കെപിഎസ്സി ലളിതയെന്ന മഹാപ്രതിഭയെ ഞാന്‍ ആദ്യമായി കാണുന്നത് ഡോ. ബാലകൃഷ്ണന് സാറിന്റെ മധുരം തിരുമധുരം എന്ന പടത്തിന്റെ ലൊക്കേഷനില്‍ വച്ചാണ്. അന്ന് വെറുതെ പരിചയപ്പെട്ടു എന്ന് മാത്രം. പിന്നീട് സുപ്രിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഹരിപോത്തന് നിര്‍മ്മിച്ച ‘വാടകയ്ക്ക് ഒരു ഹൃദയം’ എന്ന ചിത്രം ഐവി ശശി സാറിന്റെ സംവിധാനത്തില്‍ ആലപ്പുഴ ഉദയ സ്റ്റുഡിയോയില്‍ ചിത്രീകരണം നടക്കുന്നു. അവിടെ ജയഭാരതി, കനക ദുര്‍ഗ, ലളിത ചേച്ചി എല്ലാവരും ഉണ്ട്. അതിന്റെ ചിത്രീകരണവേളയിലാണ് ചേച്ചിയുമായി കൂടുതല്‍ അടുക്കുന്നത്. അന്നൊക്കെ ഉദയ സ്റ്റുഡിയോയില്‍ അഭിനേതാക്കളും മറ്റു സാങ്കേതിക പ്രവര്‍ത്തകരും ഒത്തു കൂടുമായിരുന്നു. നല്ല രസകരമായിരുന്നു ആ നാളുകള്‍.
ഒരു ദിവസം അവിടേക്ക് സംവിധായകന് ഭരതന് വന്നു. ജയഭാരതിയോടും ലളിതചേച്ചിയോടും എന്തൊക്കെയോ സീരിയസായി സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ ഞാനും കനകദുര്‍ഗയും അവിടെനിന്ന് മാറി നിന്നു. അവരുടെ സംസാരം വളരെനേരം നീണ്ടു. അന്നദ്ദേഹം അത്താഴം ഞങ്ങളുടെ കൂടെയാണ് കഴിച്ചത്. അത്താഴം കഴിഞ്ഞും അവരുടെ സംസാരം തുടര്‍ന്നു. എനിക്ക് ഒന്നും മനസ്സിലായില്ല. അറിയാന്‍ താല്പര്യവും കാണിച്ചില്ല. ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഞാന്‍ അന്നുമിന്നും ഇടപെടാറില്ല. അര്‍ദ്ധരാത്രിയിലും അവരുടെ സംസാരം തുടര്‍ന്നപ്പോള്‍ എന്റെ ഉറക്കവും നഷ്ടപ്പെട്ടു.
പുലര്‍ച്ചെ ലളിതചേച്ചി അവരുടെ പെട്ടി എന്നെ ഏല്പിച്ചു. എന്നിട്ട് പറഞ്ഞു, ‘ചെന്നൈയില്‍ പോകുമ്പോള്‍ ഇതുകൂടി കൊണ്ട് പൊക്കോളൂ.’ ഇത്രയും പറഞ്ഞിട്ട് ചേച്ചി തിടുക്കത്തില്‍ ഭരതന് സാറിന്റെ കൂടെ കാറില്‍ കയറിപോയി. ഞാന്‍ അന്തംവിട്ട് നിന്നു. എനിക്ക് ഒന്നും മനസ്സിലായില്ല. ജയഭാരതിയോട് ചോദിച്ചു. ‘എടീ മണ്ടി. അവര്‍ രജിസ്റ്റര്‍ മാര്യേജ് ചെയ്യാന്‍ എറണാകുളം പോകുകയാണ്. നിന്റെ വീടിന്റെ അടുത്തല്ലേ ലളിതയുടെ വീട്. നീ വീട്ടില്‍ പോകുമ്പോള്‍ ഇത് അവരുടെ വീട്ടില്‍ ഏല്‍പ്പിക്കുക.’ അപ്പോഴാണ് അവര്‍ വിവാഹം കഴിക്കാന്‍ പോയതാണെന്ന് ഞാന്‍ അറിയുന്നത്.
പിന്നീടും ആ സൗഹൃദം തുടര്‍ന്നു. ലളിതചേച്ചി ചെന്നൈയില്‍ ഒരു വീട് വച്ചു. അവിടെയാണ് ശ്രീകുട്ടിയും സിദ്ധാര്‍ഥും ജനിച്ചത്. മിക്ക ദിവസങ്ങളിലും വൈകുന്നേരം ഞങ്ങള്‍ നടക്കാന്‍ ഇറങ്ങും. പിന്നീട് ഭരതന് സാറിന്റെ സിനിമ പറങ്കി മലയില്‍ അഭിനയിച്ച ശേഷം ലളിത ചേച്ചി കുറച്ചു നാള് സിനിമയില്‍ നിന്ന് വിട്ട് നിന്നു. കുട്ടികള്‍ വലുതായ ശേഷമാണ് ചേച്ചി അഭിനയത്തിലേക്ക് തിരിച്ചു വന്നത്.
ചേച്ചിയുമായി ബന്ധപ്പെട്ട മറ്റൊരു കാര്യം ഈയിടെ സംഭവിച്ചു. അതും വളരെ ആകസ്മികമായായിരുന്നു. ഒരിക്കല്‍ ഒരു തമിഴ് പ്രൊഡക്ഷന്‍ കമ്പനിയില്‍നിന്ന് എന്നെ വിളിച്ചു. കൊറോണ ആയതുകൊണ്ടും ഞാന്‍ ചെയ്താല്‍ അത് ശരിയാവില്ലെന്ന് തോന്നിയതുകൊണ്ടും പോകാന്‍ കൂട്ടാക്കിയില്ല. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ഭാഗ്യലക്ഷ്മിയുടെ വിളിവന്നു. ‘പൊടിമോള്ക്ക് (ഉര്‍വശി) ചേച്ചിടെ നമ്പര്‍ കൊടുക്കുന്നുണ്ട്. അവള് വിളിക്കും. പറയുന്നത് ചെയ്തു കൊടുക്കണം.’ ഭാഗ്യലക്ഷ്മി പറഞ്ഞു.
പിറ്റേന്ന് ഉര്‍വശി വിളിച്ചു. ‘ചേച്ചി ഞാന്‍ ഈയിടെ ഒരു തമിഴ് പടത്തില്‍ അഭിനയിച്ചു. ‘വീട്ടിലെ വിശേഷം’ എന്നാണ് ചിത്രത്തിന്റെ പേര്. അതില്‍ എന്റെ അമ്മായിയമ്മയായി അഭിനയിച്ചിരിക്കുന്നത് കെപിഎസ്സി ലളിതചേച്ചിയാണ്. ചേച്ചിക്ക് വേണ്ടി ലളിതചേച്ചിയൊന്നു ശബ്ദം കൊടുക്കണം.’ ഉടനെ ഞാന്‍ പറഞ്ഞു ‘അയ്യോ അതൊന്നും ശരിയാവില്ല. ആ തമിഴ് കമ്പനിക്കാര് എന്നെ വിളിച്ചതാണ്. പക്ഷേ അത് ശരിയാവില്ലെന്ന് കരുതി ഒഴിവാക്കുകയായിരുന്നു.’ ഉര്‍വശി നിര്‍ബന്ധിച്ചു. ഒടുവില്‍ അവരുടെ നിര്‍ബന്ധത്തിന് വഴങ്ങി ഞാന്‍ ചേച്ചിക്കുവേണ്ടി ഡബ്ബ് ചെയ്തു. അങ്ങനെ ആ മഹാപ്രതിഭയുടെ അവസാന തമിഴ് ചിത്രത്തില്‍ അവരുടെ ശബ്ദമായി മാറാന്‍ എനിക്കായി. ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ഓര്‍മ്മയാണത്.
നമ്മുടെയെല്ലാം മനസ്സില്‍ എന്നും മായാത്ത ഓര്‍മ്മകള്‍ സമ്മാനിച്ചു മറഞ്ഞ ആ അതുല്യപ്രതിഭയ്ക്ക് മുന്നില്‍ എന്റെ പ്രണാമം.
Recent Comments