സംവിധായകന് അനില്‍ രാധാകൃഷ്ണന് മേനോനാണ് ചെറിയ കുറിപ്പോടുകൂടി ആ ചിത്രം അയച്ചുതന്നത്. ചിത്രം കണ്ടപ്പോള്‍ ഞെട്ടിപ്പോയി. ചൂരല്‍ കസേരയില്‍ തീരെ അവശനിലയില്‍ കിടക്കുന്നത് അംബികാറാവു ആണ്. അഭിനേത്രിയായും സഹസംവിധായികയായും അടുത്തകാലം വരെയും മലയാളസിനിമയില്‍ നിറഞ്ഞുനിന്നിരുന്ന സ്ത്രീസാന്നിദ്ധ്യം. ലൊക്കേഷനുകളില്‍ ചുറുചുറുക്കോടെ ഓടിനടന്നിരുന്ന അംബികയെ ഇന്നുമോര്‍ക്കുന്നു. അന്യഭാഷാനടിമാരെ മലയാളസംഭാഷണങ്ങള്‍ തെറ്റുകൂടാതെ പറഞ്ഞുപഠിപ്പിച്ചത് അവരായിരുന്നു. സിദ്ധിക്കിന്റെയും അന്‍വര്‍ റഷീദിന്റെയും അമല്‍ നീരദിന്റെയും ആഷിക്ക് അബുവിന്റെയുമൊക്കെ സിനിമകളില്‍ അവര്‍ സംവിധാനസഹായിരുന്നു. ഏതാനും ചില സിനിമകളില്‍ ചെറിയ വേഷങ്ങളും ചെയ്തിട്ടുണ്ട്. ഏറ്റവും ഒടുവിലായി കണ്ടത് കുമ്പളങ്ങി നൈറ്റ്സിലാണ്. അതില്‍ ഫഹദിന്റെ ഭാര്യയുടെ അമ്മയായിട്ടാണ് അവര്‍ അഭിനയിച്ചത്.
പെട്ടെന്ന് അംബികയുടെ നമ്പറിലേയ്ക്ക് വിളിച്ചു. അത് സ്വിച്ചോഫായിരുന്നു. പുതിയ നമ്പറിനും അനിലിന്റെ സഹായമാണ് തേടിയത്. അനില്‍ നമ്പര്‍ അയച്ചുതന്നു. ഇത്തവണ അവരെ ലൈനില്‍ കിട്ടി. അവശത ആ ശബ്ദത്തെയും വല്ലാതെ കാര്‍ന്നു തിന്നുന്നുണ്ടായിരുന്നു.
‘എന്റെ ചേട്ടന്റെ ഫ്ളാറ്റിലാണ് ഞാനിപ്പോള്‍ ഉള്ളത്. തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തിന് സമീപമാണ് ഫ്ളാറ്റ്. രണ്ട് വൃക്കകളും നേരത്തെതന്നെ തകരാറിലായി. ആഴ്ചയില്‍ മൂന്ന് പ്രാവശ്യമാണ് ഡയലിസിസ് നിര്‍ദ്ദേശിച്ചിരുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ട് അത് രണ്ട് തവണയായി ചെയ്തുവരുന്നു. ഒരുവിധം പ്രശ്നങ്ങളൊന്നുമില്ലാതെ പോവുകയായിരുന്നു. പക്ഷേ കോവിഡ് എല്ലാം തകര്‍ത്തുകളഞ്ഞു. ഇപ്പോള്‍ ലിവര്‍ സിറോസിസ് മാത്രമല്ല, വയറ്റിനുള്ളില്‍ ജലം വന്ന് നിറയുന്നുമുണ്ട്. അത് കുത്തിയെടുക്കുമ്പോഴുള്ള വേദന സഹിക്കാനാവില്ല. ജലം നിറയുമ്പോഴുള്ള ഭാരം നിമിത്തം എഴുന്നേറ്റ് നില്‍ക്കാന്‍പോലുമാകുന്നില്ല. സാധാരണ ഫോണ്‍ എടുക്കാറില്ല. ഇപ്പോള്‍ ചെറിയ ആശ്വാസം തോന്നിയതുകൊണ്ട് മാത്രമാണ് ഫോണ്‍ എടുത്തത്. ഞാന്‍ ആരെയും ഫോണ്‍ വിളിക്കാറില്ല. വിളിച്ചാലും അവരോട് പറയാന്‍ നല്ല കാര്യങ്ങളൊന്നുമില്ലല്ലോ? എന്റെ വിഷമം പറഞ്ഞ് അവരെക്കൂടി എന്തിന് ബുദ്ധിമുട്ടിക്കണം. ഡയലിസിസിനും മരുന്നിനുമൊക്കെയായി നല്ലൊരു തുക ആവശ്യമാണ്. ചില സുമനസ്സുകള്‍ സഹായിക്കാറുണ്ട്. അതാണ് ആകെയുള്ള ആശ്വാസം. പക്ഷേ ഇപ്പോഴത്തെ അവസ്ഥ തീരെ മോശമാണ്. ഡയലിസിസും മുടങ്ങിയിരിക്കുന്നു. അസഹനീയമായ ഈ വേദനയാണ് സഹിക്കാനാകാത്തത്.’ ഇനി സംസാരിക്കാന്‍ വയ്യ എന്ന് പറഞ്ഞുകൊണ്ട് അവര്‍ ഫോണ്‍വെച്ചു.
വലിയ സ്വപ്നവുമായിട്ടാണ് അംബിക സിനിമയിലേയ്ക്ക് എത്തുന്നത്. അവരുടെ പാഷന് മുഴുവനും സിനിമയോടായിരുന്നു. ഇടയ്ക്കെപ്പോഴോ സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്യാനുള്ള ഒരുക്കങ്ങളും നടത്തിയിരുന്നു. അത് ഇടയ്ക്ക് വെച്ച് നിന്നുപോയി. സിനിമയെ മാത്രം സ്നേഹിച്ച ആ കലാകാരി തീര്‍ത്തും അരക്ഷിതമായ അവസ്ഥയിലാണ് ഇപ്പോള്‍. അവരെ സഹായിക്കേണ്ടത് മലയാളസിനിമയിലെ മുഴുവന്‍ പേരുടെയും കടമയാണെന്ന് ഞങ്ങള്‍ കരുതുന്നു. അംബികാറാവുവിനെ പഴയ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരാന്‍ എല്ലാവരുടെയും കരുതല്‍ ഉടന്‍ ഉണ്ടാകണം.
Recent Comments