പാര്‍ലമെന്റിലെ തിരക്കിട്ട ഷെഡ്യൂളുകള്ക്കിടയില്നിന്നാണ് സുരേഷ്ഗോപി അമൃത്സറിലെത്തിയത്. ഇക്കഴിഞ്ഞ മാര്‍ച്ച് 25 വെള്ളിയാഴ്ച പകല്‍സമയത്ത്. ജിബു ജേക്കബ്ബ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അവിടെയായിരുന്നു. മൂസയെന്ന കഥാപാത്രത്തെയാണ് സുരേഷ്ഗോപി അവതരിപ്പിക്കുന്നത്. മുഷിഞ്ഞ കൈലിയും മുട്ടറ്റംവരെ നീണ്ട അയഞ്ഞ ഷര്‍ട്ടുമാണ് വേഷം. ഡള്‍ മേക്കപ്പും. അന്ന് രാത്രിയില്‍ അവിടുത്തെയൊരു ദാബയിലായിരുന്നു ഷൂട്ടിംഗ്. കട്ട് ഷോട്ടുകളാണ് ഏറെയും പകര്‍ത്തിക്കൊണ്ടിരുന്നത്.
അടുത്ത ദിവസം രാവിലെ ജാലിയന്‍ വാലാബാഗ് ഗേറ്റിനും സ്മാരകത്തിനും സമീപമുള്ള പ്രദേശങ്ങളിലായിരുന്നു ഷൂട്ട്. അതിനുശേഷമാണ് പ്രശസ്തമായ സുവര്‍ണ്ണ ക്ഷേത്രത്തിന് മുന്നിലെത്തിയത്. അവിടെവച്ചാണ് സുരേഷ്ഗോപി അവരെ കണ്ടത്. സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഒരു ചെറിയ സംഘം. ക്ഷേത്രത്തിന് പുറത്ത് നിരവധി അന്നദാന പുരകളുണ്ട്. അവിടെ ഭക്ഷണം കഴിക്കാനെത്തിയവരായിരുന്നു അവര്‍. അവരെ കണ്ടപ്പോള്‍ അദ്ദേഹത്തിന് അലിവ് തോന്നി. ഭക്ഷണം കഴിച്ചോ എന്ന് തിരക്കി. കഴിക്കാന്‍ വന്നതാണെന്ന് അവര്‍ പറഞ്ഞു. ഭക്ഷണം വാങ്ങിത്തരട്ടെ എന്ന് അന്വേഷിക്കുമ്പോള്‍ അവര്‍ സന്തോഷത്തോടെ തലയാട്ടി. അവരുടെ കണ്ണുകളില്‍ തിളക്കംവച്ചു. അവര്‍ക്കൊപ്പം ദാബയില്‍ പോയി ഭക്ഷണം കഴിക്കാമെന്ന് ആലോചിക്കുമ്പോഴേക്കും ഷോട്ട് റെഡിയായി കഴിഞ്ഞിരുന്നു. സുരേഷ്ഗോപി തന്റെ സഹായികളെ വിളിച്ച് അവര്‍ക്കാവശ്യമുള്ള ഭക്ഷണം വാങ്ങിക്കൊണ്ട് കൊടുക്കാന്‍ പറഞ്ഞു. അതിനുശേഷമാണ് അദ്ദേഹം ഷോട്ടിലേക്ക് പോയത്.
അടുത്ത് കണ്ട റെസ്റ്റോറന്റില്‍നിന്ന് അവര്‍ക്ക് ആഹാരം വാങ്ങിക്കൊടുത്തു. അവര്‍ സന്തോഷത്തോടെ ആഹാരം കഴിച്ചു. കൈക്കുഞ്ഞിനായി പ്രത്യേകം ഭക്ഷണം വാങ്ങാനൊരുങ്ങുമ്പോള്‍ അവര്‍ വേണ്ടെന്ന് ആംഗ്യം കാട്ടി. തങ്ങളുടെ ഭക്ഷണം പങ്കിട്ട് കഴിച്ചോളാം എന്ന് സ്നേഹത്തോടെ പറഞ്ഞു.
ഷോട്ട് കഴിഞ്ഞ് ഒരല്‍പ്പം വൈകിയാണ് സുരേഷ്ഗോപി തിരിച്ചെത്തിയത്. വന്നയുടെനെ അവരെക്കുറിച്ചാണ് അദ്ദേഹം അന്വേഷിച്ചത്. അവിടെയെല്ലാം അവരെ തിരഞ്ഞു. പക്ഷേ കണ്ടില്ല. കുടുംബവുമായി അടുത്ത തവണ വരുമ്പോള്‍ അവരെ കണ്ടെത്തണമെന്നും ഒരു നേരം അവരോടൊപ്പം ഭക്ഷണം കഴിക്കണമെന്നുള്ള ആഗ്രഹവും അദ്ദേഹം പ്രകടിപ്പിച്ചു.
ഒരു നടനും രാഷ്ട്രീയ നേതാവിനുമപ്പുറം താനൊരു തികഞ്ഞ മനുഷ്യസ്നേഹി കൂടിയാണെന്ന് സുരേഷ്ഗോപി പലതവണ തന്റെ കര്‍മ്മങ്ങളിലൂടെ തെളിയിച്ചിട്ടുള്ളതാണ്. അതിന്റെ വജ്രശോഭയാര്‍ന്ന മറ്റൊരു ഏടാണ് ഈ സംഭവവും.
Recent Comments