മിമിക്രി കലാകാരന്മാരുടെ സംഘടനയായ ‘മാ’യുടെ ധനശേഖരണാര്‍ത്ഥം സൂര്യ ടി.വിയുമായി ചേര്‍ന്ന് മാമാങ്കം എന്നൊരു പരിപാടി ഞങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഒരിക്കല്‍ ആ പരിപാടിയില്‍ വിശിഷ്ടാതിഥിയായി എത്തിയത് സുരേഷ്ഗോപി ചേട്ടനായിരുന്നു. അന്ന് ആ വേദിയില്‍വച്ച് അദ്ദേഹം ഒരു പ്രഖ്യാപനം നടത്തി. താനിനി അഭിനിയിക്കുന്ന സിനിമകളുടെ അഡ്വാന്‍സ് കൈപറ്റുമ്പോള്‍ അതില്‍നിന്നൊരു വിഹിതം ‘മാ’യ്ക്ക് നല്‍കുമെന്നായിരുന്നു അത്. ഞാന്‍ അടക്കമുള്ള പലരും അതത്ര കാര്യമായി എടുത്തില്ല. എന്നാല്‍ കുറച്ച് നാളുകള്‍ക്കുമുമ്പ് ഞങ്ങളെയൊക്കെ ഞെട്ടിച്ചുകൊണ്ട് അദ്ദേഹം സംഘടനയുടെ ഓഫീസിലേയ്ക്ക് രണ്ട് ലക്ഷം രൂപയുടെ ചെക്ക് അയച്ചിരുന്നു. ജിബു ജേക്കബ്ബ് സംവിധാനം ചെയ്യുന്ന ‘മേം ഹും മൂസ’ എന്ന ചിത്രത്തിന്റെ അഡ്വാന്‍സ് കൈപറ്റിയതിന് പിന്നാലെയായിരുന്നു ആ ചെക്ക് അയച്ചത്. സത്യത്തില്‍ ഞങ്ങള്‍ക്കെല്ലാം അതൊരു അത്ഭുതമായിരുന്നു. വീണ്ടും ഇതാ ഒരിക്കല്‍കൂടി അദ്ദേഹം ഞങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. സുരേഷേട്ടന് ഇന്ന് രാവിലെ എന്നെ വിളിച്ചിരുന്നു. ഡെല്‍ഹിയില്‍നിന്ന് കൊച്ചിയിലേയ്ക്ക് വന്നുകൊണ്ടിരിക്കുകയാണെന്നും എന്നോട് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ എത്താനും പറഞ്ഞു. ഒറ്റക്കൊമ്പന്റെ അഡ്വാന്‍സ് കിട്ടിയിട്ടുണ്ടെന്നും അതില്‍നിന്ന് രണ്ട് ലക്ഷം രൂപയുടെ ചെക്ക് ‘മാ’യ്ക്ക് തരാന്‍ കൈവശമുണ്ടെന്നും അത് ഏറ്റുവാങ്ങാന്‍ എയര്‍പോര്‍ട്ടില്‍ എത്തണമെന്നുമാണ് സുരേഷേട്ടന് പറഞ്ഞിരിക്കുന്നത്. ഞാന്‍ സംവിധായകന് മാര്ത്താണ്ഡനോടൊപ്പം എയര്‍പോര്‍ട്ടിലെത്തി. അവിടെവച്ച് സുരേഷേട്ടന് ആ ചെക്ക് ഞങ്ങള്‍ക്ക് കൈമാറി.
പ്രവൃത്തിയും കര്‍മ്മവും തമ്മില്‍ ഒരു ബന്ധമില്ലാത്ത ആളുകളെയാണ് നാമിതുവരെ കണ്ടിട്ടുള്ളൂ. എന്നാല്‍ താന്‍ വെറുംവാക്ക് പറയില്ലെന്ന് ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുകയാണ് സുരേഷേട്ടന്. അസാധാരണ നിശ്ചയദാര്‍ഢ്യമുള്ള നേതാവാണ് അദ്ദേഹം. ഈശ്വരന് അദ്ദേഹത്തിന് ഇനിയും കൂടുതല്‍ അവസരങ്ങള്‍ സിനിമയില്‍ നല്കട്ടെ. അതിലല്‍പ്പം സ്വാര്‍ത്ഥത ഉണ്ടെന്നത് ശരിയാണ്. എങ്കിലും സുരേഷേട്ടനെപോലെ നല്ല മനസ്സുള്ളവര്‍ ഇന്‍ഡസ്ട്രിയില്‍ നിറഞ്ഞുതന്നെ വാഴണം.
Recent Comments