മലയാളത്തിലെ എക്കാലത്തേയും സൂപ്പര്‍ഹിറ്റ് സിനിമകളിലൊന്നായ സമ്മര്‍ ഇന്‍ ബത്ലേഹമിന്റെ രണ്ടാംഭാഗത്തെ ചൊല്ലിയുള്ള കൊണ്ടുപിടിച്ച ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിക്കൊണ്ടിരിക്കുന്നത്. നിര്‍മ്മാതാവ് സിയാദ് കോക്കറാണ് ഇത് സംബന്ധിച്ച ആദ്യ സൂചനകള്‍ പുറംലോകത്തെത്തിച്ചത്. ഇതിന്റെ കൂടുതല്‍ വ്യക്തത തേടിയാണ് സംവിധായകന് സിബി മലയിലിനെ നേരിട്ട് വിളിച്ചതും.
‘കുറച്ച് നാളുകള്‍ക്ക് മുമ്പ് സംഗീത സംവിധായകന് വിദ്യാസാഗര്‍ എന്നെ വിളിച്ചിരുന്നു. അടുത്ത വര്‍ഷം (2023) സമ്മര്‍ ഇന്‍ ബത്ലഹേം പ്രദര്‍ശനത്തിനെത്തിയിട്ട് 25 വര്‍ഷം തികയുകയാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഇതിനോടനുബന്ധിച്ച് ചിത്രത്തിലെ പാട്ടുകള്‍ റീമിക്സ് ചെയ്ത് ഒരു വീഡിയോ രൂപത്തിലാക്കി അവതരിപ്പിക്കുന്നത് നന്നായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സത്യത്തില്‍ അവിടെനിന്നാണ് സമ്മര്‍ ഇന്‍ ബത്ലഹേമിന്റെ രണ്ടാംഭാഗം എന്നൊരു ആശയം രൂപപ്പെടുന്നത്. ഈ വിവരം നിര്‍മ്മാതാവ് സിയാദ് കോക്കറിനോടും സൂചിപ്പിച്ചു. സിയാദ് തിരക്കഥാകൃത്ത് രഞ്ജിത്തിനെ (സമ്മര്‍ ഇന്‍ ബത്ലഹേമിന്റെ തിരക്കഥാകൃത്താണ് രഞ്ജിത്ത്) വിളിച്ച് കാര്യം പറഞ്ഞു. നോക്കാമെന്ന് മാത്രമാണ് അദ്ദേഹവും പ്രതികരിച്ചത്. സമ്മര്‍ ഇന്‍ ബത്ലഹേമം പോലൊരു സിനിമയ്ക്ക് രണ്ടാംഭാഗം ഉണ്ടാകുന്നുവെങ്കില്‍ തീര്‍ച്ചയായും പ്രേക്ഷകര്‍ ഏറെ പ്രതീക്ഷ അതിനുമേല്‍ വെച്ചുപുലര്‍ത്തും. അതുകൊണ്ടുതന്നെ ആദ്യഭാഗത്തേക്കാളും ഗംഭീരമായൊരു കഥ അതിനുണ്ടാകണം. അങ്ങനെയൊരു കഥ ഉണ്ടായാല്‍ സമ്മര്‍ ഇന്‍ ബത്ലഹേമിനൊരു രണ്ടാംഭാഗം ഉണ്ടാകും. അല്ലെങ്കില്‍ അതൊരു സ്വപ്നമായി അവശേഷിക്കും.’ സിബി മലയില്‍ കാന്‍ ചാനലിനോട് പറഞ്ഞു.
Recent Comments