സലാം ബാപ്പു ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷെയ്ന് നിഗം നായകനാകുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് മാര്‍ച്ച് ആദ്യം ദുബായിലെ ഫുജീറയില്‍ ആരംഭിക്കും. മുപ്പത് ദിവസത്തെ ഷൂട്ടിംഗ് ദുബായില്‍ മാത്രം പ്ലാന്‍ ചെയ്തിട്ടുണ്ട്. കേരളത്തിലും പത്ത് ദിവസം ഷൂട്ടിംഗ് ഉണ്ടാവും.
ഷെയ്ന് നിഗത്തെ കൂടാതെ സൗബിന് ഷാഹിര്‍, സൈജു കുറുപ്പ്, രഞ്ജിപണിക്കര്‍, ജോയ് മാത്യു, സന്തോഷ് കീഴാറ്റൂര്‍, നവാസ് പള്ളിപ്പറമ്പന്‍ തുടങ്ങിയവരും അഭിനയിക്കുന്നു. നായിക പുതുമുഖമാണ്. ചിത്രത്തിന് ടൈറ്റില്‍ ആയിട്ടില്ല.
മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, ആസിഫ് അലി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച റെഡ് വൈനും മമ്മൂട്ടി നായകനായ മംഗ്ലീഷിനും ശേഷം സലാം ബാപ്പു സംവിധാനം ചെയ്യുന്ന ചിത്രംകൂടിയാണിത്. ഇതിനുമുമ്പ് കന്നഡത്തില്‍ ഭാവന പ്രധാന വേഷം ചെയ്ത [email protected] എന്ന സിനിമയ്ക്കുവേണ്ടി തിരക്കഥ എഴുതിയതൊഴിച്ചാല്‍ ഇതാദ്യമായിട്ടാണ് സലാം ബാപ്പു കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്നത്.
ഈ സിനിമ സൗഹൃദങ്ങളുടെ കഥയാണ് പറയുന്നതെന്ന് സലാം ബാപ്പു കാന്‍ ചാനലിനോട് പറഞ്ഞു.
‘ബിരുദ പഠനത്തിനുശേഷം മലപ്പുറത്തുനിന്ന് ദുബായിലെത്തുന്ന ഒരു ചെറുപ്പക്കാരന്റെ വേഷമാണ് ഷെയ്ന് നിഗത്തിന്. അയാള്‍ കേട്ടതോ പഠിച്ചതോ പ്രതീക്ഷിച്ചതോ അല്ലാത്ത ഒരു ദുബായ് ആണ് അവിടെ എത്തിയതിനുശേഷം അയാള്‍ അറിയാന്‍ തുടങ്ങുന്നത്. അയാളുടെ കാഴ്ചപ്പാടിലൂടെയാണ് കഥ പറയുന്നതും. ഇതൊരു ഫീല്‍ഗുഡ് മൂവിയായിരിക്കും.’ സലാം ബാപ്പു പറഞ്ഞു.
ഹിഷാം അബ്ദുള്‍ വഹാബാണ് ചിത്രത്തിനുവേണ്ടി സംഗീതം ഒരുക്കുന്നത്. വിഷ്ണു തണ്ടാശ്ശേരിയാണ് ഛായാഗ്രാഹകന്‍. ശ്രീകുമാര്‍ ചെന്നിത്തല പ്രൊഡക്ഷന്‍ കണ്‍ട്രോളറുമാണ്.
ഗോള്‍ഡന്‍ എസ് പിക്ച്ചേഴ്സാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
Recent Comments