പടവെട്ടിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ ലിജു കൃഷ്ണ പോലീസ് കസ്റ്റഡിയില്‍. തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാട്ടി ലിജുവിന്റെ പെണ്‍സുഹൃത്ത് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇന്‍ഫോപാര്‍ക്ക് പോലീസ് ലിജുവിനെ കസ്റ്റഡിയിലെടുത്തത്. ഇന്നലെ വൈകിട്ടാണ് പെണ്‍കുട്ടി പരാതി രജിസ്റ്റര്‍ ചെയ്തത്. ഇന്ന് രാവിലെ പോലീസ് പടവെട്ടിന്റെ ലൊക്കേഷനിലെത്തി ലിജുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കണ്ണവംകാട്ടിലായിരുന്നു ഇന്ന് ഷൂട്ടിംഗ്. മഫ്തിയിലാണ് പോലീസ് എത്തിയത്. ലിജു ഇപ്പോള്‍ ഇന്‍ഫോപാര്‍ക്ക് സ്റ്റേഷനിലാണുള്ളത്.
പടവെട്ടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരു പെണ്‍കുട്ടി നല്കിയ പരാതിയെന്ന നിലയിലാണ് ആദ്യവാര്‍ത്ത പുറത്ത് വന്നത്. എന്നാല്‍ ഈ പെണ്‍കുട്ടിക്ക് സിനിമയുമായി യാതൊരു ബന്ധവുമില്ലെന്ന് പടവെട്ടിന്റെ പ്രൊഡക്ഷന്‍ ടീം കാന്‍ ചാനലിനോട് പറഞ്ഞു. ഇവര്‍ക്കിടയില്‍ മുമ്പുണ്ടായ പ്രശ്നമാണ് ഇപ്പോഴത്തെ പരാതിക്ക് പിന്നിലെന്ന് അറിയുന്നു. ഡബ്ല്യു.സി.സിയില്‍നിന്ന് ശക്തമായ പിന്തുണയും പെണ്‍കുട്ടിക്ക് കിട്ടിയതായി അറിയുന്നു.
സണ്ണിവെയ്ന് ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രംകൂടിയാണ് പടവെട്ട്. നിവിന്‍പോളിയും മഞ്ജുവാര്യരുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സണ്ണിവെയ്ന്, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്, സുധീഷ്, ഇന്ദ്രന്‍സ്, അതിഥി ബാലന് എന്നിവരും താരനിരയിലുണ്ട്.
കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഷൂട്ടിംഗ് നിര്‍ത്തിവച്ചിരുന്ന പടവെട്ടിന്റെ അവസാന ഷെഡ്യൂള്‍ ഫെബ്രുവരിയിലാണ് പുനരാരംഭിച്ചത്. ഷൂട്ടിംഗ് തീരാന്‍ ദിവസങ്ങള്‍ ശേഷിക്കേയാണ് സംവിധായകന് പോലീസ് കസ്റ്റഡിയിലായിരിക്കുന്നത്. ഇന്ന് പ്രധാന താരങ്ങളാരും ലൊക്കേഷനിലുണ്ടായിരുന്നില്ല. നിവിന്റെ ബാല്യകാലമാണ് ഷൂട്ട് ചെയ്തുകൊണ്ടിരുന്നത്.
Recent Comments