മാഹിയുടെ പശ്ചാത്തലത്തില്‍ യുവതലമുറയുടെ ജീവിതം അവതരിപ്പിക്കുന്ന ചിത്രമാണ് മാഹി. ഐ.വി.ശശി, തമ്പി കണ്ണന്താനം എന്നിവര്‍ക്കൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുള്ള സുരേഷ് കുറ്റ്യാടിയാണ് സംവിധായകന്. സുരേഷിന്റെ ആദ്യ സംവിധാനസംരംഭമാണിത്.
മാഹിയിലെ ചില സ്വാതന്ത്ര്യങ്ങള്‍ പുതുതലമുറയെ എങ്ങനെ വഴിതെറ്റിക്കുന്നുവെന്ന് ഈ ചിത്രം ചര്‍ച്ച ചെയ്യുന്നു. ആ തലമുറയുടെ ഒരു പ്രതിനിധി മാത്രമാണ് മാനവ് കൃഷ്ണ. അങ്ങനെ അനവധി യുവാക്കള്‍ അവിടെ വേറെയുമുണ്ട്. ആ നാട്ടിലേയ്ക്കാണ് ഹിതാ ദാസ് എന്ന പെണ്‍കുട്ടി കടന്നുവരുന്നത്. അത് ആ യുവാക്കളുടെ ജീവിതത്തെതന്നെ മാറ്റിമറിക്കുന്നു. മാഹിയുടെ കഥാപശ്ചാത്തലം ഇതാണ്.
അനീഷ് ജി. മേനോണ് മാനവ് കൃഷ്ണയെ അവതരിപ്പിക്കുന്നത്. അനീഷിന്റെ ആദ്യത്തെ നായകകഥാപാത്രമാണിത്. ഹിതാ ദാസിനെ അവതരിപ്പിക്കുന്നത് ഗായത്രി സുരേഷാണ്. ഹരീഷ് കണാരന്, ധര്മ്മജന് ബോള്‍ഗാട്ടി, സുധീര്‍ കരമന, ദേവന്, സ്ഫടികം ജോര്‍ജ്, ജാഫര്‍ ഇടുക്കി, കലിംഗശശി, അല്‍ത്താഫ്സലിം, അനീഷ് ഗോപാല്‍, ഷെഹീന്‍, സുശീല്‍ കുമാര്‍ തിരുവങ്ങാട്, വൈശാഖ്, അരിസ്റ്റോ സുരേഷ്, നീനാ ക്കുറുപ്പ്, സാവിത്രി ശ്രീധരന് തുടങ്ങിയവരും താരനിരയിലുണ്ട്.
വി.എസ്.ഡി.എസ്. എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വസന്തന്, ഡോ. ദ്രുഹിന്‍, ഷാജിമോന്‍ എടത്തനാട്ടുകര, ഡോ. ശ്രീകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയായ മാഹി മെയ് 13 ന് തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.
Recent Comments