‘അങ്കമാലി ഡയറീസ്’ എന്ന മെഗാഹിറ്റ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച്, അഭിനയ ജീവിതത്തിന്റെ അഞ്ചാം വര്‍ഷം പിന്നിടുമ്പോള്‍ കരിയറില്‍ ഒരു പുതിയ പ്രയാണം ആരംഭിച്ചിരിക്കുകയാണ് അപ്പാനി ശരത്ത്. താരത്തിന്റെ പിറന്നാള്‍ ദിനം കൂടിയായ വിഷുദിനത്തിലാണ് തന്റെ ആദ്യ നിര്‍മാണസംരംഭം ശരത്ത് പ്രഖ്യാപിച്ചത്. സൈനു ചാവക്കാടന്‍ സംവിധാനം ചെയ്യുന്ന ‘പോയിന്റ് ബ്ലാങ്ക്’ ആണ് ആദ്യ നിര്‍മ്മാണ സംരംഭം. തിയ്യാമ്മ പ്രൊഡക്ഷന്‍സ് എന്നാണ് ബാനറുടെ പേര്. ശരത്തിന് പുറമെ ഡി.എം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷിജി മുഹമ്മദും നിര്‍മ്മാണ പങ്കാളിത്തം വഹിക്കുന്നു.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായിട്ടാണ് ചിത്രമൊരുക്കുന്നത്. ഓഗസ്റ്റ് 17ന് ഗോവയില്‍ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി. ഗോവക്ക് പുറമെ മാഹി, ചെന്നൈ, കൊച്ചി, ട്രിച്ചി എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം. അപ്പാനി ശരത്ത് നായകനാകുന്ന ചിത്രത്തില്‍ മലയാളത്തിലേയും തമിഴിലേയും പ്രമുഖ താരങ്ങള്‍ ഭാഗമാകും. ഹൈ ഹോപ്സ് ഫിലിം ഫാക്ടറിയുടെ പാര്‍ട്ണര്‍മാരില്‍ ഒരാളായ ബോണി അസ്സനാര് ആണ് ഈ ചിത്രത്തിനായി തിരക്കഥയും ക്രിയേറ്റീവ് സംവിധാനവും നിര്‍വഹിക്കുന്നത്. മിഥുന് സുബ്രന് കഥ എഴുതിയിരിക്കുന്ന ചിത്രത്തിന്റെ സഹ നിര്‍മാതാക്കള്‍ എ.കെ സുധീറും ബി.ആര്.എസ് ക്രിയേഷന്‍സുമാണ്. റോബിന് തോമസാണ് ചിത്രത്തിന്റെ പ്രോജക്ട് ഡിസൈനര്‍. പ്രൊഡക്ഷന്‍ മാനേജര്‍: സോണിയല്‍ വര്‍ഗീസ്, വാര്‍ത്താപ്രചരണം പി ശിവപ്രസാദ്.
Recent Comments