ദീര്‍ഘനാളത്തെ സൗഹൃദമുണ്ട് സംവിധായകന് ഷാഫിയുമായി തിരക്കഥാകൃത്ത് സിന്ധുരാജിന്. പക്ഷേ അവര്‍ക്കിടയില്‍ ഒരു സിനിമ സംഭവിക്കുന്നത് ഇപ്പോള്‍ മാത്രമാണ്. ശരിക്കും പറഞ്ഞാല്‍ ഇന്ന് രാവിലെയായിരുന്നു ഇരുവരും ആദ്യമായി ഒന്നിക്കുന്ന സിനിമയുടെ പൂജ. പാലക്കാട് കൊടുവായൂരിനടുത്തുള്ള സുബ്രഹ്മണ്യക്ഷേത്രത്തില്‍ വച്ചായിരുന്നു പൂജ. പൂജയ്ക്ക് പിന്നാലെ ഷൂട്ടിംഗും ആരംഭിച്ചു.
ഏതാണ്ട് പത്ത് വര്‍ഷം മുമ്പാണ് ഷാഫിക്കുവേണ്ടി എഴുതാനുള്ള ആദ്യശ്രമങ്ങള്‍ സിന്ധുരാജ് തുടങ്ങുന്നത്. ഒരു തുക ഷാഫി അഡ്വാന്‍സായി സിന്ധുരാജിന് നല്‍കുകയും ചെയ്തു. എന്നാല്‍ ആ പ്രോജക്ട് നടന്നില്ല. രണ്ടര വര്‍ഷം മുമ്പാണ് ഇവരുടെ ഒത്തുചേരലിന് വീണ്ടും ജീവന് വയ്ക്കുന്നത്. ഇതിനിടെ ഷാഫിയും സിന്ധുരാജും തമ്മില്‍ പലതവണ ചര്‍ച്ചകള്‍ നടന്നു. ഒടുവില്‍ തിരക്കഥ എഴുതി പൂര്‍ത്തിയാക്കി. താരങ്ങളെയും സാങ്കേതിക പ്രവര്‍ത്തകരെയും തീരുമാനിച്ചു. അതിന്റെ പര്യസമാപ്തിയാണ് ഇന്നത്തെ പൂജയും ഇനിയങ്ങോട്ടുള്ള ചിത്രീകരണ ദിവസങ്ങളും.
‘ചിലത് അങ്ങനെയാണ്. നല്ലത് സംഭവിക്കാന്‍ നാളുകള്‍ എടുത്തേയ്ക്കും.’ ആമുഖമായി സിന്ധുരാജ് പറഞ്ഞുതുടങ്ങി.
‘ഇതൊരു ഫാമിലി ഫണ്‍ മൂവിയാണ്. ഇന്ദ്രന്‍സും ഷറഫുദ്ദീനുമാണ് ഇതിലെ കേന്ദ്രകഥാപാത്രങ്ങള്‍. അമ്മായിയപ്പനും മരുമകനുമായിട്ടാണ് ഇവര്‍ അഭിനയിക്കുന്നത്. ഇവരുടെ കളികളാണ് സിനിമയുടെ ചൂടും ചൂരും.’ സിന്ധുരാജ് കാന്‍ചാനലിനോട് പറഞ്ഞു.
തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അനഘ നാരായണനാണ് നായിക. അജു വര്‍ഗ്ഗീസ്, ബൈജു സന്തോഷ്, സാദിഖ്, വനിത കൃഷ്ണചന്ദ്രന് തുടങ്ങിയവരും താരനിരയിലുണ്ട്. ചിത്രത്തിന് ടൈറ്റില്‍ ആയിട്ടില്ല.
സപ്തതരംഗ് ക്രിയേഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. മനോജ് പിള്ളയാണ് ക്യാമറാമാന്. ഡിക്സണ്‍ പൊഡുത്താസ് പ്രൊഡക്ഷന്‍ കണ്‍ട്രോളറാകുന്ന ചിത്രത്തിനുവേണ്ടി കലാസംവിധാനം നിര്‍വ്വഹിക്കുന്നത് അര്‍ക്കനും വസ്ത്രാലങ്കാരം ഒരുക്കുന്നത് സമീറാ സനീഷുമാണ്. ഷാന്‍ റഹ്മാനാണ് സംഗീതസംവിധായകന്. ഹരി തിരുമലയാണ് നിശ്ചയ ഛായാഗ്രാഹകന്‍.
Recent Comments