1744 WA. സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേരാണ്. പേരുകൊണ്ട് അര്‍ത്ഥമാക്കുന്നത് എന്താണെന്ന് ചോദിച്ചപ്പോഴാണ് സെന്ന ഹെഗ്ഡെ പറഞ്ഞു.
‘1744 വൈറ്റ് ആള്‍ട്ടോ എന്നതിന്റെ ചുരുക്കെഴുത്താണ് 1744 WA. 1744 വണ്ടി നമ്പറാണ്. കാറിന്റെ നിറമാണ് വൈറ്റ്. ആള്‍ട്ടോ കാറിന്റെ മോഡലും. ഒരു ക്രൈം ഇന്‍വെസ്റ്റിഗേഷനാണ് ചിത്രം. പക്ഷേ പൂര്‍ണ്ണമായും നര്‍മ്മത്തില്‍ അവതരിപ്പിക്കുന്നുവെന്ന് മാത്രം.’ സെന്ന പറഞ്ഞു.
തിങ്കളാഴ്ച നിശ്ചയം എന്ന ആദ്യ ചലച്ചിത്രത്തിലൂടെതന്നെ താന്‍ വ്യത്യസ്തനാണെന്ന് തെളിച്ച സംവിധായകനും എഴുത്തുകാരനുമാണ് സെന്ന ഹെഗ്ഡെ. താരനിര്‍ണ്ണയത്തില്‍ മാത്രമല്ല മേക്കിംഗിലും ഇതുവരെ അധികമാരും സഞ്ചരിക്കാത്ത വഴികളിലൂടെയൊക്കെയാണ് അദ്ദേഹം നമ്മളെ കൂട്ടിക്കൊണ്ട് പോയത്. അതുകൊണ്ടുതന്നെ മൊത്തത്തിലും ഒരു പുതുമയുണ്ടായിരുന്നു. ആ മികവിനെ സംസ്ഥാന ജ്യൂറിയും അംഗീകരിച്ചു. മികച്ച രണ്ടാമത്തെ ചലച്ചിത്രത്തിനുള്ള അവാര്‍ഡും നല്കി. തിങ്കളാഴ്ച നിശ്ചയത്തിനുശേഷം സെന്ന എഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 1744 WA.
തിങ്കളാഴ്ച നിശ്ചയം കഴിഞ്ഞയുടനെ കുഞ്ചാക്കോ ബോബനെ നായകനാക്കി പത്മിനി എന്ന പേരില്‍ ഒരു ചിത്രവും അദ്ദേഹം അനൗണ്‍സ് ചെയ്തിരുന്നു. പക്ഷേ ചാക്കോച്ചന് നേരത്തെ കമ്മിറ്റ് ചെയ്ത ചിത്രങ്ങള്‍ പൂര്‍ത്തിയാകാത്ത പശ്ചാത്തലത്തില്‍ അത് നീട്ടിവയ്ക്കേണ്ടി വന്നു.
‘ഷൂട്ടിംഗിന് വേണ്ടി മാത്രം കാത്തിരിക്കുന്ന ഒരു സിനിമയാണ് പത്മിനി. ഇപ്പോഴത്തെ പ്ലാന്‍ അനുസരിച്ച് മാര്‍ച്ചില്‍ തുടങ്ങും. അതിനിടയിലാണ് ഈ കഥയുടെ പ്ലോട്ട് ഉണ്ടാകുന്നത്. കഥ പൂര്‍ണ്ണമായപ്പോള്‍ ഷറഫുദ്ദീനോട് പോയി നറേറ്റ് ചെയ്തു. അയാള്‍ക്ക് കഥ ഇഷ്ടമായി. ഇതിലൊരു പോലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് ഷറഫുദ്ദീന്. ഈ ആഴ്ച തുടങ്ങാനിരുന്ന ചിത്രമായിരുന്നു. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് നീട്ടിവച്ചിരിക്കുകയാണ്. പുതിയ കോവിഡ് അപ്ഡേറ്റ്സിനുവേണ്ടി കാത്തിരിക്കുകയാണ്.’ സെന്ന പറഞ്ഞു.
വിന്‍സി അലോഷ്യസാണ് ചിത്രത്തിലെ നായിക. രാജേഷ് മാധവന്, നവാസ് പള്ളിക്കുന്ന്, ആര്യ സലീം, ആനന്ദ് മന്മഥന്, സജിന്‍ ചെറുകായില്‍, ആര്.ജെ. നിജ, രഞ്ജി കണ്‍കോള്‍ എന്നിവരും താരനിരയിലുണ്ട്.
കബിനി ഫിലിംസിന്റെ ബാനറില്‍ മൃണാള്‍ മുകുന്ദന്, ശ്രീജിത്ത് നായര്‍, വിനോദ് ദിവാകര്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രവും നിര്‍മ്മിക്കുന്നത്. ശ്രീരാജ് രവീന്ദ്രനാണ് ഛായാഗ്രാഹകന്‍. ഹരിലാല്‍ കെ. രാജീവ് എഡിറ്ററും നിക്സണ് ജോര്‍ജ്ജ് സൗണ് ഡിസൈനറുമാണ്. അമ്പിളി പെരുമ്പാവൂരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.
Recent Comments