മോഹന്‍ലാല്‍ നായകനാകുന്ന ആറാട്ട് ഫെബ്രുവരി 18 ന് തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുകയാണ്. ഇതിന് മുന്നോടിയായി ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാവുമായ ബി. ഉണ്ണികൃഷ്ണന് ഫിയോക്കിന് കത്തയച്ചിരിക്കുകയാണ്. ആറാട്ടിന് ദിവസവും നാല് ഷോകള്‍ വച്ച് രണ്ടാഴ്ച ഹോള്‍ഡ് ഓവര്‍ നോക്കാതെ കളിക്കാനുള്ള നിര്‍ദ്ദേശം ഫിയോക്കിലെ എല്ലാ അംഗങ്ങള്‍ക്കും നല്‍കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. കൂടാതെ നല്ലൊരു തുക എല്ലാ തീയേറ്ററുകളില്‍നിന്ന് അഡ്വാന്‍സായി തന്ന് സഹായിക്കണമെന്നും കത്തില്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്.
2020 അവസാനത്തിലാണ് ആറാട്ടിന്റെ ഷൂട്ടിംഗ് പാലക്കാട്ട്് ആരംഭിച്ചത്. 2021 ഫെബ്രുവരിയില്‍ ചിത്രീകരണം പൂര്‍ത്തിയായി. കര്‍ശനമായ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരുന്നു ചിത്രീകരണം. ഇക്കാലത്തിനിടയില്‍ ഒരാള്‍ക്കുപോലും കോവിഡ് ബാധിച്ചില്ല. ഏതാണ്ട് നാല്‍പ്പത് കോടിയാണ് ചിത്രത്തിന്റെ ബഡ്ജറ്റ്. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയതിന് പിന്നാലെ തീയേറ്ററുകള്‍ അടയ്ക്കപ്പെട്ടു. കഴിഞ്ഞ ഒന്നര വര്‍ഷമായി ചിത്രം പ്രദര്‍ശനത്തിനായി കാത്തുകിടക്കുകയാണ്. സിനിമയുടെ തുടക്കംമുതല്‍ ചിത്രം തീയേറ്ററുകളില്‍ മാത്രമേ പ്രദര്ശനത്തിനെത്തിക്കൂ എന്ന് ബി. ഉണ്ണികൃഷ്ണന് പലതവണ തുറന്ന് പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ഒടിടി സാധ്യതകള്‍ അദ്ദേഹം തേടിപ്പോയതുമില്ല. ഈ സാഹചര്യത്തിലാണ് ഫിയോക്കിന്റെ സഹായം ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം കത്തെഴുതിയത്. കത്തെഴുതുന്നതിന് മുമ്പായി ഫിയോക്കിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ പങ്കെടുത്ത് ഇക്കാര്യങ്ങള്‍ അദ്ദേഹം അംഗങ്ങളോടും നേരിട്ട് വിശദീകരിച്ചിരുന്നു.
എന്നാല്‍ ഇത് സംബന്ധിച്ച ഫിയോക്കിന്റെ തീരുമാനങ്ങള്‍ ഇനിയും വന്നിട്ടില്ല. നാളെ ഫിയോക്കിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി കൂടുന്നുണ്ട്. അതിനുശേഷം തീരുമാനമുണ്ടാകും. ആറാട്ടിനനുകൂലമായ തീരുമാനമുണ്ടാകുമെന്നാണ് അറിയുന്നത്.
Recent Comments