തീര്‍ത്തും ആകസ്മികമായിരുന്നു കോട്ടയം പ്രദീപിന്റെ വിയോഗം. ഇന്നലെയും അദ്ദേഹം കുമാരനല്ലൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. അതിന് പിന്നാലെ വീട്ടിലെത്തി. രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അറുപത്തിയൊന്നാം വയസ്സില്‍ പ്രദീപ് ജീവിതത്തില്‍നിന്ന് മാത്രമല്ല, അഭിനയാരങ്ങില്നിന്നും വിട വാങ്ങുമ്പോള്‍ ഓര്‍ക്കാന്‍ ഒരുപിടി മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ചാണ് യാത്രയാകുന്നത്.
നാടകത്തിലും സിനിമയിലും സീരിയലിലും ഒരുപോലെ ശോഭിച്ച കോട്ടയം പ്രദീപിന്റെ സിനിമയിലേയ്ക്കുള്ള ചുവടുവയ്പ്പ് ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റ് എന്ന നിലയിലായിരുന്നു. പ്രദീപിന് ആദ്യമായി ഒരു നല്ല വേഷം സിനിമയില്‍ വാങ്ങിക്കൊടുത്ത നടനും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായി നന്ദു പൊതുവാള് പ്രദീപിനെ ഓര്‍മ്മിക്കുന്നു.
‘പ്രദീപ് എന്നെ മിക്കപ്പോഴും വിളിക്കും. ആവശ്യം സിനിമയില്‍ ഒരു ഡയലോഗ് എങ്കിലുമുള്ള വേഷമാണ്. അക്കാലത്ത് ജോഷിസാറിന്റെ സിനിമകളായിരുന്നു ഞാന്‍ ഏറെയും ചെയ്തുകൊണ്ടിരുന്നത്. അദ്ദേഹത്തിനോട് പ്രദീപിനെ ശൂപാര്‍ശ ചെയ്യാന്‍ എനിക്കും പേടിയുണ്ടായിരുന്നു. അങ്ങനെയിരിക്കെയാണ് ഗൗതം വാസുദേവ് മേനോന്റെ വിണ്ണൈ താണ്ടി വരുവായയുടെ ഷൂട്ടിംഗ് ആലപ്പുഴയിലേയ്ക്ക് വരുന്നത്. എനിക്കും അനുജന് ശശി പൊതുവാളിനുമായിരുന്നു ഇവിടുത്തെ പ്രൊഡക്ഷന്റെ ചുമതല.
‘തൃഷയുടെ അമ്മാവന്റെ വേഷം ചെയ്യാന്‍ ഒരു അഭിനേതാവിനെ തേടുന്ന സമയം. സിനിമയുടെ ചീഫ് അസോസിയേറ്റ് ശ്രീനിവാസനാണ് എന്നെ ആ വേഷത്തിലേയ്ക്ക് ശുപാര്‍ശ ചെയ്തത്. ഗൗതം സാറിനോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിനും എതിര്‍പ്പൊന്നുമുണ്ടായില്ല.
അടുത്ത ദിവസം പള്ളി രംഗങ്ങളാണ് ഷൂട്ട് ചെയ്യുന്നത്. രണ്ടായിരത്തോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ പങ്കെടുക്കുന്നുണ്ട്. ഷൂട്ടിംഗ് തുടങ്ങുന്നതിന് മുമ്പായി ഗൗതംസാര് എന്റെ അടുക്കല്‍ വന്നിട്ട് പറഞ്ഞു. ‘നന്ദുവിന് വിഷമമൊന്നും തോന്നരുത്. അമ്മാവനായി എന്റെ മനസ്സിലുള്ളത് ശങ്കരാടിയെപ്പോലെയുള്ള ഒരാളാണ്. അങ്ങനെ ആരെങ്കിലും കിട്ടുമോ? നമുക്ക് സമയമുണ്ടല്ലോ.’ പെട്ടെന്ന് ഞാന്‍ കോട്ടയം പ്രദീപിനെ ഓര്‍ത്തു. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അദ്ദേഹം അവിടെ അഭിനയിക്കാനെത്തിയ കാര്യം എനിക്കറിയാം. ഞാന്‍ അദ്ദേഹത്തെ തിരയുമ്പോള്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ വരിയില്‍ ഭക്ഷണം കഴിക്കാന്‍ നില്‍ക്കുകയായിരുന്നു. ഞാന്‍ ചെന്ന് കാര്യം പറഞ്ഞു. സന്തോഷംകൊണ്ട് അദ്ദേഹം എന്നെ കെട്ടിപ്പിടിച്ചു. ഗൗതംസാറിനും കോട്ടയം പ്രദീപിനെ ഇഷ്ടമായി. ഡയലോഗ് പറയുമോ എന്നുമാത്രം അറിയണം. അതിനായി ചീഫ് അസോസിയേറ്റിനെത്തന്നെ ഗൗതംസാര് ചുമതലപ്പെടുത്തി. പ്രദീപ് അത് ഭംഗിയായി അവതരിപ്പിച്ചു. എന്നുമാത്രമല്ല, സ്വന്തം നിലയില്‍ അത് ഗംഭീരമാക്കാന്‍ ചില പൊടികൈകളും പ്രയോഗിച്ചു. അങ്ങനെ അദ്ദേഹം തൃഷയുടെ അമ്മാവനായി സിനിമയിലേയ്ക്ക് രംഗപ്രവേശനം ചെയ്തു.’ നന്ദു പൊതുവാള് പറഞ്ഞു.
പിന്നീട് എണ്ണമറ്റ ചിത്രങ്ങളില്‍ പ്രദീപ് വേഷമിട്ടു. ഏത് കഥാപാത്രത്തെ അവതരിപ്പിക്കുമ്പോഴും അതിലൊരു പ്രദീപ് ടച്ച് ഉണ്ടാവും. അത് ഡയലോഗ് ഡെലിവറിയിലാകട്ടെ ശരീരഭാഷയിലാകട്ടെ. അതാണ് മറ്റ് കലാകാരന്മാരില്നിന്ന് പ്രദീപിനെ വേറിട്ട് നിര്‍ത്തുന്നതും.
Recent Comments