമാധവന് സാറിനെ നേരിട്ട് കണ്ട് അത് സമ്മാനിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. ആ കാല്‍തൊട്ട് അനുഗ്രഹം വാങ്ങാനും. പക്ഷേ അതിനുമുമ്പേ അദ്ദേഹം യാത്രയായി. എങ്കിലും ഞാന്‍ വരച്ച ചിത്രം മാക്ട പോലൊരു സംഘടനയുടെ മുഖച്ചിത്രമായി വരുന്നതിന്റെ ത്രില്ലിലാണ് ഞാനിപ്പോള്‍. വൈകാതെ ഈ ഫോട്ടോ ഞാന്‍ അവര്‍ക്ക് കൈമാറും.’ കോട്ടയം നസീര്‍ തുടര്‍ന്നു.
‘ഇതുപോലെ താരസംഘടനയായ അമ്മയിലെ മുതിര്‍ന്ന ചില താരങ്ങളുടെ ഛായാചിത്രങ്ങള്‍ വരയ്ക്കാനുള്ള ഉദ്യമത്തിലാണ്. ഈ മാസം 26 ന് മിമിക്രി ആര്‍ട്ടിസ്റ്റ് അസോസിയേഷന്റെ പൊതുയോഗം നടക്കുന്നുണ്ട്. അവര്‍ക്ക് നല്‍കാനുള്ള ഒരു ചിത്രരചനയിലാണ് ഞാനിപ്പോള്‍.’ നസീര്‍ പറഞ്ഞു.
Recent Comments