ജിബു ജേക്കബ്ബിനെ ഫോണില്‍ വിളിക്കുമ്പോള്‍തന്നെ അദ്ദേഹം കാരണം ഊഹിച്ചിരിക്കണം. ജിബുവിന്റെ ചിരി നിറച്ചുള്ള മറുപടിയില്‍ അതുണ്ടായിരുന്നു.
‘കഴിഞ്ഞ രണ്ടുമൂന്ന് ദിവസമായി പലരും വിളിക്കുന്നുണ്ട്. വെള്ളിമൂങ്ങയുടെ രണ്ടാം ഭാഗം എന്ന് തുടങ്ങുന്നുവെന്നാണ് ചിലര്‍ക്ക് അറിയേണ്ടത്. മറ്റു ചിലര്‍ക്ക് കാസ്റ്റിംഗിനെക്കുറിച്ചും. വാസ്തവത്തില്‍ ഈ വാര്‍ത്തകളൊക്കെ എങ്ങനെ പൊട്ടിമുളയ്ക്കുന്നുവെന്ന് എനിക്കറിയില്ല. വെള്ളിമൂങ്ങ ആദ്യ ഭാഗത്തോടെ അവസാനിക്കണമെന്നുതന്നെയായിരുന്നു എന്റെ ആഗ്രഹം. അതിന്റെ രണ്ടാംഭാഗത്തിന്റെ സൂചനകള്‍ അതിനൊക്കെശേഷം ചിലര്‍ പറഞ്ഞതാണ്. ആ രീതിയില്‍ ആലോചനകള്‍ നടക്കുന്നുവെന്നത് നേരാണ്. പക്ഷേ, കൃത്യമായൊരു കഥയോ സംഭവ ഗതികളോ ഇല്ലാതെ അതിനെക്കുറിച്ച് ആലോചിച്ചിട്ടുപോലും കാര്യമില്ല. ആ അവസ്ഥയില്‍തന്നെയാണ് ഇപ്പോഴും ഉള്ളത്. എന്നാല്‍ മറ്റൊരു സിനിമയ്ക്ക് പിറകെയാണ് ഞാന്‍. പുതിയൊരു പയ്യനാണ് എഴുതുന്നത്. എഴുത്തൊക്കെ പൂര്‍ത്തിയായി. സുരേഷ്ഗോപി ചേട്ടനോട് കഥയും പറഞ്ഞു. കഥ അദ്ദേഹത്തിന് ഇഷ്ടമായിട്ടുണ്ട്. എന്നാല്‍ പ്രൊജക്ടിലേയ്ക്ക് ലാന്റ് ചെയ്തിട്ടില്ല. അതിന്റെ ചര്‍ച്ചകളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.’ ജിബു ജേക്കബ്ബ് പറഞ്ഞു.
രാമരാവണന്‍, രാഷ്ട്രം തുടങ്ങിയ സുരേഷ്ഗോപി ചിത്രങ്ങളുടെ ഛായാഗ്രാഹകനായി ജിബുജേക്കബ്ബ് മുന്‍പ് പ്രവര്‍ത്തിച്ചിട്ടുണ്ട്. സുരേഷ് ഗോപിയെവച്ച് സിനിമ ചെയ്യാനൊരുങ്ങുന്നത് ഇതാദ്യമാണ്.
Recent Comments