സിനിമാ രംഗത്ത് അര്‍പ്പണ മനോഭാവത്തോടെ പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്കൊപ്പമാണ് ഈ സര്‍ക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രാജ്യാന്തര ചലച്ചിത്ര മേളയില്‍ അന്താരാഷ്ട്ര മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളിലൊന്ന് സംവിധാനം ചെയ്തത് വനിതയാണ്. വനിതാ സംവിധായകര്‍ക്ക് ചലച്ചിത്ര നിര്‍മ്മാണത്തിനു സര്‍ക്കാര്‍ നല്കുന്ന ധനസഹായം പ്രയോജനപ്പെടുത്തിയാണ് ആ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സിനിമാരംഗത്ത് അര്‍പ്പണ മനോഭാവത്തോടെ പ്രവര്‍ത്തിക്കുന്ന വനിതകളോടൊപ്പമാണ് ഈ സര്‍ക്കാര്‍ എന്നതിന് തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
കോവിഡ് അതിജീവനത്തിന്റെ പശ്ചാത്തലത്തില്‍ മനുഷ്യ ജീവിതങ്ങളുടെ ഉയര്‍ച്ചകളും താഴ്ചകളും മാനവസമൂഹത്തിന്റെ വളര്‍ച്ചയും തളര്‍ച്ചയും ഒക്കെ പ്രമേയമാക്കിയിട്ടുള്ള വിവിധ ചലച്ചിത്രങ്ങളാണ് മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതുവരെ സൃഷ്ടിക്കപ്പെട്ടിട്ടുള്ള മനുഷ്യ കലകളില്‍ ഏറ്റവും ജനകീയമാണ് സിനിമയെന്നും സാമൂഹ്യ പരിവര്‍ത്തനത്തിനും പുരോഗതിക്കും ഉപയോഗപ്പെടുത്താവുന്ന സവിശേഷമായ മാധ്യമമാണതെന്നും അദ്ദേഹം പറഞ്ഞു.
തന്റെ സിനിമകളിലൂടെ ഭരണാധികാര ഭീകരതയ്ക്കും വംശീയ വിവേചനത്തിനുമെതിരെ പ്രതികരിച്ച ലിസാ ചലാന്‍, സിനിമയെന്ന മാധ്യമത്തെ പുരോഗമനപരമായി ഉപയോഗിച്ചു. അതുകൊണ്ടുതന്നെ ‘സ്പിരിറ്റ് ഓഫ് സിനിമ’ പുരസ്കാരത്തിന് ഏറ്റവും അര്‍ഹയാണവരെന്നും ലിസയെ ആദരിക്കുന്നതിലൂടെ സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ടു നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കൂടിയാണ് ആദരിക്കപ്പെടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തുടര്‍ന്ന് തുര്‍ക്കിയില്‍ ഐ.എസ് തീവ്രവാദികള്‍ നടത്തിയ ബോംബാക്രമണത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ട കുര്‍ദിഷ് സംവിധായിക ലിസ ചലാന്‍ സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരം മുഖ്യമന്ത്രി സമ്മാനിച്ചു. ചടങ്ങില്‍ നടനും സംവിധായകനുമായ അനുരാഗ് കാശ്യപ് മുഖ്യാതിഥിയായി. മന്ത്രി സജിചെറിയാന് അധ്യക്ഷനായ ചടങ്ങില്‍ ഉദ്ഘാടന ചിത്രമായ രഹ്ന മറിയം നൂറിലെ നായിക അസ്മരി ഹഖ്, നടി ഭാവന, മന്ത്രിമാരായ വി. ശിവന്‍കുട്ടി, ആന്റണി രാജു, മേയര്‍ ആര്യാ രാജേന്ദ്രന്, വി.കെ. പ്രശാന്ത് എംഎല്‍എ, അക്കാദമി ചെയര്മാന് രഞ്ജിത്, വൈസ് ചെയര്മാന് പ്രേംകുമാര്‍, സാംസ്കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, അക്കാദമി സെക്രട്ടറി സി. അജോയ്, മേളയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്റ്റര്‍ ബീനാ പോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Recent Comments