ആദ്യ ചിത്രമായ തുള്ളുവതെ ഇളമൈയിലൂടെ യുവാക്കളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയെടുക്കുകയും പില്ക്കാലത്ത് തമിഴകത്തെ മികച്ച അഭിനേതാക്കളുടെ ശ്രേണിയിലേയ്ക്ക് ഉയരുകയും ചെയ്ത നടനാണ് വെങ്കിടേഷ് പ്രഭു കസ്തൂരിരാജ എന്ന ധനുഷ്. തമിഴിലെ അറിയപ്പെടുന്ന കുടുംബമാണ് ധനുഷിന്റേത്. അച്ഛന് കസ്തുരി രാജ അവിടുത്തെ മുന്‍നിര സംവിധായകരിലൊരാളുമായിരുന്നു. അച്ഛന്റെ അനുഗ്രഹാശിസ്സുകളോടുകൂടിയാണ് ധനുഷ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നതും.
രജനീകാന്തിനെ അനുകരിച്ചായിരുന്നു ധനുഷിന്റെ ആദ്യകാല പ്രകടനങ്ങള്‍. സ്വാഭാവികമായും തമിഴ് ജനത ഭാവിയിലെ രജനിയായി ധനുഷിനെ കരുതുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ രജനിയും ധനുഷിനെ സസൂക്ഷ്മം നിരീക്ഷിച്ചിരുന്നുവെന്നുവേണം കരുതാന്‍. ധനുഷിന്റെ ചിത്രങ്ങളൊക്കെ വിജയിക്കുകയും വളരെ പെട്ടെന്നുതന്നെ അവിടുത്തെ മുന്‍നിര താരങ്ങളിലൊരാളായി അദ്ദേഹം വളരുകയും ചെയ്തു. മികച്ച നടനുള്ള ദേശീയ പുരസ്കാരം രണ്ട് തവണയാണ് ധനുഷ് തമിഴകത്തേയ്ക്ക് എത്തിച്ചത്.
ഒരു മികച്ച നടനിലേയ്ക്ക് എത്തുംമുമ്പുതന്നെ ധനുഷ് വാര്‍ത്തകളില്‍ ഇടംനേടിയത് അദ്ദേഹത്തിന്റെ വിവാഹവാര്ത്തകളിലൂടെയായിരുന്നു. രജനികാന്തിന്റെ മകള്‍ ഐശ്വര്യയെ ധനുഷ് വിവാഹം കഴിക്കാന്‍പോകുന്നു എന്ന വാര്‍ത്തകള്‍ അക്കാലത്ത് വന്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇരുവരും കടുത്ത പ്രണയത്തിലായിരുന്നു. എന്നാല്‍ മനസ്സുകൊണ്ട് ഇവരെ അംഗീകരിക്കാന്‍ രജനികാന്ത് ആദ്യം തയ്യാറായിരുന്നില്ല. പിന്നീട് രണ്ട് കുടുംബങ്ങള്ക്കുമിടയിലുള്ള മഞ്ഞുരുകുകയും കുടുംബാംഗങ്ങളുടെ അനുഗ്രഹാശിസ്സുകളോടെ ആ വിവാഹം നടക്കുകയുമായിരുന്നു. 2004 നവംബര്‍ 18 നായിരുന്നു ധനുഷ് – ഐശ്വര്യ വിവാഹം. 18 വര്‍ഷങ്ങള്‍ക്കിപ്പുറം അവര്‍ വേര്‍പിരിയാന്‍ തിരഞ്ഞടുത്തതും അതേ തീയതിയാണെന്നുള്ളത് മറ്റൊരു ആകസ്മികതയാകാം.
🙏🙏🙏🙏🙏 pic.twitter.com/hAPu2aPp4n
— Dhanush (@dhanushkraja) January 17, 2022
തങ്ങളുടെ വേര്‍പിരിയലിനെക്കുറിച്ച് ധനുഷ് ട്വിറ്ററില്‍ കുറിച്ചതിങ്ങനെ… ’18 വര്‍ഷത്തെ ഒരുമിച്ചുള്ള യാത്ര, സുഹൃത്തുക്കളായും ദമ്പതികളായും മാതാപിതാക്കളായും അഭ്യുദയാകാക്ഷികളായുമുള്ള യാത്ര. പരസ്പരം മനസ്സിലാക്കിയും പൊരുത്തപ്പെട്ടുമുള്ളതായിരുന്നു ആ യാത്ര. എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ നില്‍ക്കുന്നത് ഞങ്ങളുടേതായ വഴികള്‍ വേര്‍പിരിയുന്ന ഒരിടത്താണ്. ഐശ്വര്യയും ഞാനും ദമ്പതികളെന്ന നിലയില്‍ വേര്‍പിരിയാനും വ്യക്തികളെന്ന നിലയില്‍ പരസ്പരം മനസ്സിലാക്കാനും ശ്രമിക്കും.’
തെലുങ്കാനയിലെ നാഗചൈതന്യ-സാമന്ത വേര്‍പിരിയലിനുശേഷം ഏറെ മാധ്യമ ശ്രദ്ധനേടുകയാണ് ഐശ്വര്യ-ധനുഷ് വേര്‍പിരിയലും.
Recent Comments