പത്മകുമാറിനെ ഫോണില്‍ വിളിക്കുമ്പോള്‍ അദ്ദേഹം ജയ്പ്പൂരിലായിരുന്നു. സിനിമയുടെ ലൊക്കേഷന്‍ തേടിയുള്ള യാത്രയിലായിരിക്കുമെന്നാണ് ആദ്യം കരുതിയത്. പക്ഷേ പത്മകുമാര്‍ ഞങ്ങളെ തിരുത്തി.
‘ജോസഫിന്റെ ഹിന്ദി റീമേക്കിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് ഞാനിപ്പോള്‍. ഏപ്രില്‍ 2 ന് ഉദയ്പൂരിലായിരുന്നു തുടക്കം. ജയ്പൂരിലേയ്ക്ക് ഷിഫ്റ്റ് ചെയ്തിട്ട് രണ്ട് ദിവസമേ ആകുന്നുള്ളൂ. ജോസഫിന്റെ ക്യാരക്ടര്‍ ഹിന്ദിയില്‍ അവതരിപ്പിക്കുന്നത് സണ്ണി ഡിയോളാണ്. അദ്ദേഹത്തിന്റെ ഭാര്യയുടെ വേഷം ചെയ്യുന്നത് ബംഗാളില്‍നിന്നുള്ള അഭിനേത്രി തനുശ്രീ ചക്രവര്‍ത്തിയാണ്. ജോസഫിന്റെ കഥ ജയ്പൂരിന്റെ പശ്ചാത്തലത്തിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. കഥയില്‍ വലിയ മാറ്റങ്ങള്‍ ഒന്നുംതന്നെ വരുത്തിയിട്ടില്ല. ഹിന്ദിയിലെ പ്രശസ്ത നിര്‍മ്മാതാവും വിതരണക്കാരനുമായ കമല്‍ മുക്കുട്ട് ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. മലയാളി കൂടിയായ സന്തോഷ് തുണ്ടിയിലാണ് ഛായാഗ്രാഹകന്‍.’ പത്മകുമാര്‍ പറഞ്ഞു.
ജോജു ജോര്‍ജിനെ കേന്ദ്രകഥാപാത്രമാക്കി പത്മകുമാര്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ജോസഫ്. ഷാഹി കബീര്‍ എന്ന തിരക്കഥാകൃത്തിന്റെ ജീവിതത്തില്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ കോര്‍ത്തിണക്കിയായിരുന്നു ജോസഫിന്റെ കഥാനിര്‍മ്മിതി. ജോജുവിന് മികച്ച സ്വഭാവനടനുള്ള സംസ്ഥാന പുരസ്കാരവും മികച്ച ഫിലിമിനുള്ള ദേശീയ ജൂറിയുടെ പ്രത്യേക പരമാര്‍ശവും സ്വന്തമാക്കിയ ജോസഫ് പിന്നീട് തമിഴിലും തെലുങ്കിലും കന്നഡത്തിലേയ്ക്കും റീമേക്ക് ചെയ്തിരുന്നു. അതിന്റെ ഹിന്ദി പതിപ്പിന്റെ ഷൂട്ടിംഗാണ് ഇപ്പോള്‍ ജയ്പൂരില്‍ പുരോഗമിക്കുന്നതും.
Recent Comments