തമിഴിലെ പ്രമുഖ സിനിമാ നിര്‍മ്മാണക്കമ്പനിയാണ് കെ.ഇ. ജ്ഞാനവേലിന്റെ സ്റ്റുഡിയോ ഗ്രീന്‍. ഈ ബാനറില്‍ നിര്‍മ്മിച്ച മിസ്റ്റര്‍ ലോക്കല്‍ എന്ന ചിത്രത്തില്‍ ശിവകാര്‍ത്തികേയനായിരുന്നു നായകന്. 2019 മെയ് 17നാണ് ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്തത്.
ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ പ്രതിഫലമായി 15 കോടി രൂപയാണ് നിര്‍മ്മാതാവ് ശിവകാര്ത്തികേയന് വാഗ്ദാനം ചെയ്തത്. എന്നാല്‍ തനിക്ക് 11 കോടി മാത്രമേ ലഭിച്ചിട്ടുള്ളൂവെന്ന് ആരോപിച്ചാണ് ശിവകാര്ത്തികേയന് കോടതിയെ സമീപിചിരിക്കുന്നത്. ശിവകാര്ത്തികേയന് സമര്‍പ്പിച്ച പെറ്റിഷന്‍ പ്രകാരം റിബല്‍, ചിയാന്‍ 61, പത്ത് തല തുടങ്ങിയ സിനിമകള്‍ക്കായി പണം മുടക്കുന്നതില്‍ നിന്ന് നിര്‍മ്മാതാവ് ജ്ഞാനവേലിനെ വിലക്കണമെന്നും ഈ സിനിമകളുടെ തിയേറ്റര്‍-ഒടിടി റിലീസ് അവകാശം വിതരണക്കാര്‍ക്ക് കൈമാറുന്നത് തടയണമെന്നും താരം കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ് എം. സുന്ദര്‍ കേസ് വ്യാഴാഴ്ച പരിഗണിക്കും.
നിര്‍മ്മാതാവില്‍ നിന്നും ലഭിച്ച 11 കോടിയുടെ ടിഡിഎസ് അടച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ശിവകാര്ത്തികേയന് ഫെബ്രുവരി 1ന് ആദായനികുതി വകുപ്പ് നോട്ടീസ് നല്‍കിയിരുന്നു. പിഴയായി 91 ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ തുകയുടെ ടിഡിഎസ് നിര്‍മ്മാതാവാണ് അടയ്ക്കേണ്ടിയിരുന്നതെന്നും അത് അദ്ദേഹം അടച്ചിട്ടില്ലെന്നും താരവും ചൂണ്ടിക്കാട്ടുന്നു.
Recent Comments