‘മലയാളത്തിലെ എല്ലാ സൂപ്പര്‍ താരങ്ങളുടെയും ആന്റി ഹീറോയായി ഞാന്‍ വേഷമിട്ടിട്ടുണ്ട്. വില്ലന്‍ വേഷങ്ങള്‍ പോലെ തന്നെ എനിക്ക് ഏറെ പ്രിയപ്പെട്ടതാണ് അച്ഛന് വേഷങ്ങളും. അതില്‍ ഏറ്റവും ഇഷ്ടം തോന്നിയത് മമ്മൂക്കയുടെയും ലാല്‍സാറിന്റെയും അച്ഛനായപ്പോഴാണ്. അതൊരു വെല്ലുവിളിയാണ്. അതിനപ്പുറം ഒരു കൗതുകമുണ്ട്.’ സായികുമാര്‍ കാന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ പറയുന്നു.
മമ്മൂക്കയുടെ അച്ഛനായി ഞാന്‍ അഭിനയിച്ച ചിത്രമായിരുന്നു രാജമാണിക്യം. പക്ഷേ ആ കഥാപാത്രത്തിനു വേണ്ടി എന്നെ ആയിരുന്നില്ല ആദ്യം നിശ്ചയിച്ചിരുന്നത്. രാജമാണിക്യം ആദ്യം ഡയറക്ട് ചെയ്യാനിരുന്നത് സംവിധായകന് രഞ്ജിത്ത് ആയിരുന്നു. ഒരിക്കല്രഞ്ജിത്തിനോട് പുതിയ സിനിമയെക്കുറിച്ച് ചോദിച്ചു. മമ്മൂക്ക നായകനാകുന്ന രാജമാണിക്യമാണ് അടുത്ത സിനിമയെന്ന് അദ്ദേഹം പറഞ്ഞു. എനിക്കതില്‍ വേഷം ഉണ്ടാകാന്‍ സാധ്യതയില്ലെന്നും രഞ്ജി കൂട്ടിച്ചേര്‍ത്തു. പിന്നീട് അന്‍വര്‍ റഷീദാണ് ആ ചിത്രം സംവിധാനം ചെയ്തത്.
ഗുരുവായൂരില്‍ ഒരു സിനിമയുടെ ഷൂട്ടില്‍ പങ്കെടുക്കുന്നസമയം. രാത്രി 11 മണിക്ക് പ്രൊഡക്ഷന്‍ കണ്ട്രോളര് ആന്റോ ജോസഫ് ഫോണില്‍ വിളിക്കുന്നു. ‘ചേട്ടന് എന്നെ വഴക്ക് പറയുമോ’ എന്നായിരുന്നു ആന്റോയുടെ ആദ്യ ചോദ്യം. അത് കേട്ട് അതിശയത്തോടെ ഞാന്‍ കാര്യം തിരക്കി. രാജമാണിക്യത്തില്‍ മമ്മൂക്കയുടെ അച്ഛന് വേഷം ചെയ്യാനാണ് അദ്ദേഹം എന്നെ വിളിക്കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലുള്ള വിവിധ നടന്മാരെ ആ വേഷത്തിനായി സമീപിച്ചിരുന്നുവെന്നാണ് കേട്ടത്. പക്ഷേ എന്തോ അതൊന്നും നടന്നില്ല. ആ കഥാപാത്രം ചെയ്യാമോ എന്നായിരുന്നു ആന്റോയുടെ ചോദ്യം. കാശുകിട്ടിയാല് അഭിനയിക്കുമെന്ന് ഒട്ടും ആലോചിക്കാതെചന്നെ ഞാന്‍ മറുപടി പറഞ്ഞു.
അങ്ങനെ ഞാന്‍ രാജമാണിക്യത്തില്‍ ബെല്ലാരി രാജയുടെ അച്ഛനായി. ഇന്നും ഞാന്‍ ചെയ്ത അച്ഛന് കഥാപാത്രങ്ങളില്‍ ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് ആ വേഷം. അതുപോലെ ലാല്‍ സാറിന്റെ അച്ഛനായി ക്രിസ്ത്യന്‍ ബ്രദേഴ്സില്‍ വേഷമിട്ടപ്പോഴും ഇതേ അനുഭവമായിരുന്നു.
യഥാര്‍ത്ഥ ജീവിതത്തില്‍ മമ്മൂക്കയോടോ ലാല്സാറിനോടോ കൂടുതല്‍ സ്വാതന്ത്ര്യത്തോടും അധികാരത്തോടും കൂടി സംസാരിക്കാന്‍ സാധിക്കില്ല. പക്ഷേ അവരുടെ അച്ഛനായി മാറുമ്പോള്‍ അങ്ങനെയല്ല. അച്ഛന് പറഞ്ഞാല്‍ മക്കള്‍ അനുസരിക്കണല്ലോ, അത്കൊണ്ട് തന്നെ ‘ഇങ്ങോട്ട് വാടാ, അങ്ങോട്ട് പോടാ’ എന്നൊക്കെ അധികാരത്തോടെ പറയാന്‍ കഴിയും. തമാശ രൂപേണ സായികുമാര്‍ പറഞ്ഞുനിര്‍ത്തി.
-ഷെരുണ് തോമസ്
Recent Comments