കളക്ഷന്‍ റിക്കോര്‍ഡുകള്‍ ഓരോന്നായി ഭേദിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ് ഭീഷ്മപര്‍വ്വം ഇപ്പോഴും തീയേറ്ററുകളില്‍. കൂട്ടത്തില്‍ പ്രേക്ഷകര്‍ തിരയുന്ന പല മുഖങ്ങളും പേരുകളുമുണ്ട്, ആ സിനിമയുടെ അണിയറയ്ക്ക് മുന്നിലും പിന്നിലും. അതില്‍ പ്രധാനി ചിത്രത്തിന്റെ സിനിമാട്ടോഗ്രാഫറാണ്. ഭീഷ്മപര്വ്വത്തിനുമേല് ദൃശ്യചാരുത ചമച്ച പ്രതിഭാശാലി – ആനന്ദ് സി. ചന്ദ്രന്. ‘നേര’ത്തിനും ‘പ്രേമ’ത്തിനും ‘ആനന്ദ’ത്തിനും ‘ഹെലനു’മൊക്കെ ദൃശ്യവിരുന്നൊരുക്കിയതും ആ മാന്ത്രിക വിരലുകളാണ്. സ്കൂള്‍ വിദ്യാഭ്യാസം പിന്നിട്ടപ്പോള്‍തന്നെ തന്റെ പാത സിനിമാട്ടോഗ്രാഫിയാണെന്ന് ആനന്ദ് തിരിച്ചറിഞ്ഞിരുന്നു. എസ്.ആര്.എം. ശിവാജി ഗണേശന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെന്നൈയില്‍ ആരംഭിക്കുമ്പോള്‍ സിനിമാട്ടോഗ്രാഫിയിലെ ആദ്യത്തെ ബാച്ചുകാരനായി ആനന്ദും ഉണ്ടായിരുന്നു. പഠിച്ചിറങ്ങിയതിന് പിന്നാലെ നേരത്തിന്റെ ക്യാമറാമാനായി. തൊട്ടുപിറകെ പ്രേമവും ആനന്ദവും ഹെലനും ചെയ്തു. ഹെലനും മുമ്പേ അമല്‍ നീരദിന്റെ കണ്ണുകള്‍ ആനന്ദിനുമേല്‍ പതിച്ചിരുന്നു. ഇനിയുള്ള കാര്യങ്ങള്‍ നമുക്ക് ആനന്ദില്നിന്നുതന്നെ കേള്‍ക്കാം.
‘അമലേട്ടന് എന്നെ ക്ഷണിച്ചത് വേറൊരു ചെറിയ പ്രൊജക്ടിനുവേണ്ടിയായിരുന്നു. അത് നടന്നില്ല. പിന്നീടാണ് ബിലാലിനെക്കുറിച്ചുള്ള (ബിഗ് ബിയുടെ രണ്ടാംഭാഗം) ചര്‍ച്ചകള്‍ നടക്കുന്നത്. ലോക് ഡൗണിനെത്തുടര്‍ന്ന് അതും മാറ്റിവയ്ക്കേണ്ടിവന്നു. തുടര്‍ന്നാണ് ഭീഷ്മപര്വ്വത്തിലേയ്ക്ക് എത്തുന്നത്.’
ഛായാഗ്രഹകനായ സംവിധായകനാണ് അമല്‍ നീരദ്. ഒരു സിനിമാട്ടോഗ്രാഫറുടെ കീഴില്‍ വര്‍ക്ക് ചെയ്യാനെത്തുമ്പോള്‍ ടെന്‍ഷനുണ്ടായിരുന്നോ?
അമലേട്ടന് ഒരു സ്കൂള്‍ തന്നെയാണ്. പല കാര്യങ്ങളും അദ്ദേഹത്തിന്റെ അടുക്കല്‍നിന്ന് നമുക്ക് പഠിക്കാം. ഛായാഗ്രാഹണം, സംവിധാനം, തിരക്കഥ, നിര്‍മ്മാണം അങ്ങനെ സിനിമയുടെ സമസ്തമേഖലകളിലേയ്ക്കും അത് വ്യാപിച്ചു നില്‍ക്കുകയാണ്. അങ്ങനെയൊരാളുടെ കീഴില്‍ വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞതുതന്നെ വലിയ ഭാഗ്യമായി കരുതുന്നു. ഒരു സംവിധായകനെന്ന നിലയില്‍ അമലേട്ടന് എന്നെ ഗൈഡ് ചെയ്യാന്‍ എളുപ്പമായിരുന്നു. ഒരു സംവിധായകനെന്ന നിലയില്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ എനിക്കും വേഗത്തില്‍ കഴിഞ്ഞു. എന്നില്‍നിന്ന് പരമാവധി ഔട്ട്പുട്ട് ലഭിക്കാനാണ് അദ്ദേഹം പരിശ്രമിച്ചുകൊണ്ടിരുന്നത്. അതുകൊണ്ടുതന്നെ ഒരു ടെന്‍ഷനും എനിക്ക് ഉണ്ടായില്ല.
ഒരു ക്യാമറാമാനെന്ന നിലയില്‍ ഈ സിനിമയില്‍ താങ്കളെ ഏറ്റവുമധികം വിസ്മയിപ്പിച്ച ഒരു ഷോട്ട് ഏതാണ്?
അങ്ങനെയൊരു ഷോട്ട് വരാനിരിക്കുന്ന സിനിമയില്‍ സംഭവിക്കേണ്ടതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഭീഷ്മപര്‍വ്വത്തിലെ ഓരോ ഷോട്ടുകളും മികച്ചതാക്കാനായിരുന്നു ആദ്യംമുതലുള്ള ശ്രമം. പോസ്റ്റ് പ്രൊഡക്ഷന്‍ സമയത്തും എടുത്ത ഷോട്ടുകള്‍ പലതവണ കണ്ടു. അപ്പോഴെല്ലാം അത് മികച്ചതാക്കാനുള്ള എഫര്‍ട്ടാണ് എടുത്തുകൊണ്ടിരുന്നത്. സിനിമ ഇറങ്ങിയശേഷം ചില ഷോട്ടുകള്‍ ഇനിയും നന്നാക്കാമായിരുന്നുവെന്ന് തോന്നിയിട്ടുണ്ട്. അത് അടുത്ത സിനിമയില്‍ എങ്ങനെ തിരുത്താം എന്നല്ലാതെ ചെയ്തുവച്ചൊരു സിനിമയില്‍ പ്രായോഗികമായി ഒരു തിരുത്തലുകളും വരുത്താന്‍ സാധ്യമല്ല.
മമ്മൂട്ടിയെപ്പോലൊരു സൂപ്പര്‍സ്റ്റാറിനൊപ്പം താങ്കള്‍ വര്‍ക്ക് ചെയ്യുന്നത് ഇതാദ്യമാണ്. എങ്ങനെയുണ്ടായിരുന്നു അദ്ദേഹത്തോടുള്ള വര്‍ക്കിംഗ് എക്സ്പീരിയന്‍സ്?
സത്യം പറഞ്ഞാല്‍ ലഞ്ച് സമയത്താണ് സാറിന്റെ അടുത്തിരിക്കാന്‍പോലും അവസരമുണ്ടായത്. അല്ലാത്ത സമയങ്ങളിലെല്ലാം ജോലിയുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നു. അല്ലെങ്കില്‍തന്നെ സാറിനോട് കാര്യങ്ങള്‍ സംസാരിച്ചിരുന്നത് അമലേട്ടനാണ്. സാധാരണഗതിയില്‍ എടുത്ത ഷോട്ടുകള്‍ വന്ന് കാണുന്ന ശീലം സാറിനില്ല. എന്നാല്‍ ഇടയ്ക്കദ്ദേഹം ഷോട്ടുകള്‍ വന്ന് കാണുകയും നന്നായിട്ടുണ്ടെന്ന് പറയുകയും ചെയ്യുമായിരുന്നു.
ക്യാമറക്കണ്ണുകളിലൂടെ നോക്കുമ്പോള്‍ ഏത് ആംഗിളിലാണ് മമ്മൂട്ടി ഏറ്റവും സുന്ദരനായി തോന്നിയത്?
അദ്ദേഹത്തിന്റെ സൗന്ദര്യം ഏതെങ്കിലും ഒരു ആങ്കിളിലാണെന്ന് എനിക്ക് തോന്നിയിട്ടില്ല. ക്ലോസ് ഷോട്ടിലെന്നല്ല, ഏത് ഫ്രെയിമിലും ഒരു പൂര്‍ണ്ണനാണെന്ന തോന്നലാണ് അദ്ദേഹം ഉണ്ടാക്കിയത്. ഇതിഹാസതുല്യരായ നമ്മുടെ ചില ക്യാമറാമാന്മാര് അങ്ങനെ ചില അഭിനേതാക്കളെക്കുറിച്ച് പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അതെനിക്ക് അനുഭവിക്കാന്‍ കഴിഞ്ഞത് മമ്മൂട്ടിസാറിലൂടെയാണ്.
മമ്മൂട്ടി കഴിഞ്ഞാല്‍ ആ സിനിമയില്‍ ഏറ്റവും ഇഷ്ടപ്പെട്ട അഭിനേതാവ് ആരാണ്?
ഭീഷ്മപര്‍വ്വത്തിലെ എല്ലാ അഭിനേതാക്കളും ഒന്നിനൊന്ന് മികച്ചതായിരുന്നു. എല്ലാവരും അവരവരുടെ ഭാഗങ്ങള്‍ ഏറ്റവും ഗംഭീരമാക്കുകയും ചെയ്തു.
അടുത്ത പ്രോജക്ട്?
ആനന്ദത്തിന്റെ സംവിധായകന് ഗണേഷ് രാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അടുത്തത്. പ്രായം ചെന്നവരുടെ കഥ പറയുന്ന സിനിമയാണ്. അതിന്റെ സ്റ്റാര്കാസ്റ്റിംഗ് നടന്നുകൊണ്ടിരിക്കുന്നു.
ആനന്ദ് വിവാഹിതനാണ്. സ്വാതിയാണ് ഭാര്യ. രണ്ട് മക്കള്‍- ആര്യന്, സമാര.
Recent Comments