ലളിതച്ചേച്ചി ആദ്യമായി പരിചയപ്പെട്ടതെന്നാണെന്ന് കൃത്യമായി ഓര്മ്മകളില്ല. ഏതോ സിനിമാസെറ്റില്‍ വച്ചാണെന്നുമാത്രം അറിയാം. പക്ഷേ അവസാനമായി വിളിച്ചത് ഓര്‍മ്മയുണ്ട്. ആറ് മാസങ്ങള്‍ക്ക് മുമ്പാണ്. അന്ന് വിളിക്കുമ്പോള്‍ ചേച്ചി പൊള്ളാച്ചിയിലായിരുന്നു. ഒരു തമിഴ് സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞു. അപര്‍ണ്ണ ബാലമുരളി നായികയാണെന്നും. കേട്ടപ്പോള്‍ സന്തോഷമായി. രോഗാവസ്ഥകളിലൂടെ ചേച്ചി കടന്നുപൊയ്ക്കൊണ്ടിരുന്ന നാളുകളായിരുന്നു അത്. വീണ്ടും സിനിമയില്‍ സജീവമാകുന്നതിന്റെ സൂചനകളാണ് ചേച്ചി നല്‍കിയത്.
കുറച്ചു ദിവസങ്ങള്‍ക്കുശേഷം ചേച്ചി ഗുരുതരാവസ്ഥയില്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റാണെന്ന് അറിഞ്ഞു. ഫോണില്‍ വിളിക്കുമ്പോള്‍ സ്വിച്ചോഫായിരുന്നു. സംവിധായകന് കമല്‍സാറിനെ വിളിച്ചു. സാറ് ചേച്ചിയെ പോയി കണ്ടെന്ന് ആരോ പറഞ്ഞ് അറിഞ്ഞു. ചേച്ചിക്ക് കരള്‍മാറ്റ ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് കമല്‍സാര്‍ പറഞ്ഞത്. വിദഗ്ദ്ധ ചികിത്സയ്ക്കായി ആസ്റ്റര്‍ മെഡിസിറ്റിയിലേയ്ക്ക് മാറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പിന്നീട് ഞങ്ങള്‍ക്കിടയില്‍ വിളികളൊന്നും ഉണ്ടായില്ല. പക്ഷേ കാര്യങ്ങള്‍ അറിയുന്നുണ്ടായിരുന്നു. ആരോഗ്യസ്ഥിതിയില്‍ വലിയ മാറ്റങ്ങളില്ലാതെ തുടരുമ്പോള്‍തന്നെയാണ് സിദ്ധാര്‍ത്ഥന്റെ വീട്ടിലേയ്ക്ക് മാറ്റിയതും. ഇന്നലെ രാത്രി വൈകിയാണ് ചേച്ചി നിത്യതയിലേയ്ക്ക് മടങ്ങിയ വിവരം അറിയുന്നത്. മനസ്സിനെ ഉലച്ച മറ്റൊരു വാര്‍ത്ത.
ഒരു അഭിനേത്രിയെന്ന നിലയിലാണ് ചേച്ചി എന്നെ എപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുള്ളത്. അവര്‍ ചെയ്തിട്ടുള്ള എണ്ണമറ്റ കഥാപാത്രങ്ങള്‍ അതിന് ഉദാഹരണമാണ്.
ഒരിക്കല്‍ ഭ്രമരത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍വച്ച് മോഹന്‍ലാല്‍ പറഞ്ഞത് ഓര്‍ക്കുന്നു. ‘കനല് കോരിയിടുമ്പോള്‍ ആരാണ് തീപിടിക്കാത്തത്?’ അതിന് തൊട്ടുമുമ്പ് നടന്ന ഷോട്ട് കഴിഞ്ഞ് വിശ്രമിക്കുമ്പോഴായിരുന്നു ലാലിന്റെ ഈ പ്രതികരണം.
ഭ്രമരത്തിലെ ക്ലൈമാക്സ് രംഗമാണ് ചിത്രീകരിക്കുന്നത്. ഏതോ മലമുകളിലാണ് ലൊക്കേഷന്‍. മകളുടെ ചിതയ്ക്ക് മുന്നില്‍ പൊട്ടിക്കരയുന്ന മോഹന്‍ലാലിന്റെ രംഗം പകര്‍ത്തുകയാണ്. ലളിതചേച്ചി അലമുറയിട്ട് നിലവിളിക്കുന്ന ഷോട്ടിന് തൊട്ടു പിറകെയാണത്. ഒരു കണ്ടിന്യൂവിറ്റി ഷോട്ട്. ചേച്ചിയുടെ പരിസരം മറന്നുള്ള വിലാപം കേട്ട് കണ്ട് നിന്നവരെല്ലാം സ്തബ്ധിച്ചുപോയി. ക്യാമറയ്ക്ക് പിറകിലിരുന്ന സംവിധായകന് ബ്ലെസ്സിയുടെയും കണ്ണുകളില്‍ നനവ് പടരുന്നുണ്ടായിരുന്നു. അത്ര തീവ്രമായ ഒരു രംഗത്തിന് അതിന് മുമ്പുവരെയും ഞാന്‍ സാക്ഷ്യം വഹിച്ചിട്ടുണ്ടായിരുന്നില്ല. ആ രംഗം കഴിഞ്ഞ് വന്നതിന് പിന്നാലെയാണ് ലാലിനോട് തിരക്കിയത്. ഇതിനെങ്ങനെ സാധിക്കുന്നു? അപ്പോഴാണ് മുകളില്‍ പറഞ്ഞ വാക്കുകള്‍ അദ്ദേഹം ഉദ്ധരിച്ചത്. ലളിതചേച്ചി ഉയര്‍ത്തിയ വൈകാരികമായ കനലുകള്‍ ലാല്‍ എന്ന നടനെയും ആളിക്കത്തിച്ചിരിക്കുന്നു.
ആ പിഞ്ചുകാലുകള്‍ ചവിട്ടി തുടങ്ങിയത് നാടക തട്ടുകളിലാണ്. തഴമ്പ് പടര്‍ന്ന ആ അഭിനയപാഠങ്ങളില് നാടകീയതയുടെ അംശങ്ങള്‍ ആവോളമുണ്ടായിരുന്നു. എന്നിട്ടും സിനിമയില്‍ അവരറിയപ്പെട്ടിരുന്നത് സ്വാഭാവിക അഭിനയത്തിന്റെ വക്താവെന്ന നിലയിലാണ്. അതുകൊണ്ടാണ് ഒരിക്കല്‍ ജഗതി ശ്രീകുമാര്‍ പറഞ്ഞത് ‘കെ.പി.എ.സി ലളിതയ്ക്ക് ക്യാമറയ്ക്ക് മുന്നില്‍ അഭിനയിക്കാന്‍ അറിയില്ല, പെരുമാറാന്‍ മാത്രമേ കഴിയൂ എന്ന്.’
സത്യന്മാസ്റ്റര് തൊട്ട് ഇങ്ങ് ഫഹദ് ഫാസില്‍ വരെയുള്ള തലമുറകള്‍ക്കൊപ്പം അഭിനയിക്കുമ്പോഴും ചേച്ചി സ്വയം നവീകരിക്കുകമാത്രമായിരുന്നില്ല, മറ്റുള്ളവരെക്കൂടി ആ മാറ്റത്തിനൊപ്പം ചേര്‍ത്തുനിര്‍ത്തുകയായിരുന്നു. അതുകൊണ്ടാണ് അന്നുതൊട്ട് ഇന്നോളം ഒരു ഇടവേളകളുമില്ലാതെ അവര്‍ എല്ലാത്തരം സിനിമകളുടെയും ഭാഗമായി നിറഞ്ഞാടിയത്.
എന്നിട്ടും മികച്ച നടിക്കുള്ള പുരസ്കാരം അവര്‍ക്ക് മരിക്കുവോളം ലഭിക്കാതിരുന്നെങ്കില്‍ മികച്ച വേഷം നല്‍കാനുള്ള മലയാളി മനസ്സിന്റെ പിശുക്ക് തന്നെയായിരിക്കണം. അവരിലെ അഭിനേത്രിയെ വെല്ലുവിളിക്കാന്‍ പാകത്തില്‍ കഥാപാത്രങ്ങള്‍ നമുക്ക് നല്കാന് കഴിയാതെപോയി. ഈ ലോകത്തുനിന്ന് അവര്‍ വിടപറഞ്ഞ് പോകുമ്പോഴും അവശേഷിക്കുന്ന ശൂന്യത അത് മാത്രമാണെന്ന് ഞാന്‍ കരുതുന്നു.
-കെ. സുരേഷ്
Recent Comments