ഒടുവില്‍ എല്ലാ അനിശ്ചിതത്വങ്ങള്‍ക്കും വിരാമമിട്ട് ജഗതി ശ്രീകുമാര്‍ നാളെ സിബിഐയുടെ അഞ്ചാംഭാഗമായ ദി ബ്രെയിനില്‍ ജോയിന്‍ ചെയ്യും. ജഗതിശ്രീകുമാര്‍ അഭിനയിക്കുന്നത് സംബന്ധിച്ച വാര്‍ത്തകള്‍ ആദ്യം പ്രചരിച്ചിരുന്നുവെങ്കിലും അത് സ്ഥിരീകരിക്കാന്‍ സംവിധായകന് കെ. മധുവോ, തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമിയോ ഉള്‍പ്പെടെയുള്ളവര്‍ ആദ്യം തയ്യാറായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ സി.ബി.ഐക്ക് അകത്തുനിന്ന് ലഭിക്കുന്ന വിവരമനുസരിച്ച് ജഗതിശ്രീകുമാര്‍ നാളെ അഭിനയിച്ചുതുടങ്ങും.
ഇതിന് മുന്നോടിയായി ജഗതിശ്രീകുമാര്‍ തൊട്ടുമുമ്പ് സിബിഐയുടെ അമ്പലമേട്ടിലുള്ള ലൊക്കേഷന്‍ സന്ദര്‍ശിച്ചിരുന്നു. സൗഹൃദസന്ദര്‍ശനമായിരുന്നു. ജഗതിയെ സംവിധായകന് മധുവും തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമിയും, നിര്‍മ്മാതാവ് സര്‍ഗ്ഗചിത്ര അപ്പച്ചനും പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹനും അഭിനേതാക്കളായ രഞ്ജിപണിക്കര്‍, രമേഷ് പിഷാരടി, പ്രശാന്ത് അലക്സാണ്ടര്‍, ഹന്‍സിബ, സ്വാസിക തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
ജഗതി ശ്രീകുമാര്‍ ഇന്നലെതന്നെ എറണാകുളത്ത് എത്തിയിരുന്നു. ഹോട്ടല്‍ ക്രൗണ്‍പ്ലാസയിലാണ് താമസം. ആക്സിഡന്റിനുശേഷം ഇടയ്ക്ക് ഒരു പരസ്യചിത്രത്തില്‍ അഭിനയിച്ചതൊഴിച്ചാല്‍ പൂര്‍ണ്ണമായും അദ്ദേഹം സിനിമയില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.
സിബിഐയുടെ കഴിഞ്ഞ നാല് സീസണുകളിലും ജഗതിശ്രീകുമാര്‍ അഭിനയിച്ചിട്ടുണ്ടായിരുന്നു. വിക്രം എന്നാണ് അദ്ദേഹം അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. ഒരു ആക്സിഡന്റിനുശേഷം വിശ്രമിക്കുന്ന വിക്രമിനെ കാണാന്‍ സേതുരാമയ്യര്‍ എത്തുന്ന കഥാഭാഗമാണ് അഞ്ചാം ഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നറിയുന്നു. ആ സീന്‍ കുറച്ചുകൂടി ദീര്‍ഘിപ്പിക്കാനുള്ള ശ്രമങ്ങളും നടന്നുവരുന്നുണ്ട്.
തൊട്ടുമുമ്പാണ് ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്മെന്റ് മമ്മൂട്ടിയുടെ ഫെയ്സ്ബുക്കിലൂടെ നിര്‍വ്വഹിച്ചത്. ദി ബ്രെയിന്‍ എന്നാണ് സിബിഐയുടെ അഞ്ചാംഭാഗത്തിന് നല്‍കിയിരിക്കുന്ന തലക്കെട്ട്.
Recent Comments