സുരാജ് വെഞ്ഞാറമൂട് ടൈറ്റില്‍ ക്യാരക്ടര്‍ അവതരിപ്പിച്ച സവാരിക്കുശേഷം അശോക് നായര്‍ സംവിധാനം ചെയ്ത ചിത്രമാണ് നീലരാത്രി. ആദ്യ സിനിമയില്‍നിന്ന് വ്യത്യസ്തമായി ഏറെ സവിശേഷതകളളോടെയാണ് അദ്ദേഹത്തിന്റെ നീലരാത്രി ഒരുങ്ങുന്നത്. മലയാളമടക്കം ഇന്ത്യയിലെ 12 ഭാഷകളിലായിട്ടാണ് ഈ സിനിമ പൂര്‍ത്തിയാകുന്നത്. ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്ക് പേരോ ഏതെങ്കിലും ഒരു പ്രദേശത്തിന്റെ ഡ്രസ്സ് കോഡോ, അവിടുത്തെ ഭൂപ്രകൃതിയെ അടയാളപ്പെടുത്തുന്ന നെയിം ബോര്‍ഡുകളോ ഒന്നും ചിത്രത്തിലുണ്ടാകില്ല. അതുകൊണ്ടുതന്നെ ഏത് ദേശത്തുള്ളവര്‍ക്കും അതവരുടെ കഥയാണെന്നും തോന്നും.
‘ചെയ്യുന്ന സിനിമകളില്‍ എന്തെങ്കിലും പ്രത്യേകത വേണമെന്ന് നിര്‍ബ്ബന്ധമുള്ളതുകൊണ്ടാണ് സവാരിക്കുശേഷം രണ്ടര വര്‍ഷത്തോളം ഞാന്‍ കാത്തിരുന്നത്.’ സംവിധായകന് അശോക് നായര്‍ പറയുന്നു.
‘ഒരു ഐടി പ്രൊഫഷണലിന്റെ ജീവിതത്തിലൂടെയാണ് ഈ കഥ പറയുന്നത്. തിരക്കുപിടിച്ച തന്റെ ഔദ്യോഗിക ജീവിതത്തിനിടയില്‍ സ്വന്തം കുടുംബത്തിലെ കൊച്ചുകൊച്ചു സന്തോഷങ്ങള്‍പോലും അയാള്‍ കാണുന്നില്ല, ശ്രദ്ധിക്കുന്നില്ല. അതൊക്കെ തിരിച്ചറിയുമ്പോഴേക്കും തിരിച്ചുപിടിക്കാന്‍ കഴിയാത്തവിധം നഷ്ടപ്പെട്ടിട്ടുണ്ടാവും. രാത്രി ഏഴ് മണിക്ക് തിരക്കേറിയ ഒരു ട്രാഫിക് സിഗ്നലില്‍നിന്ന് ആരംഭിച്ച് പിറ്റേന്ന് രാവിലെവരെയുള്ള ഒരു ചെറുപ്പക്കാരന്റെ യാത്രയിലൂടെയാണ് സിനിമയുടെ കഥ പറയുന്നത്. ആ ചെറുപ്പക്കാരന്റെ കഥാപാത്രത്തിനുപോലും പേരില്ല. അയാളെ അവതരിപ്പിക്കുന്നത് ഭഗത് മാനുവലാണ്. ഭഗതിന്റെ ഒറ്റയാള്‍ പ്രകടനമാണ് ഈ ചിത്രം. ഗംഭീര പ്രകടനമാണ് അയാളിതില്‍ കാഴ്ചവച്ചിരിക്കുന്നത്.’ അശോക് പറഞ്ഞു.
വൈഗ, ഹിമശങ്കരി, വിനോദ് കുമാര്‍, സുമേഷ്, വേദിക തുടങ്ങിയവരും ഈ ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പൂര്‍ണ്ണമായും രാത്രിയിലാണ് ചിത്രം ഷൂട്ട് ചെയ്തത്. 23 ദിവസംകൊണ്ട് ചിത്രീകരണം പൂര്‍ത്തിയായി. ഇപ്പോള്‍ എഡിറ്റിംഗ് നടന്നുവരുന്നു.
‘ഫസ്റ്റ് കോപ്പി മെയ് 10 നുമുമ്പ് പൂര്‍ത്തിയാക്കണം. അതിനുശേഷമേ ചിത്രത്തിന്റെ റിലീസിനെക്കുറിച്ച് ആലോചിക്കുന്നുള്ളൂ.’ അശോക് പറഞ്ഞു.
ഡബ്ല്യു.ജെ. പ്രൊഡക്ഷന്റെ ബാനറില്‍ ജോബി മാത്യുവാണ് നീലരാത്രി നിര്‍മ്മിക്കുന്നത്. ഭഗത് മാനുവലിന്റെ ഭാര്യ ഷെലിന് ഭഗത് ആണ് കോ-പ്രൊഡ്യൂസര്‍. ഷെലിന് ഇത് ആദ്യമായിട്ടാണ് ഒരു നിര്‍മ്മാണ സംരംഭത്തില്‍ പങ്കാളിയാകുന്നത്.
Recent Comments