ബാബുആന്റണിയെ കേന്ദ്രകഥാപാത്രമാക്കി ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് പവര്‍സ്റ്റാര്‍. കണ്ണൂരിലെ പയ്യാമ്പലം ബീച്ചില്‍വച്ചായിരുന്നു പൂജാചടങ്ങുകള്‍. ചടങ്ങില്‍ പങ്കെടുത്ത ആയിരക്കണക്കിന് ജനങ്ങള്‍ മൊബൈലിലെ ഫ്ളാഷ് ബള്‍ബ് തെളിയിച്ചാണ് ചടങ്ങ് നിര്‍വ്വഹിച്ചത്. ബാബുആന്റണി ഫസ്റ്റ് ക്ലാപ്പും നല്കി. അബു സലിം ,ബിനീഷ് ബാസ്റ്റ്യന്‍, ശാലു റഹിം, ദിവ്യ, അമീര്‍ നിയാസ്, ഛായാഗ്രാഹകന്‍ സീനു സിദ്ധാര്‍ത്ഥ്, എഡിറ്റര്‍ ജോണ്‍ കുട്ടി, ദാസ് കോഴിക്കോട്, കലാസംവിധായകന്‍ ജിത്തു സെബാസ്റ്റ്യന്‍, ആക്ഷന്‍ ലിബിന് മോഹന്‍, കോറിയോഗ്രാഫര്‍ ദിനേശ് കാശി തുടങ്ങി നിരവധി അണിയറ പ്രവര്‍ത്തകരും വേദി പങ്കിട്ടു.
തന്റെ അടുത്ത ചിത്രത്തിന്റെ തിരക്കഥ രചിക്കുന്ന നജീം കോയയ്ക്ക് സംവിധായകന് ഒമര്‍ ലുലു ഉപഹാരം നല്കി.
ഡെന്നിസ് ജോസഫാണ് പവര്സ്റ്റാറിനുവേണ്ടി തിരക്കഥ എഴുതുന്നത്. ഇതിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയശേഷമായിരുന്നു ഡെന്നീസ് ജോസഫിന്റെ അകാല വേര്‍പാട്.
‘എന്നും വിസ്മയങ്ങള്‍ മാത്രം സമ്മാനിച്ചിട്ടുള്ള ഡെന്നിസ് ജോസഫിന്റെ തിരക്കഥയില്‍ ഒരു ചിത്രം സംവിധാനം ചെയ്യുകയെന്നത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ മോഹമായിരുന്നുവെന്ന്’ ഒമര്‍ ലുലു പറഞ്ഞു. അദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തിലാണങ്കിലും ഈ മോഹം സാക്ഷാത്ക്കരിക്കുവാന്‍ ഇടയായതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഒമര്‍ വ്യക്തമാക്കി.
മാസ്റ്റര്‍പീസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ റോയല്‍ സിനിമാസും ബോളിവുഡ്ഡിലെ പ്രശസ്ത നിര്‍മ്മാണക്കമ്പനിയായ ജോയ് മുഖര്‍ജി പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ബോളിവുഡ്ഡിലെ പ്രശസ്ത നടനായ ജോയ് മുഖര്‍ജിയുടെ മകന് സുജോയ് മുഖര്‍ജിയുടെ നേതൃത്തിലാണ് ജോയ് മുഖര്‍ജി കമ്പനി പ്രവര്‍ത്തിക്കുന്നത്. അജയ് വാസുദേവ്, ശ്യാമപ്രസാദ് എന്നിവരാണ് ഈ കമ്പനിയുടെ അടുത്ത ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നതെന്ന് റോയല്‍ സിനിമാസ് ഉടമ സി.എച്ച്. മുഹമമദ് പറഞ്ഞു.
മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, ബോളിവുഡ് സിനിമയിലെ താരങ്ങളും ഈ ചിത്രത്തിലഭിനയിക്കുന്നു. കണ്ണുര്‍, വയനാട്, കൊച്ചി, മുംബൈ എന്നിവിടങ്ങളിലായി പവര്‍സ്റ്റാറിന്റെ ചിത്രീകരണം പൂര്‍ത്തിയാകും. സംഗീതനിശയോടെയാണ് ചടങ്ങ് സമാപിച്ചത്. വാര്‍ത്താപ്രചരണം വാഴൂര്‍ ജോസ്, സ്റ്റില്‍സ് അജ്മല്‍.
Recent Comments