ദിലീപിനെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്ത കേശു ഈ വീടിന്റെ നാഥന് എന്ന ചിത്രത്തിന്റെ ഡിജിറ്റല്‍-സാറ്റ്ലൈറ്റ് റൈറ്റ്സ് വിറ്റുപോയത് 37 കോടിക്കായിരുന്നു. ഒരു നാദിര്‍ഷ-ദിലീപ് ചിത്രത്തിന് ലഭിച്ച ഡിജിറ്റല്‍ റൈറ്റ്സിന്റെ ഏറ്റവും ഉയര്‍ന്ന തുക ഇതായിരിക്കെ, ഇപ്പോള്‍ നാദിര്ഷതന്നെ സംവിധാനം ചെയ്ത ഈശോയും മറ്റൊരു റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. ഒരു ജയസൂര്യ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയ്ക്കാണ് ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് വിറ്റുപോയിരിക്കുന്നത്. തുക എത്രയാണെന്ന് നിര്‍മ്മാതാവ് അരുണ്‍ നാരായണന് വെളിപ്പെടുത്തിയിട്ടില്ല. സോണി ലിവ് ആണ് ഈശോയുടെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. നാല് ദിവസം മുമ്പ് സോണിലിവ് പ്രതിനിധികള്‍ ഈശോയുടെ പ്രദര്‍ശനം കണ്ടിരുന്നു. സിനിമ അവര്‍ക്ക് ഇഷ്ടമാവുകയും ചെയ്തു. ഈശോയുടെ നിര്‍മ്മാതാവ് ആവശ്യപ്പെട്ട തുക അതേപടിതന്നെ അവര്‍ അംഗീകരിക്കുകയായിരുന്നു. ഇതിനോടൊപ്പം ചിത്രത്തിന്റെ ഹിന്ദി റൈറ്റ്സും സോണി ലിവ് സ്വന്തമാക്കിയിട്ടുണ്ട്.
ഈശോയുടെ തുടക്കം തന്നെ വിവാദങ്ങളോടെയായിരുന്നു. ടൈറ്റിലുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങള്നടക്കുന്നതിനിടെ അത് ഒഴിവാക്കണമെന്ന ആവശ്യം ശക്തമായി. എന്നാല്‍ നാദിര്‍ഷയടക്കം ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ല. പിന്നീട് ചിത്രത്തിന്റെ ടീസറും വിവാദങ്ങള്‍ വരുത്തിവച്ചു. ഈ പശ്ചാത്തലത്തില്‍ ചിത്രത്തിന്റെ ബിസിനസ്സ് നടക്കാനുള്ള സാധ്യത കുറവാണെന്ന വിലയിരുത്തല്‍ പൊതുവെ ഉണ്ടായിരുന്നു. ആ നിഗമനങ്ങളെയൊക്കെ തെറ്റിച്ചാണ് സോണി ലിവ് ഏറ്റവും ഉയര്‍ന്ന തുകയ്ക്കുതന്നെ ഈശോയെ സ്വന്തമാക്കിയത്.
ജയസൂര്യ, നമിത പ്രമോദ്, ജാഫര്‍ ഇടുക്കി, ജോണി ആന്റണി തുടങ്ങിയവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബാദുഷയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.
Recent Comments