രണ്ട് കൊല്ലങ്ങള്‍ക്ക് മുമ്പുവരെ, സിനിമയുടെ ആഡിയോ ലോഞ്ചും ഒരു ആഘോഷമായിരുന്നു. കൊറോണയുടെ വരവിനെത്തുടര്‍ന്ന് നഷ്ടപ്പെട്ടത് അത്തരം ചില ആഘോഷങ്ങള്‍ കൂടിയാണ്. അതിനൊരു അവസാനം ഉണ്ടായത് രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണെന്ന് പറയാം. കാരണം പ്രദര്‍ശനത്തിനൊരുങ്ങുന്ന മേരി ആവാസ് സുനോയുടെ ആഡിയോ ലോഞ്ച് ആഘോഷിക്കപ്പെട്ടത് അന്നാണ്. അതും പ്രൗഢഗംഭീരമായ ഒരു സദസ്സിന് മുന്നില്‍വച്ച്.
‘ശബ്ദത്തിനും സംഗീതത്തിനും ഏറെ പ്രാധാന്യമുള്ള സിനിമയാണിത്.’ മേരി ആവാസ് സുനോയുടെ സംവിധായകന് പ്രജേഷ് സെന്‍ തന്റെ ചലച്ചിത്രത്തെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്.
ഒരു റേഡിയോ ജോക്കിയുടെ കഥയാണിത്. റേഡിയോ ജോക്കിയെ സംബന്ധിച്ചിടത്തോളം അയാളുടെ ശബ്ദത്തിനാണ് മൂല്യം. പിന്നെ ഇടവേളകളിലെത്തുന്ന സംഗീതവും. അങ്ങനെ നോക്കിയാല്‍ പ്രജേഷിന്റെ വ്ാക്കുകള്‍ അക്ഷരംപ്രതി ശരിയാണ്. ചിത്രത്തിലെ റേഡിയോ ജോക്കിയെ അവതരിപ്പിക്കുന്നത് ജയസൂര്യയാണ്. ക്യാപ്റ്റനും വെള്ളത്തിനും ശേഷം പ്രജേഷിനൊപ്പമുള്ള ജയന്റെ മൂന്നാമത്തെ ചിത്രം.
നാല് പാട്ടുകളാണ് ചിത്രത്തിലുള്ളത്. ഹരിനാരായണന്റെ വരികള്‍ക്ക് എം. ജയചന്ദ്രനാണ് സംഗീതം നല്‍കിയിരിക്കുന്നത്. ആഡിയോ ലോഞ്ചില്‍വച്ച് ഈ പാട്ടുകളെയെല്ലാം പരിചയപ്പെടുത്തിയിരുന്നു. എന്നാല്‍ അവര്‍ രഹസ്യമാക്കിവച്ചിരുന്ന ഒരു പാട്ട് കൂടി ഉണ്ട്. ആ പാട്ടുവിശേഷം കാന്‍ ചാനലുമായി പങ്കുവച്ചതും പ്രജേഷ് സെന്നാണ്.
‘നാല്‍പ്പത് വര്‍ഷം മുമ്പ് ഐ.വി. ശശി സാര്‍ സംവിധാനം ചെയ്ത ഇണ എന്ന ചിത്രത്തിനുവേണ്ടി കൃഷ്ണചന്ദ്രന്സാറാണ് ‘വെള്ളിച്ചില്ലും വിതറി… തുള്ളി തുള്ളി ഒഴുകും…’ എന്ന് തുടങ്ങുന്ന ഗാനം പാടിയത്. ബിച്ചു തിരുമലയുടെ വരികള്‍ക്ക് എ.ടി. ഉമ്മര്‍ ഈണം പകര്‍ന്ന പാട്ടാണത്. ഈ ഗാനം മേരി ആവാസ് സുനോയില്‍ ഒരു കവര്‍ സോങായി ഞങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ചിത്രത്തിലെ ഒരു പാര്‍ട്ടി സോങിന് പറ്റിയ പാട്ടെന്ന നിലയിലാണ് ഞാന്‍ ഈ ഗാനം നിര്‍ദ്ദേശിച്ചത്. കാരണം ആ പാട്ട് എനിക്ക് അത്രയ്ക്ക് പ്രിയപ്പെട്ടതാണ്. സൈന ആഡിയോസില്നിന്ന് റൈറ്റ്സ് വാങ്ങിയശേഷമാണ് കൃഷ്ണചന്ദ്രന്സാറിനെ വിളിച്ചത്. ആവശ്യമറിയിച്ചപ്പോള്‍ സന്തോഷത്തോടെ അദ്ദേഹം സമ്മതം അറിയിച്ചു. തിരുവനന്തപുരത്തുള്ള ഒരു സ്റ്റുഡിയോയില്‍ വന്ന് അതിമനോഹരമായി പാടുകയും ചെയ്തു. ഈ പാട്ടുരംഗത്ത് ജയനും ജോണി ആന്റണിയുമൊക്കെയാണുള്ളത്. സിനിമയിലെ ഈ ഗാനവും ശ്രദ്ധിക്കുമെന്ന് എനിക്കുറപ്പുണ്ട്.’ പ്രജേഷ് സെന്‍ പറഞ്ഞു.
യൂണിവേഴ്സല്‍ സിനിമാസിന്റെ ബാനറില്‍ ബി. രാജേഷാണ് മേരി ആവാസ് സുനോ നിര്‍മ്മിക്കുന്നത്. മഞ്ജുവാര്യരും ശിവദയുമാണ് നായികനിരയിലുള്ളത്. മെയ് 13 ന് ചിത്രം തിയേറ്ററില്‍ പ്രദര്‍ശനത്തിനെത്തും. ഈസ്റ്റ് കോസ്റ്റ് ആഡിയോസാണ് ഇതിലെ ഗാനങ്ങള്‍ വിപണിയിലെത്തിക്കുന്നത്.
Recent Comments