കേരളത്തിന്റെ നാട്ടിടവഴികളില്‍ കാണുന്ന സാധാരണക്കാരായ സ്ത്രീകളുടെ അഭ്രാവിഷ്ക്കരമായിരുന്നു ലളിതചേച്ചിയുടേത്. മധ്യതിരുവിതാംകൂറിലെ നാട്ടുഭാഷ അനായാസമായി അവര്‍ ഉരുവിട്ടു. അവരുടെ ശരീരഭാഷയും അതിനിണങ്ങുന്നതായിരുന്നു. ക്ഷിപ്രസാദ്ധ്യമായിരുന്നു അഭിനയം. പൊട്ടിച്ചിരിയില്നിന്നും കരച്ചിലിലേക്കുള്ള കൂടുമാറ്റം അത്ഭുതപ്പെടുത്തുന്നതായിരുന്നു.
ആദ്യകാലത്ത് കുസൃതിക്കാരിയും മിടുക്കിയുമായ പെണ്‍കുട്ടിയായി അവര്‍ തിളങ്ങി. വിവാഹജീവിതത്തിലെ ‘വിധി’മൂലം ദാരിദ്ര്യം അനുഭവിക്കുന്ന പാവപ്പെട്ടവളായി കൂട്ടുകുടുംബം (1969) എന്ന സിനിമയില്‍ അവര്‍ പ്രേക്ഷകരുടെ കണ്ണ് നനയിച്ചു.
‘സ്ത്രീ’ത്വത്തിന്റെ ഭിന്ന മുഖങ്ങള്‍ അയത്നലളിതമായി അവര്‍ ആവിഷ്ക്കരിച്ചു. ‘അഭിനയിക്കാന്‍ അറിയാത്ത അഭിനേത്രി’ എന്ന് സംവിധായകരും നിരൂപകരും അവരെ വാഴ്ത്തി.
സംവിധായക പ്രതിഭ അന്തരിച്ച കെ.എസ്. സേതുമാധവന് കൂട്ടുകുടുംബത്തിലും വാഴ്വേമായത്തിലും അനുഭവങ്ങള്‍ പാളിച്ചകളിലും അഭിനയത്തിന്റെ പുതുവഴി തുറന്നുകൊടുത്തു. തോപ്പില്‍ഭാസിയുടെ ശരശയ്യയില്‍ പരിഷ്കൃതവനിതയായ ‘ഗേളി’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് അവര്‍ കഴിവ് തെളിയിച്ചു.
ദിവ്യദര്‍ശനം, മരം, ചക്രവാകം, സൃഷ്ടി, നീലപൊന്മാന് തുടങ്ങിയ എത്രയോ സിനിമകള്‍. വ്യത്യസ്ത വേഷപ്പകര്‍ച്ചകള്‍.
1978 ല്‍ ഭരതേട്ടന്റെ ആരവം എന്ന മലയാളത്തിലെ ആദ്യത്തെ പരീക്ഷണസിനിമയില് പുതുമുഖമായ പ്രതാപ്പോത്തന്റെ ഭാര്യയായി അഭിനയിച്ചു.
അടൂരിന്റെ സ്വയംവരം, കൊടിയേറ്റ് തുടങ്ങി മിക്കവാറും എല്ലാ സിനിമകളിലും തന്മയത്വത്തോടെ അഭിനയിച്ചു കയറി. ‘മതിലു’കളില്‍ ശബ്ദവും കഥാപാത്രമായി. അമരത്തിലും വെങ്കലത്തിലും കേളിയിലും വ്യത്യസ്തതയാര്‍ന്ന ആവിഷ്ക്കാരങ്ങള്‍ കണ്ട് നാം അത്ഭുതപ്പെട്ടു.
സത്യന് അന്തിക്കാട് സംവിധാനം ചെയ്ത ചിത്രങ്ങളിലൂടെ ഭാവാഭിനയത്തിന്റെ വിസ്തൃതമായ ലോകം സൃഷ്ടിച്ച് അവര്‍ ‘താര’ങ്ങള്‍ക്ക് മുകളില്‍ അഭിനയത്തിന്റെ ‘കൊടിപ്പടം’ ഉയര്‍ത്തിക്കെട്ടി. കമല്‍ സംവിധാനം ചെയ്ത നടന്, ഉട്ട്യോപ്യയിലെ രാജാവ് എന്നീ സിനിമകളില്‍ എനിക്കും കൂടെ അഭിനയിക്കാന്‍ സാധിച്ചു.
അമേരിക്കയില്‍ മൂന്നു തവണയും ഗള്‍ഫ് രാജ്യങ്ങളില്‍ അനേകം വേദികളിലും എനിക്ക് ചേച്ചിക്കൊപ്പം യാത്ര ചെയ്യാന്‍ സാധിച്ചു.
‘ജയന് കൂടെ ഉണ്ടെങ്കില്‍ എനിക്കൊരു ധൈര്യമാ… എന്റെ കാര്യം നോക്കാന്‍ ഒരാളുണ്ടെന്ന തോന്നല്‍ എനിക്ക് സമാധാനം നല്‍കും.’ ചേച്ചി എപ്പോഴും പറയാറുണ്ട്.
ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന അഭിനേത്രി എന്ന് നേരിട്ടും വേദികളിലും ഞാനും പറയാറുണ്ട്.
സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നമ്മെ ഏറെ രസിപ്പിച്ച ലളിതചേച്ചീ… കഷ്ടപ്പാടുകളിലൂടെയാണ് ജീവിതം തള്ളിനീക്കിയത്. ഒരുപാട് അനുഭവിച്ചു. ജീവിതത്തെ തളരാതെ നേരിട്ടു. സമ്പാദിച്ചതെല്ലാം നഷ്ടപ്പെടുമ്പോഴും നാട്ടുകാരും സിനിമയും മലയാളികളും കൂടെ നിന്നു.
ലളിതചേച്ചിയുടെ നിത്യസ്മാരകങ്ങളാണ് അവര്‍ അഭിനയിച്ച നൂറു കണക്കിന് സിനിമകള്‍. ലാളിത്യമാര്‍ന്ന അഭിനയമികവിന് ഭരതവാക്യം ചൊല്ലിപിരിയുമ്പോള് ഞാന്‍ ആശ്വസിക്കുന്നു.
ഇഷ്ടമുള്ളപ്പോള്‍… ഏതു സിനിമയും എനിക്ക് കാണാമല്ലോ എന്ന്.
‘കൂട്ടുകുടുംബ’ത്തില്‍ തുടങ്ങി ‘ഹോം’ എന്ന സിനിമ വരെ നമ്മുടെ കുടുംബത്തില്‍ ഒരാളായി കെ.പി.എ.സി. ലളിത നമ്മോടൊപ്പം ഉണ്ടാവും.
മികവുറ്റ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ഇനിയുള്ള ശൂന്യത എന്നെ ചൂഴ്ന്നു നില്‍ക്കുന്നുണ്ടെങ്കിലും.
Recent Comments