നാടകങ്ങളിലൂടെയാണ് കൈനകരി തങ്കരാജേട്ടനെ എനിക്ക് പരിചയം. അദ്ദേഹം അഭിനയിച്ച എത്രയോ നാടകങ്ങള്‍ കണ്ടിരിക്കുന്നു. അപ്പോഴെല്ലാം ആദരവോടെ മാത്രമേ നോക്കിനിന്നിട്ടുള്ളൂ. ആ ശബ്ദവും ചലനങ്ങളുമെല്ലാം എത്ര താളനിബദ്ധമായിരുന്നുവെന്ന് ഞാനിന്നും ഓര്‍ക്കുന്നു.
അദ്ദേഹത്തെ നേരിട്ട് പരിചയപ്പെടുന്നത് ഹോമില്‍ അഭിനയിക്കാനെത്തുമ്പോഴാണ്. എന്റെ അപ്പച്ചന്റെ വേഷമാണ് അദ്ദേഹം ചെയ്തത്. സെറ്റിലുള്ളവര്‍ മുഴുവനും അദ്ദേഹത്തെ അപ്പച്ചനെന്നാണ് വിളിച്ചിരുന്നത്.
ഹോമില്‍ അഭിനയിക്കാനെത്തുമ്പോള്‍ കുറെ ശാരീരികാവശതകള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. പ്രത്യേകിച്ചും കാലൊക്കെ നീര് വന്ന് നടക്കാനൊക്കെ പ്രയാസപ്പെട്ടിരുന്നു. എന്നിട്ടും ക്യാമറയ്ക്കു മുന്നില്‍ അദ്ദേഹം നോര്‍മലായി ബിഹേവ് ചെയ്തു. ഒരു നോട്ടം കൊണ്ടുപോലും ഷോട്ടിലഭിനയിക്കുന്ന മുഴുവന്‍ താരങ്ങളെയും എങ്ങനെ നിശബ്ധരാക്കാമെന്ന് അദ്ദേഹം തെളിയിച്ചു. നാടകക്കളരിയുടെ കരുത്താണത്.
പഴയ നാടകാനുഭവങ്ങളൊക്കെ അദ്ദേഹം ഇടതോരാതെ പറഞ്ഞുകൊണ്ടിരുന്നു. തിലകന് ചേട്ടനോടൊപ്പം വര്‍ക്ക് ചെയ്യാനായത് തെല്ലൊരു അഭിമാനത്തോടുകൂടിയാണ് അദ്ദേഹം പറഞ്ഞത്.
ഇടയ്ക്ക് സിനിമയിലും ചെറിയ വേഷങ്ങള്‍ ചെയ്തു. പക്ഷേ അക്കാലത്ത് അദ്ദേഹം നടത്തിയ ഒരു പ്രസ്താവന, നാടകത്തെ പുകഴ്ത്തിയും സിനിമയെ ഇകഴ്ത്തിക്കൊണ്ടുമായിരുന്നു. അത് വേണ്ടായിരുന്നു എന്ന് അദ്ദേഹത്തിനുതന്നെ അഭിപ്രായമുണ്ടായിരുന്നു. അതാണ് സിനിമയിലെ തന്റെ അവസരങ്ങള്‍ മുടക്കിയതെന്നും അദ്ദേഹം പറയുമായിരുന്നു.
ഹോമിന്റെ ഒരു ഷെഡ്യൂള്‍ കഴിഞ്ഞുള്ള മടക്കയാത്രയില്‍ ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു. കേരളപുരത്തെത്തുമ്പോള് ഞാന്‍ അദ്ദേഹത്തെ വീട്ടില്‍ ഇറക്കാമെന്ന് പറഞ്ഞതാണ്. പക്ഷേ അദ്ദേഹം സമ്മതിച്ചില്ല. പകരം അദ്ദേഹം നേരത്തെ പറഞ്ഞതനുസരിച്ച് കൊച്ചുമക്കളോ മറ്റോ വഴിയരികില്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. അവരോടൊപ്പമാണ് അദ്ദേഹം വീട്ടിലേയ്ക്ക് പോയത്. അങ്ങനെപോലും മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാന്‍ പാടില്ലെന്ന് അദ്ദേഹം കരുതിയിരിക്കണം.
കുറച്ച് നാളുമുമ്പ് അദ്ദേഹം എന്നെ വിളിച്ചിരുന്നു. വീട്ടിലൊരു വിശേഷമുണ്ടെന്നും അതില്‍ പങ്കെടുക്കണമെന്നും പറഞ്ഞു. ഞാനന്ന് ഷൂട്ടിംഗുമായി ബന്ധപ്പെട്ട് സുല്‍ത്താന്‍ബത്തേരിയിലായിരുന്നു. അതുകൊണ്ട് പങ്കെടുക്കാനായില്ല. എപ്പോഴെങ്കിലും വീടുവരെ ഒന്ന് വന്നുപോകണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ചെല്ലാമെന്ന് ഞാന്‍ വാക്കും കൊടുത്തു. പക്ഷേ എനിക്ക് ആ വാക്ക് പാലിക്കാനായില്ല. അതൊരു വേദനയായി അവശേഷിക്കും.
Recent Comments