രണ്ട് ദിവസംമുമ്പാണ് സുരേഷ്ഗോപി അമൃത്സറിലെ സുവര്‍ണ്ണക്ഷേത്രം സന്ദര്‍ശിച്ചത്. ജിബു ജേക്കബ്ബ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗില്‍ ജോയിന്‍ ചെയ്യാന്‍ അമൃത്സറില് എത്തിയതായിരുന്നു അദ്ദേഹം. ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നതും സുരേഷ്ഗോപിയാണ്. അമൃത്സറില് ഒരു ദിവസത്തെ വര്‍ക്കേ സുരേഷ്ഗോപിക്ക് ഉണ്ടായിരുന്നുള്ളൂ. ഷൂട്ടിംഗ് കഴിഞ്ഞതിനു പിന്നാലെയാണ് അദ്ദേഹം സുവര്‍ണ്ണക്ഷേത്രം സന്ദര്‍ശിച്ചത്. ശുഭ്രവസ്ത്രധാരിയായി, സിഖ് മത വിശ്വാസികള്‍ അണിയാറുള്ള തൊപ്പിയും വച്ചാണ് ക്ഷേത്രത്തില്‍ കയറി വിശ്വാസപൂര്‍വ്വം പ്രാര്‍ത്ഥനകള്‍ നടത്തിയത്.
‘ഞാന്‍ പഞ്ചാബില്‍ മുമ്പും വന്നിട്ടുണ്ട്. പക്ഷേ സുവര്‍ണ്ണക്ഷേത്രം സന്ദര്‍ശിക്കുന്നത് ഇതാദ്യമാണ്. ആദ്ധ്യാത്മികദീപ്തി നിറഞ്ഞു തുളുമ്പുന്ന ആരാധനാലയമാണത്. അത്രയേറെ ശാന്തവും. അവിടുത്തെ ട്രസ്റ്റ് അംഗങ്ങളാണ് തൊഴാനുള്ള സൗകര്യങ്ങള്‍ ഒരുക്കിത്തന്നത്. സിഖ് ആന്റ് സിഖിസം എന്ന പുസ്തകവും അവര്‍ എനിക്ക് കൈമാറി. അടുത്ത തവണ ഭാര്യയും മക്കളെയും കൂട്ടി എത്താന്‍ ക്ഷണിച്ചിട്ടുണ്ട്. ഇനി വരുമ്പോള്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ എത്തരുതെന്നും ഓര്‍മ്മിപ്പിച്ചു. വളരെ തിരക്കുള്ള ദിവസങ്ങളാണത്. ഏതായാലും വൈകാതെതന്നെ ഞാനും കുടുംബവും സുവര്ണ്ണക്ഷേത്രത്തിലെത്തും. ആചാരപൂര്‍വ്വം പ്രാര്‍ത്ഥിക്കും. അതൊരു ബുധനാഴ്ചയോ വ്യാഴാഴ്ചയോ ആയിരിക്കും.’ സുരേഷ്ഗോപി കാന്‍ ചാനലിനോട് പറഞ്ഞു.
Recent Comments