‘ഹരീഷ് കണാരന് നായകനോ? അയാള്‍ കോമഡി നടനല്ലേ?’ ഹരീഷ് കണാരന് നായകനാകുന്ന ചിത്രത്തിന്റെ പ്രൊമോഷന് വീഡിയോയില്‍ ഒരു സാധാരണ പ്രേക്ഷകന് ഉന്നയിക്കുന്ന ചോദ്യമാണിത്. ഈ സിനിമ ചെയ്യാന്‍ ഒരുങ്ങുംമുമ്പേ സംവിധായകന് ബിനോയ് ജോസഫും നേരിട്ട ചോദ്യമാണിത്. പക്ഷേ അദ്ദേഹത്തിന് സംശയങ്ങളൊന്നുമുണ്ടായിരുന്നില്ല. കാരണം ഈ കഥ അദ്ദേഹത്തിന്റെ മനസ്സില്‍ നാമ്പിട്ടപ്പോള്തന്നെ ആദ്യം പറഞ്ഞതും ഹരീഷ് കണാരനോടാണ്.
‘എന്റെ ഉമ്മാന്റെ പേര് എന്ന ടൊവിനോ ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്നു ഞാന്‍. അതില്‍ ഹരീഷ് കണാരനും അഭിനയിക്കുന്നുണ്ടായിരുന്നു. അന്നാണ് ഞാനീ കഥ ഹരീഷിനോട് പറയുന്നത്. അന്ന് ഈ കഥയ്ക്ക് ഇത്രയും വലിപ്പമൊന്നുമുണ്ടായിരുന്നില്ല. പിന്നീട് ഞങ്ങള്‍ക്കിടെ പല ചര്‍ച്ചകളും നടന്നു. ഇതിനിടയില്‍ എപ്പോഴോ ഈ സിനിമ നിര്‍മ്മിക്കാന്‍ ഹരീഷ് കണാരന്തന്നെ മുന്നോട്ട് വന്നു. അതിന്റെ നിര്‍മ്മാണ പങ്കാളിയായി ജോണ്‍ കുടിയാന്മലയും എത്തിയതോടെ ഉല്ലാസപൂത്തിരികള്‍ എന്ന പ്രൊജക്ട് യാഥാര്‍ത്ഥ്യമാവുകയായിരുന്നു.’ സംവിധായകന് ബിനോയ് ജോസഫ് കാന്‍ ചാനലിനോട് പറഞ്ഞു.
‘ഉല്ലാസ് എന്നാണ് ചിത്രത്തിലെ നായകകഥാപാത്രത്തിന്റെ പേര്. അദ്ദേഹം ഒരു പഞ്ചായത്ത് ഓഫീസിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനാണ്. ഉല്ലാസിന്റെ ജീവിതത്തിലെ തമാശകളും വൈകാരിക നിമിഷങ്ങളുമൊക്കെയാണ് കഥയുടെ കാമ്പ്. ആദ്യ ഷോട്ട് എടുക്കുമ്പോള്‍ എനിക്ക് ടെന്‍ഷനുണ്ടായിരുന്നു. പക്ഷേ ഞാന്‍ എങ്ങനെ ഉല്ലാസിനെ കണ്‍സീവ് ചെയ്തോ, അതിനും ഒരുപടി മുകളില്‍നിന്ന് ആ കഥാപാത്രത്തെ മികച്ചതാക്കാന്‍ ആദ്യഷോട്ടില്‍തന്നെ ഹരീഷിന് കഴിഞ്ഞു. ഹരീഷിന് കോമഡി മാത്രമല്ല, നായകവേഷങ്ങളിലും തിളങ്ങാനാകും. എന്റെ നായകന് പക്ഷേ ഹീറോയിസമുള്ള ആളൊന്നുമല്ല. അയാള്‍ സംസാരിക്കുന്നത് കോഴിക്കോട് സ്ലാങുമല്ല. ഉല്ലാസുമായി ബന്ധപ്പെട്ട് നില്ക്കുന്ന അനവധി കഥാപാത്രങ്ങള്‍ വേറെയുമുണ്ട്. അവര്‍ക്കെല്ലാം വ്യക്തമായ സ്പെയ്സ് ഈ കഥയിലുണ്ട്. അതറിഞ്ഞുകൊണ്ട് തന്നെ എത്തിയവരാണ് ജോജു ജോര്‍ജും സൗബിന് ഷാഹിറും അജു വര്‍ഗീസും സലിം കുമാറും ജാഫര്‍ ഇടുക്കിയും ധര്മ്മജന് ബോള്‍ഗാട്ടിയും നിര്‍മ്മല്‍ പാലാഴിയും സീനത്തും ഗോപികയുമെല്ലാം.’ ബിനോയ് പറഞ്ഞു.
മുപ്പത് ദിവസംകൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളും ഏതാണ്ട് അവസാനിക്കാറായി. മാര്‍ച്ചില്‍ തീയേറ്ററില്‍ പ്രദര്‍ശനത്തിനെത്തിക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നു. അടുത്തിടെ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഫെയ്സ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും റിലീസ് ചെയ്തിരുന്നു.
മനോജ് പിള്ളയാണ് ഛായാഗ്രാഹകന്‍. നൗഫല്‍ അബ്ദുള്ള എഡിറ്ററും ത്യാഗു കലാസംവിധായകനുമാണ്. ബിജു തോരണത്തേലാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. റിച്ചാര്‍ഡും അഭിലാഷ് അര്‍ജ്ജുനനുമായിരുന്നു പ്രൊഡക്ഷന്‍ കണ്ട്രോളര്മാര്.
Recent Comments