സൂഫി പറഞ്ഞ കഥ, യുഗപുരുഷന്, അപൂര്‍വരാഗം , ഇയോബിന്റെ പുസ്തകം എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ താരമാണ് ഹിമാശങ്കരി. തീയേറ്റര്‍ ആര്‍ട്ടിസ്റ്റും ബിഗ് ബോസ് റിയാലിറ്റി ഷോ താരവുമായ ഹിമാശങ്കരി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം കായംകുളത്തും പരിസര പ്രദേശങ്ങളിലുമായി ആരംഭിച്ചു.
നവാഗത യുവ സംവിധായകരായ അജെയ്ഷ് സുധാകരന്, മഹേഷ് മനോഹരന് എന്നിവര്‍ ചേര്‍ന്ന് അണിയിച്ചൊരുക്കുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രം സെവന്ത് പാരഡൈസിന്റെ നാലാമത്തെ നിര്‍മ്മാണ സംരംഭമാണ്. ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണ്‍ ചടങ്ങും ചെന്നൈയില്‍ ജോളി ഡബ്ബിംഗ് സ്റ്റുഡിയോയില്‍ വെച്ച് നടന്നിരുന്നു. പ്രസ്തുത ചടങ്ങില്‍ നടന് നരേന് മുഖ്യ അതിഥയായിരുന്നു.
കടലും കായലും ചേരുന്ന ഒറ്റതിരിഞ്ഞ ഒരു പ്രദേശത്തിന്റെ പാശ്ചാത്തലത്തിലുള്ള വ്യത്യസ്തമായൊരു ഇതിവൃത്തമാണ് ചിത്രത്തിന്റേത്. സമൂഹം ഒരാളോട് കാണിക്കുന്ന അവഗണനയും, ഒറ്റപ്പെടുത്തലും ഉണ്ടാക്കുന്ന മാനസിക വ്യഥകളിലൂടെയാണ് കഥ വികസിക്കുന്നത്.
ഒരു അനുജനും അവനുവേണ്ടി ജീവിതം ത്യജിച്ചു കൊണ്ടിരിക്കുന്ന ഒരു ചേച്ചിയുടെയും കഥയാണിത്. ഹിമാശങ്കരിയാണ് ചേച്ചിയെ അവതരിപ്പിക്കുന്നത്. തിമിഴിലെ പ്രശസ്ത സംവിധായകന് അമീറിന്റെ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചു വരുന്ന ലോകേഷ് അനുജന് കഥാപാത്രമാവുന്നു. ടോം കോട്ടയ്ക്കകം മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നു.മലയാളത്തിലെ ഒരു പ്രമുഖ നടന് ചിത്രത്തില്‍ അതിഥി താരമായി എത്തും.
വിനോദ്. കെ. ശരവണന് ഛായഗ്രഹണവും സുനില്‍. എം.കെ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ഗായകനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഷിബു കല്ലാറാണ് സംഗീത സംവിധായകന്. ഷിബു സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വഹിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. വാര്‍ത്താപ്രചരണം സി.കെ. അജയ് കുമാര്‍.
Recent Comments